ഹമാസും ഇസ്രയേലും തമ്മിലുള്ള ഗാസ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ 471 ദിവസങ്ങളായി തടവിലായിരുന്ന മൂന്ന് ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചതായി ജോ ബൈഡൻ പ്രഖ്യാപിച്ചു
ഹമാസിൻ്റെ ബന്ദി മോചനത്തെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. ഹമാസും ഇസ്രയേലും തമ്മിലുള്ള ഗാസ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ 471 ദിവസങ്ങളായി തടവിലായിരുന്ന മൂന്ന് ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചതായി ജോ ബൈഡൻ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ നിന്ന് സ്ഥാനമൊഴിഞ്ഞ് പടിയിറങ്ങാനിരിക്കെയാണ് ഔദ്യോഗിക പത്രസമ്മേളനത്തിൽ ബൈഡൻ ബന്ദിമോചനത്തിൽ പ്രതികരിച്ചത്.
ALSO READ: ഹമാസ് മോചിപ്പിച്ച മൂന്ന് സ്ത്രീകളെ ഇസ്രയേലി സൈന്യം ഏറ്റുവാങ്ങി; കൈമാറിയത് റെഡ് ക്രോസ്
"എത്രയോ വേദനകൾക്കും കൂട്ടമരണങ്ങൾക്കും ജീവഹാനികൾക്കും ഒടുവിൽ ഇന്ന് ഗാസയിലെ തോക്കുകൾ നിശബ്ദമായി. മിഡിൽ ഈസ്റ്റിനായി കഴിഞ്ഞ മേയിൽ ഞാൻ ആദ്യം മുന്നോട്ടുവച്ച കരാർ ഒടുവിൽ നടപ്പിലായി. ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു, ബന്ദികളെ വിട്ടയക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മൾ കാണുന്നത്. മൂന്ന് ഇസ്രയേലി സ്ത്രീകൾ, അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി 400- 700 ദിവസങ്ങളോളം ഇരുണ്ട തുരങ്കങ്ങളിൽ തടവിലാക്കപ്പെട്ടു," ബൈഡൻ പറഞ്ഞു.
ഒരാഴ്ചയ്ക്കകം നാല് വനിതകളെ കൂടി വിട്ടയക്കുമെന്നും ബൈഡൻ അറിയിച്ചു. ഓരോ ഏഴ് ദിവസത്തിലും മൂന്ന് ബന്ദികളെ മോചിപ്പിക്കും. അവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു. നൂറ് കണക്കിന് ട്രക്കുകളാണ് പതിനഞ്ച് മാസത്തോളമായി യുദ്ധത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഗാസയിലേക്ക് സഹായങ്ങളുമായി പുറപ്പെടുന്നതെന്നും ബൈഡൻ പറഞ്ഞു. കരാറിൻ്റെ 16-ാം ദിവസത്തോടെ രണ്ടാം ഘട്ട ചർച്ചകൾ ആരംഭിക്കും. ഈ ഘട്ടത്തിൽ ഇസ്രയേൽ സൈനികരുടെ മോചനമുൾപ്പെടെയുണ്ടാകുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ALSO READ: ആശങ്കകൾക്ക് വിരാമമിട്ട് ഒടുവിൽ ഇസ്രയേലിൽ ബന്ദി മോചനം; ആരൊക്കെയാണ് മോചിതരായ വനിതകൾ?
ഹമാസ് മോചിപ്പിച്ച മൂന്ന് സ്ത്രീകൾ തിരികെ ഇസ്രയേലിലെത്തി. മീറ്റിങ് പോയിൻ്റിൽ വെച്ച് റെഡ് ക്രോസാണ് ഏറ്റുവാങ്ങിയ ബന്ദികളെ ഇസ്രയേലി സൈന്യമായ ഐ.ഡി.എഫിന് കൈമാറിയത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. ബന്ദികളായ സ്ത്രീകളുടെ അമ്മമാരോട് മീറ്റിംഗ് പോയിന്റിലെത്താൻ ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. ബന്ദികളായ മൂന്ന് സ്ത്രീകളും രാജ്യത്ത് തിരിച്ചെത്തിയതായി ഇസ്രയേലി സൈന്യം, ഐഡിഎഫ് എക്സിൽ കുറിച്ചു. റോമി ഗോനെൻ, ഡോറൺ സ്റ്റെയിൻബ്രേച്ചർ, എമിലി ദമാരി എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്.