തിരിച്ചടയ്ക്കാൻ പറ്റുന്ന വായ്പകളെ സഖാക്കൾ എടുക്കാൻ പാടുള്ളൂവെന്ന് നിർദേശം
സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത പാർട്ടി സഖാക്കൾ പണം തിരിച്ചടയ്ക്കുന്നില്ലെന്ന് സിപിഐഎം രേഖ. കോടികൾ വായ്പ എടുത്തിട്ടും തിരിച്ചടയ്ക്കാത്തതായി പരാതികൾ ഉണ്ട്. തിരിച്ചടയ്ക്കാൻ പറ്റുന്ന വായ്പകളെ സഖാക്കൾ എടുക്കാൻ പാടുള്ളൂ, വായ്പ എടുത്ത് കുടിശ്ശിക വരുത്തിയ പാർട്ടി സഖാക്കള്‍ തുക അടച്ചു തീര്‍ക്കണമെന്നും പാർട്ടി രേഖയിൽ നിർദേശിക്കുന്നു. സഹകരണ മേഖലയിൽ വരുത്തേണ്ട തിരുത്തലുകളെ കുറിച്ച് പ്രതിപാദിക്കുന്ന പാർട്ടി രേഖയിലാണ് സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത പാർട്ടി സഖാക്കൾ പണം തിരിച്ചടയ്ക്കുന്നില്ലെന്ന് വ്യക്തമാക്കുന്നത്.
വലിയ തുക വായ്പ എടുക്കുന്ന പാർട്ടി പ്രവർത്തകർ കമ്മിറ്റികളുടെ സമ്മതം വാങ്ങണമെന്നും സിപിഎമ്മിൻ്റെ കർശന നിര്‍ദേശത്തിൽ പറയുന്നു. ഇതിൽ ലംഘനമുണ്ടായാൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നതാണ് രേഖ. ഓരോ ഏരിയയിലും സഹകരണ രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള പരിശോധനാ സംവിധാനങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. ഇതിൻ്റെ കൃത്യമായ പരിശോധന ഉണ്ടാവുകയും, അവ കമ്മിറ്റികൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.
READ MORE: സിപിഐ നിലപാടിൽ മാറ്റമില്ല, എഡിജിപിയെ മാറ്റണം: മന്ത്രി കെ. രാജൻ
സഹകരണ രംഗവുമായി ബന്ധപ്പെട്ട് പാർട്ടി അംഗങ്ങളും നേതാക്കളും നടത്തുന്ന സാമ്പത്തിക തിരിമറികൾ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള തിരുത്തൽ നടപടിയുടെ ഭാഗമായാണ് ഈ നിർദ്ദേശങ്ങൾ. കരുവന്നൂർ അടക്കം സഹകരണബാങ്കുകളിലെ ക്രമക്കേടുകൾ പാർട്ടിയെ ദോഷകരമായി ബാധിച്ചെന്ന തിരിച്ചറിവിലാണ് സഹകരണ ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം ഏർപ്പെടുത്താൻ പാർട്ടി നേതൃത്വത്തെ നിർബന്ധിതമാക്കുന്നത്. ബിജെപി ഭരിക്കുന്ന തിരുവിതാംകൂർ സഹകരണ സംഘത്തിലെ തട്ടിപ്പും, കോൺഗ്രസ് ഭരിക്കുന്ന സംഘങ്ങളിലെ തട്ടിപ്പുകളും ചൂണ്ടികാണിച്ച് പ്രക്ഷോഭ രംഗത്തിറങ്ങാൻ പാർട്ടിക്ക് തടസമാകുന്നത് സമാനമായ രീതിയിലെ കുറ്റകൃത്യങ്ങളിൽ പാർട്ടി സഖാക്കൾ ഏർപ്പെടുന്നത് കൊണ്ടാണെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് പാർട്ടി രേഖയിലൂടെ കർശന മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്.
READ MORE: തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണം അട്ടിമറിച്ചത് പൊലീസ്: രൂക്ഷ വിമർശനവുമായി വി എസ് സുനിൽകുമാർ