വിലങ്ങാട് ദുരന്തത്തിൽ സർക്കാരിൻ്റെ ഇടപെടൽ കാര്യക്ഷമമായി തന്നെ ഉണ്ടാകുമെന്ന് നാദാപുരം എംഎൽഎ ഇ.കെ. വിജയൻ അറിയിച്ചു
വിലങ്ങാടിലുണ്ടായ ഉരുൾപൊട്ടലിൻ്റെ ദൃശ്യം
ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് വീണ്ടും മണ്ണിടിച്ചിൽ. ഇന്ന് പുലർച്ചെ ഉണ്ടായ അതിശക്തമായ മഴയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. 20 ഓളം കുടുംബങ്ങളെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
നേരത്തെ മണ്ണിടിച്ചിലുണ്ടായ വിലങ്ങാട് മഞ്ഞച്ചീളിയിൽ തന്നെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. നേരത്തെ ഉരുൾപൊട്ടലുണ്ടായ സമയത്ത് കാണിച്ച അതേ ജാഗ്രത തന്നെയാണ് നാട്ടുകാർ ഇപ്പോഴും കാണിച്ചിരിക്കുന്നത്. മഞ്ഞചീളി മേഖലയിലെ കുടുംബങ്ങളെ സുരക്ഷിത സ്ഥങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
വിലങ്ങാട് പാരിഷ് ഹാളിലേക്കാണ് കുടുംബങ്ങളെ മാറ്റിയത്. ശക്തമായ പേമാരിയിൽ വിലങ്ങാട് ടൗണ്‍ പാലം വീണ്ടും വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള വാഹന ഗതാഗതവും പൂര്‍ണമായി നിലച്ചിരുന്നു. ഇനിയൊരു ദുരന്തത്തെ നേരിടാൻ ആവില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം വിലങ്ങാട് ദുരന്തത്തിൽ സർക്കാരിൻ്റെ ഇടപെടൽ കാര്യക്ഷമമായി തന്നെ ഉണ്ടാകുമെന്ന് നാദാപുരം എംഎൽഎ ഇ.കെ. വിജയൻ അറിയിച്ചു. വിലങ്ങാട് മലവെള്ളപ്പാച്ചിൽ ഉണ്ടായപ്പോൾ തന്നെ എല്ലാവരെയും മാറ്റിപ്പാർപ്പിച്ചെന്നും ഇവർക്ക് വാടക വീടുകൾ കണ്ടെത്തുമെന്നും എംഎൽഎ വ്യക്തമാക്കി. 23 കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിച്ചത്. താൽക്കാലിക പുനരധിവാസം നാളെ കൊണ്ട് പൂർത്തിയാക്കും.വിലങ്ങാടിന് സഹായങ്ങൾ നൽകുന്നവർ പഞ്ചായത്തിന്റെ ജനകീയ കമ്മിറ്റി മുഖേന ലഭ്യമാക്കണം. അടിയന്തര സഹായം നൽകണമെന്ന കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.