കൈയ്യിൽ വെടിയേറ്റ് വീഴുന്നതിന് മുമ്പ് നിരവധി സുഹൃത്തുക്കളോടൊപ്പം ഹമാസ് തോക്കുധാരികളിൽ നിന്ന് മണിക്കൂറുകളോളം ഗോനെൻ ഒളിച്ചു കഴിയുകയായിരുന്നു
15 മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകൾക്കും വിരാമമിട്ട്, ഹമാസ് മോചിപ്പിച്ച മൂന്ന് വനിതകൾ ഇസ്രയേലിൻ്റെ മണ്ണിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് മോചിപ്പിച്ച ആദ്യത്തെ മൂന്ന് പേരാണ് ഞായറാഴ്ച രാത്രിയോടെ ഇസ്രയേലിലേക്ക് മടങ്ങിയെത്തിയത്. കരാറിൻ്റെ ഭാഗമായി ഹമാസ് മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഇസ്രയേലിന് ഇതിനോടകം കൈമാറിയിട്ടുണ്ട്.
ഇതിലെ ആദ്യത്തെ മൂന്ന് പേർ റോമി ഗോണൻ (24), എമിലി ഡമാരി (28), ഡോറോൺ സ്റ്റെയിൻബ്രെച്ചർ (31) എന്നീ യുവതികളാണ്. ആരാണിവരെന്നും എങ്ങനെ ഇവർ ഹമാസിൻ്റെ കൈകളിലെത്തിയെന്നും വിശദമായി മനസിലാക്കാം.
റോമി ഗോനെൻ
2023 ഒക്‌ടോബർ 7ന് നോവ സംഗീതോത്സവത്തിൽ നിന്ന് ഹമാസ് തോക്കുധാരികൾ തട്ടിക്കൊണ്ടു പോകുമ്പോൾ നർത്തകിയായ റോമി ഗോനെന് 23 വയസായിരുന്നു. കൈയ്യിൽ വെടിയേറ്റ് വീഴുന്നതിന് മുമ്പ് നിരവധി സുഹൃത്തുക്കളോടൊപ്പം ഹമാസ് തോക്കുധാരികളിൽ നിന്ന് മണിക്കൂറുകളോളം ഗോനെൻ ഒളിച്ചു കഴിയുകയായിരുന്നു.
ഇതിനിടയിൽ അവസാനമായി അവൾ കുടുംബത്തോട് ഫോണിൽ സംസാരിക്കവെ "ഞാൻ ഇന്ന് മരിച്ചു പോയേക്കാം" എന്നും പറഞ്ഞിരുന്നു. "അവൾ ജീവിച്ചിരിപ്പുണ്ട്, നമുക്ക് അവളെ കൊണ്ടുപോകാം," എന്ന് ഹമാസ് സൈനികർ അറബിയിൽ പറയുന്നതും കുടുംബം ഫോണിലൂടെ കേട്ടിരുന്നു. പിന്നീട് റോമി ഗോനെൻ്റെ ഫോൺ ഗാസ മുനമ്പിലെ ഒരു സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു.
ഡോറൺ സ്റ്റെയിൻബ്രെച്ചർ
ഹമാസ് തോക്കുധാരികൾ തട്ടിക്കൊണ്ടു പോകുമ്പോൾ 30 വയസ്സുള്ള വെറ്ററിനറി നഴ്‌സായിരുന്നു സ്റ്റെയിൻബ്രേച്ചർ. കിബ്ബട്ട്സ് കഫാർ ആസയിലെ വീട്ടിൽ നിന്നാണ് ഹമാസ് സൈനികർ ഇവരെ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയത്. ആക്രമണം ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം താൻ ഭയന്നിരിപ്പാണെന്നും തോക്കുധാരികൾ തൻ്റെ കെട്ടിടത്തിൽ എത്തിയെന്നും അവൾ മാതാപിതാക്കളെ ഫോണിലൂടെ അറിയിച്ചിരുന്നു. അവസാനമായി ഡോറൺ അവളുടെ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിൽ, "ഹമാസുകാർ ഇവിടെയെത്തി, ഞാൻ അവരുടെ പിടിയിലാണ്," എന്നാണ് പറഞ്ഞിരുന്നത്.
Also Read: ഗാസ വെടിനിർത്തലും ബന്ദിയാക്കൽ കരാറും: ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക എന്തൊക്കെ?
എമിലി ദാമാരി
ബ്രിട്ടീഷ്-ഇസ്രയേൽ വംശജയായ ദമാരിയെ (28) കിബ്ബട്ട്സ് കഫാർ ആസയിലെ വീട്ടിൽ നിന്നാണ് ഹമാസ് സൈന്യം തട്ടിക്കൊണ്ടുപോയത്. ഹമാസ് സേന പിടികൂടുമ്പോൾ അവളുടെ കൈയിൽ വെടിയേറ്റിരുന്നു. മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് അവളുടെ കാലിൽ മുറിവേറ്റിരുന്നു. എമിലിയുടെ സ്വന്തം കാറിൻ്റെ പിന്നിൽ അവളെ കണ്ണുകെട്ടി ഇരുത്തിയാണ് ഹമാസുകാർ ഗാസയിലേക്ക് കടത്തിക്കൊണ്ടു പോയതെന്നും അവളുടെ അമ്മ മൊഴി നൽകിയിരുന്നു. ലണ്ടനിൽ വളർന്ന എമിലി ദാമാരി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്സ്പറിൻ്റെ കടുത്ത ആരാധികയാണ്.
"ഇന്ന് വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി, 471 ദിവസം ഹമാസിൻ്റെ തടവിലാക്കിയ മൂന്ന് യുവതികളെ ഞങ്ങൾ വീട്ടിലേക്ക് സ്വാഗതം ചെയ്തു. അവരെയും അവരുടെ കുടുംബങ്ങളെയും ഞങ്ങൾ അഭിവാദ്യം ചെയ്യുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നതായി ഇസ്രയേലി ഡിഫൻസ് ഫോഴ്സ് റെയർ അഡ്മിറൽ ഡാനിയൽ ഹഗാരി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
Also Read: ഒടുവില്‍ ഗാസയില്‍ തോക്കുകള്‍ നിശബ്ദമാകുന്നു; വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ