ക്ലെെമറ്റ് ബോംബ് എന്നറിയപ്പെടുന്ന അപൂർവ്വപ്രതിഭാസമാണ് ഐയോവിന്‍ കൊടുങ്കാറ്റുണ്ടാക്കിയത്
അയർലന്‍ഡില്‍ വ്യാപകനാശം വിതച്ച് ഐയോവിന്‍ കൊടുങ്കാറ്റ്. 27 വർഷത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ കാറ്റിനാണ് വെള്ളിയാഴ്ച വടക്കന്‍ അയർലന്‍ഡ് സാക്ഷ്യം വഹിച്ചത്. വീടുകളടക്കം ഏഴ് ലക്ഷത്തിലധികം കെട്ടിടങ്ങള്‍ മണിക്കൂറുകളോളം ഇരുട്ടിലായ പ്രകൃതിക്ഷോഭത്തില്‍ പൊതുഗതാഗതം പൂർണമായി നിലയ്ക്കുന്ന സ്ഥിതിയുണ്ടായി. രാജ്യത്തുടനീളം പ്രഖ്യാപിച്ച റെഡ് അലേർട്ട് പിന്‍വലിച്ചെങ്കിലും അടുത്ത ദിവസങ്ങളിലും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
വടക്കേ അയർലൻഡ് മുതല്‍ യുകെയുടെ ഭാഗമായ സ്കോട്ട്ലൻഡ് ഉൾപ്പെടുന്ന മേഖലയിലാണ് വെള്ളിയാഴ്ച ഐയോവിന്‍ കൊടുങ്കാറ്റ് ഭീതി പടർത്തിയത്. മണിക്കൂറില്‍ 183 കിലോമീറ്റർ വരെ വേഗത കെെവരിച്ച കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. വീടുകളും വ്യാപാരസ്ഥാപനങ്ങളുമടക്കം ഏഴ് ലക്ഷത്തിലധികം കെട്ടിടങ്ങളിലെ വെെദ്യുതി വിച്ഛേദിക്കപ്പെട്ടു. 60,000ത്തോളം പേർക്കുള്ള ജലവിതരണം തടസപ്പെട്ടു. രാജ്യത്തുടനീളം റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ടു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചു. ആശുപത്രികളില്‍ അത്യാഹിതവിഭാഗം മാത്രം പ്രവർത്തിച്ചു. രാജ്യത്തെ പൊതുഗതാഗതമായ ട്രാൻസ്‌ലിങ്ക് എല്ലാ ബസ്, ട്രെയിന്‍ സർവ്വീസുകളും നിർത്തിവെച്ചു. ഡബ്ലിന്‍ വിമാനത്താവളത്തില്‍ 230ഓളം സർവീസുകള്‍ റദ്ദാക്കപ്പെട്ടു.
ALSO READ:എണ്ണ വില കുറയ്ക്കണം; സൗദി അറേബ്യ വിചാരിച്ചാൽ റഷ്യ - യുക്രെയ്ൻ സംഘർഷത്തിനു അന്ത്യമാകുമെന്ന് ട്രംപ്
ആശങ്കയുടെ മണിക്കൂറുകള്‍ കടന്നുപോയതോടെ വെള്ളിയാഴ്ച വെെകീട്ട് റെഡ് അലേർട്ട് പിന്‍വലിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേർട്ടുകള്‍ നിലനില്‍ക്കുമെന്ന് അധികൃതർ അറിയിച്ചു. തകരാറിലായ സംവിധാനങ്ങളില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരുമെന്നതിനാല്‍ അടുത്ത ദിവസങ്ങളിലും വെെദ്യുതിയും വെള്ളവും തടസപ്പെടുമെന്നാണ് വിതരണക്കാരായ ഇഎസ്ബി അറിയിക്കുന്നത്. റോഡുകളിലും റെയില്‍വേ ട്രാക്കുകളിലും കടപുഴകി വീണ മരങ്ങളുമാണുള്ളത്. ജലശുദ്ധീകരണവും പമ്പിംഗ് സംവിധാനങ്ങളും പവർക്കട്ട് നേരിടുന്നതോടെ ജലക്ഷാമം രൂക്ഷമാകാമെന്നും മുന്നറിയിപ്പുണ്ട്. ശനിയാഴ്ച ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആയിരത്തിലധികം സർവീസുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്.
ക്ലെെമറ്റ് ബോംബ് എന്നറിയപ്പെടുന്ന അപൂർവ്വപ്രതിഭാസമാണ് ഐയോവിന്‍ കൊടുങ്കാറ്റുണ്ടാക്കിയത്. തെക്കുകിഴക്കൻ യുഎസ് തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം വടക്ക് അറ്റ്ലാൻ്റിക്ക് സമുദ്രത്തില്‍വെച്ച് തീവ്രത കെെവരിച്ചാണ് അയർലന്‍ഡ് തീരം തൊട്ടത്. 27 വർഷങ്ങള്‍ക്കുമുന്‍പ്, 1998ല്‍ ലണ്ടൻഡെറി കൗണ്ടിയിലെ ബാലികെല്ലിയിൽ മണിക്കൂറില്‍ 150 കി.മീ വേഗത രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ കാറ്റിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
സ്കോട്ട്‌ലൻഡിലെ ഡ്രമാൽബിനിൽ മണിക്കൂറിൽ 100 മൈൽ വരെ കാറ്റ് വേഗത കെെവരിച്ചു. തെക്ക് മാഞ്ചസ്റ്റർ, ലിവർപൂൾ എന്നിവിടങ്ങളിലേക്ക് വരെ കൊടുങ്കാറ്റില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ പതിച്ചേക്കാമെന്നാണ് റിപ്പോർട്ടുകള്‍. കാറ്റ്, പവർലെെനുകളെ ബാധിച്ചതോടെ 15,000 ഉപഭോക്താക്കൾ ഇരുട്ടിലായെന്ന് വൈദ്യുതി വിതരണകമ്പനിയായ സ്കോട്ടിഷ് പവർ അറിയിച്ചു. സ്കോർട്ട്റെയില്‍ സേവനങ്ങള്‍ ശനിയാഴ്ച ഉച്ചവരെ റദ്ദാക്കിയിട്ടുണ്ട്. ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട യുകെയില്‍ 45 ലക്ഷത്തോളം പേർക്കാണ് കൊടുങ്കാറ്റ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.