പന്തിനെ വിക്കറ്റ് കീപ്പർ അലക്സി ക്യാരിയുടെ കൈകളിലെത്തിച്ചാണ് കമ്മിൻസ് ഓസീസിന് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്
ബോർഡർ-ഗവാസ്കർ പരമ്പരയിൽ 2-1ന് പിന്നിട്ടുനിൽക്കെ രണ്ടാമിന്നിങ്സിലും ഇന്ത്യൻ ബാറ്റർമാർ പതറുന്നു. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ രണ്ടാമിന്നിങ്സിലും 141/6 എന്ന നിലയിൽ ഇന്ത്യ തകർച്ച നേരിടുകയാണ്. നിലവിൽ ഇന്ത്യക്ക് 145 റൺസിൻ്റെ ലീഡ് മാത്രമാണുള്ളത്. മൂന്ന് ദിവസം ശേഷിക്കെ ഇന്ത്യൻ വാലറ്റത്തിന് നാളെ എത്രത്തോളം പിടിച്ചുനിൽക്കാനാകും എന്നതിനെ ആശ്രയിച്ചാണ് മത്സരഗതി നിർണയിക്കപ്പെടുക.
ബാറ്റിങ് ദുഷ്ക്കരമായ സിഡ്നിയിലെ പിച്ചിൽ റിഷഭ് പന്തിൻ്റെ (61) വെടിക്കെട്ട് അർധസെഞ്ചുറിയാണ് ഇന്ത്യൻ സ്കോർ നൂറ് കടത്തിയത്. 33 പന്തിൽ 61 റൺസെടുത്ത പന്തിനെ പാറ്റ് കമ്മിൻസ് അലക്സ് ക്യാരിയുടെ കൈകളിലെത്തിച്ചു. ഒന്നാമിന്നിങ്സിൽ നാലു വിക്കറ്റെടുത്ത സ്കോട്ട് ബോളണ്ട് രണ്ടാമിന്നിങ്സിലും ഈ നേട്ടമാവർത്തിച്ചു.
രണ്ടാം ദിനം ഓസ്ട്രേലിയയെ 181ന് പുറത്താക്കിയ ഇന്ത്യ ഒന്നാമിന്നിങ്സിൽ നാല് റൺസിൻ്റെ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസ് ബാറ്റർമാരെ ജസ്‌പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ബൗളർമാർ ഒന്നാമിന്നിങ്സിൽ ഓസീസ് ബാറ്റർമാരെ വരിഞ്ഞുമുറുക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 185 റൺസിന് പുറത്തായിരുന്നു.
ഇന്ത്യൻ ബൗളർമാരിൽ പ്രസിദ്ധ് കൃഷ്‌ണയ്‌ക്കും മുഹമ്മദ് സിറാജിനും മൂന്ന് വീതം വിക്കറ്റ് ലഭിച്ചപ്പോൾ, ജസ്പ്രീത് ബുമ്രയ്‌ക്കും നിതീഷ് കുമാർ റെഡ്ഡിക്കും രണ്ട് വീതം വിക്കറ്റ് ലഭിച്ചു. ഓസീസ് നിരയിൽ 57 റൺസെടുത്ത വെബ്‌സ്റ്ററാണ് ടോപ് സ്കോറർ. സ്റ്റീവൻ സ്മിത്ത് (33), സാം കോൺസ്റ്റാസ് (23), അലക്സ് കാരി (21), പാറ്റ് കമ്മിൻസ് (10) എന്നിവരും രണ്ടക്കം കടന്നു.
13 റൺസെടുത്ത കെ.എൽ. രാഹുലിനേയും, 22 റൺസെടുത്ത യശസ്വി ജെയ്സ്വാളിനേയും ബോളണ്ട് ക്ലീൻ ബൗൾഡാക്കി. വിരാട് കോഹ്‌ലിയും (6), നിതീഷ് റെഡ്ഡിയും (4) സ്ലിപ്പിൽ ക്യാച്ച് സമ്മാനിച്ച് വന്ന പോലെ തന്നെ വേഗത്തിൽ മടങ്ങി. ഗില്ലിനെ (13) വെബ്‌സ്റ്റർ വിക്കറ്റ് കീപ്പർ ക്യാരിയുടെ കൈകളിലെത്തിച്ചു.