കോട്ടയം ജില്ലയിൽ ഏറ്റവും അധികം കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷനാണ് ഏറ്റുമാനൂർ
കോട്ടയം ഏറ്റുമാനൂരിൽ പിഞ്ചു കുഞ്ഞുങ്ങളെ കൂട്ടി അമ്മമാർ നടത്തിയ രണ്ട് ആത്മഹത്യകൾ, മനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. രണ്ട് കേസുകളിലും ചേതനയറ്റ പിഞ്ചു ശരീരങ്ങളെ ഏറ്റുവാങ്ങേണ്ടി വന്ന ഒരു 'അച്ഛന്റെ' വേദന നാമറിയേണ്ടതുണ്ട്. മറ്റാരുമല്ലത്, കേസ് നടപടികൾക്ക് നേതൃത്വം നൽകിയ ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ അൻസൽ എ.എസ്. ഇൻക്വസ്റ്റ് മേശയിലേക്ക് നാല് പിഞ്ചു ശരീരങ്ങൾ എടുത്തുകിടത്തുമ്പോൾ ആ ഉദ്യോഗസ്ഥന്റെ മനസ്സിൽ മൂന്നും അഞ്ചും വയസായ തന്റെ സ്വന്തം മക്കളുടെ രൂപമാണ് തെളിഞ്ഞത്.
Also Read: പി.ജി. മനുവിന്റെ മരണം; മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയി അറസ്റ്റില്‍
"രണ്ട് മാസംമുൻപ് ചിതറി തെറിച്ച ഷൈനിയും രണ്ട് കുഞ്ഞു ശരീരങ്ങളും, മെഡിക്കൽ കോളേജ് ഇൻക്വസ്റ്റ് ടേബിളിൽ ആ ശരീരഭാഗങ്ങൾ പെറുക്കി വെച്ച് ഇൻക്വസ്റ്റ് നടത്തുമ്പോൾ എന്റെ സിദ്രുവിന്റെയും അയനയുടെയും മുഖങ്ങൾ മനസിൽ മാറി വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം. ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞ്ഞു. ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും രണ്ട് കുട്ടികളും കാരിത്താസ് ഹോസ്പിറ്റലിൽ ആ ചെറിയ മകളുടെ ചേതന അറ്റ കുഞ്ഞു മുഖം മനസിൽ നിന്നും പോകുന്നില്ല. ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥ...." ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ അൻസൽ എ.എസ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആണിത്. അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ നിന്ന് മാറി ഒരു അച്ഛന്റെ മാനസില്‍ നിന്ന് വന്ന കുറിപ്പ്.
കോട്ടയം ജില്ലയിൽ ഏറ്റവും അധികം കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷനാണ് ഏറ്റുമാനൂർ. ജനുവരി ഒന്നു മുതൽ ഇതുവരെ വന്നത് 800 അധികം കേസുകളാണ്. അതിൽ 500ല്‍ ഏറെയും കുടുംബ പ്രശ്നങ്ങൾ. മദ്യപാനവും ലഹരിയും കുടുംബങ്ങളെ തകർക്കുന്നത് ഒരുപാട് കണ്ടവരാണ് അൻസൽ ഉൾപ്പെടെയുള്ള ഇവിടത്തെ പൊലീസ് ഉദ്യോഗസ്ഥർ. പ്രശ്നങ്ങൾ നിലനിൽക്കുന്ന ഓരോ കുടുംബത്തിനും ഓരോ നോട്ടുബുക്ക് എസ്.എച്ച്.ഓ ഇവിടെ കരുതിയിട്ടുണ്ട്. ചേട്ടൻ ഇപ്പോൾ കുഴപ്പമില്ല സാറേ എന്ന് ഭാര്യ വന്ന് പറയുന്നതുവരെ പ്രശ്നക്കാരായ ഭർത്താക്കന്മാർ ദിനംപ്രതി ഇവിടെയെത്തി അതാത് നോട്ടുബുക്കുകളിൽ ഒപ്പുവയ്ക്കണം. ഈ ശീലം തുടരുന്നതിനാൽ നിരവധി കുടുംബങ്ങൾ സമാധാനം അറിഞ്ഞതായും ഏറ്റുമാനൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കലെങ്കിലും സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു എങ്കിൽ തുടർച്ചയായി ഇക്കഴിഞ്ഞ മാസങ്ങളിലായി ഉണ്ടായ രണ്ട് ആത്മഹത്യകളും ഉണ്ടാകില്ലായിരുന്നുവെന്ന് ഇവിടത്തെ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
Also Read: പാലക്കാട്ടെ പൊലീസിന് സംഘി പ്രീണനമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം
പൊലീസ് സ്റ്റേഷനോടുള്ള പൊതുജനങ്ങളുടെ മനോഭാവത്തിൽ വ്യത്യാസം വരണമെന്നും മറ്റ് സർക്കാർ ഉദ്യോഗസ്ഥരെ പോലെ തന്നെ പൊതുജന സേവകരാണ് തങ്ങളെന്നും ജനങ്ങൾ ഓർക്കണം എന്നാണ് അൻസൽ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പറയാനുള്ളത്.