ഈ ഓസ്കാർ നോമിനേഷൻ സോഫിയ ഗാസ്കോണിൻ്റെ ആദ്യത്തെ ചരിത്ര നേട്ടമല്ല. പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡ് നേടുന്ന ആദ്യത്തെ ട്രാൻസ്‌ജെൻഡർ വനിതയായും ഗാസ്കോൺ തരംഗം സൃഷ്ടിച്ചിരുന്നു.
2025-ലെ ഓസ്കർ നോമിനേഷനിൽ തിളങ്ങിയ ഫ്രഞ്ച് ചിത്രം എമിലിയ പെരെസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഓസ്കറിൽ മികച്ച നടിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ ട്രാൻസ്ജെൻഡർ താരമെന്ന ചരിത്ര നേട്ടമാണ് സോഫിയ ഗാസ്കോണിലൂടെ നേടിയത്.. അമേരിക്കയിൽ ട്രാൻസ്ജെൻഡർ അവകാശങ്ങൾ ഹനിക്കപ്പെടുന്ന കാലത്താണ് അക്കാദമി അവാർഡിലേക്കുള്ള ട്രാൻസ് വ്യക്തിയുടെ നോമിനേഷനെന്നതും ശ്രദ്ധേയമാണ്.
ആറ് വർഷം മുൻപ് അവരുടെ പേര് യുവാൻ കാർലോസ് ഗാസ്കോൺ എന്നായിരുന്നു. ഇന്നവർ കാർല സോഫിയ ഗാസ്‌കോണാണ്. തൻ്റെ 52-ാം വയസിൽ അക്കാഡമി അവാർഡ് നോമിനേഷൻ ലഭിക്കുന്ന ആദ്യ ട്രാൻസ്‌ജെൻഡർ നടി.
ഈ ഓസ്കാർ നോമിനേഷൻ സോഫിയ ഗാസ്കോണിൻ്റെ ആദ്യത്തെ ചരിത്ര നേട്ടമല്ല. പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡ് നേടുന്ന ആദ്യത്തെ ട്രാൻസ്‌ജെൻഡർ വനിതയായും ഗാസ്കോൺ തരംഗം സൃഷ്ടിച്ചിരുന്നു. കൂടാതെ, ഗോൾഡൻ ഗ്ലോബിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ട്രാൻസ്ജെൻഡർ നടിയും ഗാസ്കോണായിരുന്നു.
Also Read; ഓസ്‌കാറിൽ ഇന്ത്യൻ ആരാധകർക്ക് ആശ്വാസമായി 'അനൂജ'; നോമിനേഷനുകള്‍ വാരിക്കൂട്ടി വിക്കെഡും, എമിലിയ പെരേസും
ഓസ്കറിൽ ഹോളിവുഡ് ചിത്രങ്ങളെപോലും കടത്തിവെട്ടി ഇത്തവണ 13 നോമിനേഷനുകളാണ് ഴാക് ഓജിയാഹ് സംവിധാനം ചെയ്ത എമിലിയ പെരെസ് വാരിക്കൂട്ടിയത്. ഒരു മെക്സിക്കൻ മയക്കുമരുന്ന് മാഫിയ തലവൻ്റെ ലിംഗമാറ്റമാണ് എമിലിയ പെരെസിൻ്റെ പ്രമേയം. തൻ്റെ ലൈംഗികതയും ജീവിതവും മാറ്റാൻ തീരുമാനിക്കുന്ന ശക്തനായ ഒരു മയക്കുമരുന്ന് കടത്തുകാരൻ്റെ കഥ.
ഗാസ്‌കോൺ തന്നെയാണ് രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതും. നേരത്തേ ഗോൾഡൻ ഗ്ലോബിലും എമിലിയ പെരെസ് നേട്ടം കൈവരിച്ചിരുന്നു. മികച്ച വിദേശ ഭാഷാ സിനിമയുൾപ്പെടെ നാല് പുരസ്‌കാരങ്ങളാണ് 82-ാമത് ഗോൾഡൻ ഗ്ലോബിൽ എമിലിയ പെരെസ് സ്വന്തമാക്കിയത്.
ഒസ്കാർ ചരിത്രത്തിൽ എൽജിബിടിക്യൂ വിഭാഗത്തിൻ്റെ പ്രതിനിധാനം വളരെയധികം കുറവാണ്. ഓസ്കറിൽ ഇതിനു മുൻപ് ഏതെങ്കിലും വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത് മൂന്ന് ട്രാൻസ്‌ജെൻഡർ വ്യക്തികൾ മാത്രമാണ്. സംഗീത സംവിധായിക ഏഞ്ചല മോർലി, ഗായിക അനോനി, സംവിധായകനും നിർമ്മാതാവുമായ യാൻസ് ഫോർഡ് എന്നിവർ. 2017-ൽ മൂൺലൈറ്റ് എന്ന ക്വീർ ചിത്രം, മികച്ച ചിത്രമായി പുരസ്‌കാരം നേടിയശേഷം ട്രാൻസ് സിനിമകൾക്ക് അവാർഡുകൾ ലഭിക്കുന്ന അവസ്ഥ വളരെ ദുർലഭമായിരുന്നു.
അമേരിക്കയിൽ ട്രാൻസ് അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സമയത്താണ് അക്കാഡമി അവാർഡിലേക്കുള്ള ട്രാൻസ്ജെൻഡർ നോമിനേഷനെന്നതും ശ്രദ്ധേയം. മാർച്ച് രണ്ടിലെ ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിലും എമിലിയ പെരെസും, സോഫിയ ഗാസ്കോണും ചരിത്രം സൃഷ്ടിക്കുമോ എന്ന് കണ്ടു തന്നെ അറിയേണ്ടതാണ്.