fbwpx
കൊല്‍ക്കത്തയിലെ ബലാത്സംഗക്കൊല: കോടതി നീതി പുലര്‍ത്തിയില്ല; ഇരയുടെ കുടുംബം ഹൈക്കോടതിയിലേക്ക്
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Jan, 2025 04:17 PM

കോടതി നീതി പുലര്‍ത്തിയില്ലെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.

NATIONAL


കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിലെ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്കതെിരെ ഹൈക്കോടതിയെ സമീപിക്കാന്‍ കുടുംബം. കോടതി നീതി പുലര്‍ത്തിയില്ലെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. 

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിയായ സഞ്ജയ് റോയ്ക്ക് മരണം വരെ തടവും 50,000 രൂപ പിഴയുമായിരുന്നു വിധിച്ചിരുന്നത്. സിയാല്‍ദാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി അനിര്‍ബന്‍ ദാസാണ് വിധി പ്രസ്താവിച്ചത്. അതേസമയം പ്രതിക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

അതേസമയം ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം കോടതിയ്ക്ക് ഉണ്ടെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 17 ലക്ഷം രൂപ നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുടുംബം ഈ തുക വേണ്ടെന്ന് പറയുകയായിരുന്നു.


ALSO READ: കൊൽക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല: പ്രതി സഞ്ജയ് റോയ്‌ക്ക് മരണംവരെ തടവ്


ഒക്ടോബര്‍ 7 നാണ് പ്രതി സഞ്ജയ് റോയ്ക്കെതിരെയുള്ള കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ ആരംഭിച്ച് 59 ദിവസങ്ങള്‍ക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്. നവംബര്‍ 12 ന് ആരംഭിച്ച രഹസ്യ വിചാരണയില്‍ ജനുവരി 9 നാണ് വാദം കേള്‍ക്കല്‍ അവസാനിച്ചത്. 128 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ജനുവരി 18ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

രാവിലെ 10.30നാണ് സഞ്ജയ് റോയ്യെ ജയിലില്‍ നിന്നും കോടതിയില്‍ എത്തിച്ചത്. അനിഷ്ട സംഭവങ്ങള്‍ തടയാനായി 500ഓളം പൊലീസുകാരെയാണ് സിയാല്‍ദാ കോടതി പരിസരത്ത് വിന്യസിച്ചിരുന്നത്. സുരക്ഷ കണക്കിലെടുത്ത് അടച്ച കോടതിയിലാണ് വിധി പറഞ്ഞത്. പ്രതിക്ക് പറയാനുള്ളത് ശിക്ഷ വിധിക്കുന്നതിന് മുന്‍പ് കേള്‍ക്കാമെന്ന് കോടതി പറഞ്ഞിരുന്നു. അതിന് അനുമതിയും നല്‍കി. ബലാത്സംഗമോ കൊലപാതകമോ ചെയ്തിട്ടില്ലെന്നും നിരപരാധിയെന്നും സഞ്ജയ് റോയ് കോടതിയെ അറിയിച്ചു. തന്നെ മര്‍ദ്ദിച്ചാണ് മൊഴിയെടുത്തത്. ആവശ്യമുള്ളിടത്തെല്ലാം ഒപ്പിടുവിച്ചു. കാരണമില്ലാതെയാണ് പ്രതി ചേര്‍ത്തതെന്നും തന്നെ കേള്‍ക്കാന്‍ സിബിഐ തയ്യാറായില്ലെന്നും പ്രതി പറഞ്ഞു. എന്നാല്‍, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.

അതേസമയം, നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ സിബിഐ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ചു. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്നും അവരെ കണ്ടെത്തിയില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

സംസ്ഥാന പൊലീസും പിന്നീട് സിബിഐയും ഏറ്റെടുത്ത് അന്വേഷിച്ച കേസില്‍ പ്രതി ഒറ്റയ്ക്കാണ് ക്രൂരകൃത്യം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. പൊലീസിന്റെ സിവിക് വോളണ്ടിയറായിരുന്ന സഞ്ജയ് റോയിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 64 (ബലാത്സംഗം), സെക്ഷന്‍ 66, സെക്ഷന്‍ 103 (1) (കൊലപാതകം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്, താല പൊലീസ് സ്റ്റേഷനിലെ മുന്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് അഭിജിത് മൊണ്ടല്‍ എന്നിവര്‍ക്കെതിരെ തെളിവുകള്‍ നശിപ്പിച്ചതിനും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിനും കുറ്റം ചുമത്തിയിരുന്നു. ഇവരെ അറസ്റ്റും ചെയ്തിരുന്നു. എന്നാല്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കോടതി സന്ദീപ് ഘോഷിനും അഭിജിത് മൊണ്ടലിനും ജാമ്യം അനുവദിക്കുകയായിരുന്നു.


ALSO READ: "നാടകം ജനങ്ങളോട് വേണ്ട"; പരന്തൂരിൽ വിമാനത്താവളത്തിനെതിരായ ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിജയ്


പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കീഴിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ നിന്ന് ഓഗസ്റ്റ് 9നാണ് 31കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടറുടെ ശരീരത്തില്‍ 16 ബാഹ്യ മുറിവുകളും ഒമ്പത് ആന്തരിക മുറിവുകളുമാണ് കണ്ടെത്തിയത്. ഡോക്ടറുടേത് ആത്മഹത്യയാണെന്ന് ആശുപത്രി അധികൃതര്‍ തുടക്കത്തില്‍ പറഞ്ഞെങ്കിലും പിന്നീട് കൊലപാതകമാണെന്ന് തിരുത്തി.

സംഭവം നടന്ന് പിറ്റേന്ന് (ഓഗസ്റ്റ് 10) പ്രതി സഞ്ജയ് റോയ്യെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാന്‍ അന്വേഷണസംഘത്തിന് സഹായമായത്. സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ ഇയാള്‍ ഈ ഹെഡ്‌സെറ്റുമായി സെമിനാര്‍ ഹാളിലേക്ക് പ്രവേശിക്കുന്നത് കണ്ടെത്തിയിരുന്നു. ജൂനിയര്‍ ഡോക്ടറുടെ കൊലപാതകം പശ്ചിമ ബംഗാളിലെ സ്ത്രീകളുടെ സുരക്ഷയെപ്പറ്റി വലിയ ചോദ്യങ്ങള്‍ക്ക് കാരണമായിരുന്നു. മാത്രമല്ല ആര്‍ജി കര്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് വലിയ തോതില്‍ അഴിമതികളും കൊലപാതകത്തിനൊപ്പം ഉയര്‍ന്നുവന്നു. ജൂനിയര്‍ ഡോക്ടര്‍മാരുടെ നീണ്ടകാലത്തെ നിരാഹാര സമരത്തിനൊപ്പം വനിതാ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മമതാ ബാര്‍ജി സര്‍ക്കാര്‍ പ്രതിരോധത്തിലായി. പ്രതിഷേധങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെയും പശ്ചിമ ബംഗാള്‍ ആരോഗ്യ വകുപ്പിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായി. സ്ത്രീകള്‍ നടത്തിയ 'റീക്ലെയിം ദി നൈറ്റ്' മാര്‍ച്ചുകളായിരുന്നു പ്രതിഷേധങ്ങളുടെ പ്രധാന ആകര്‍ഷണം.

KERALA
പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവിറക്കി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ
Also Read
user
Share This

Popular

KERALA
KERALA
പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവിറക്കി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ