മൂവാറ്റുപുഴ കേസിൽ പ്രതിയായ അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിൻ്റെ ശ്രമം
എറണാകുളത്ത് സിഎസ്ആർ ഫണ്ടിൻ്റെ പേരിൽ തട്ടിപ്പ് നടന്ന കേസിൽ അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്കും നീളുന്നു. പലയിടങ്ങളിലും പ്രതി അനന്തുകൃഷ്ണൻ സംഘടിപ്പിച്ച പരിപാടികളിൽ ഉദ്ഘാടകരായി എത്തിയത് കോൺഗ്രസ് നേതാക്കളാണ്. പറവൂരിൽ മാത്രം ആയിരത്തിലധികം പേർ തട്ടിപ്പിനിരയായിട്ടുണ്ട് എന്നാണ് വിവരം.
അതേസമയം, കേസിൻ്റെ അന്വേഷണം ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും സൂചനയുണ്ട്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാകും ഇത്. കൂടുതൽ ഇടങ്ങളിൽ നിന്നും പരാതി ലഭിക്കുന്നതായും റിപ്പോർട്ടുണ്ട്.
മൂവാറ്റുപുഴ കേസിൽ പ്രതിയായ അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിൻ്റെ ശ്രമം. ഇതിനായി അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ALSO READ: പകുതി വിലയ്ക്ക് ടൂവീലർ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ; തൊടുപുഴ സ്വദേശി അറസ്റ്റിൽ
മൂവാറ്റുപുഴയിൽ പകുതി വിലയ്ക്ക് ടൂവീലർ നൽകാം എന്ന് വാഗ്ദാനം നൽകി ഒൻപത് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയാണ് തൊടുപുഴ സ്വദേശി ചൂരക്കുളങ്ങര വീട്ടിൽ അനന്തു കൃഷ്ണൻ. ഫെബ്രുവരി ഒന്നിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോടികളുടെ തട്ടിപ്പ് ഇയാൾ നടത്തിയത് കണ്ടെത്തിയെന്ന് മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. മൂവാറ്റുപുഴ ബ്ലോക്കിന് കീഴിൽ സൊസൈറ്റി ഉണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 62 സീഡ് സൊസൈറ്റികൾ മുഖേനയാണ് അനന്തു കൃഷ്ണൻ തട്ടിപ്പ് നടത്തിയത്.