അഗ്നിബാധയെ തുടര്‍ന്ന് സൗത്ത് റയില്‍വേ സ്റ്റേഷനില്‍ നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം രണ്ട് മണിക്കൂറോളം നിര്‍ത്തിവെച്ചിരുന്നു
എറണാകുളം ജില്ലയിലെ രണ്ട് ഇടങ്ങളിലായി തീപിടുത്തം. നെടുമ്പാശ്ശേരിയിലും സൗത്ത് മേല്‍പ്പാലത്തിനു സമീപത്തുമായാണ് തീപിടിച്ചത്. പുലര്‍ച്ചെ പന്ത്രണ്ട് മണിയോടെയും ഒരു മണിയോടെയുമാണ് തീപിടുത്തമുണ്ടായത്.
സൗത്ത് റെയില്‍വേ മേല്‍പാലത്തിനു സമീപം ആക്രി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ഗോഡൗണിലെ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ആക്രിക്കടയുടെ സമീപത്തുള്ള മറ്റ് ഇടങ്ങളിലേക്കും തീ വ്യാപിച്ചിരുന്നു. ഗോഡൗണിനു സമീപത്തെ ലോഡ്ജിലെയും വീടുകളിലെയും താമസക്കാരെ ഒഴിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് അഗ്നിബാധയുണ്ടായത്.
മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീയണച്ചത്. ആക്രിക്കടയില്‍ ഉണ്ടായിരുന്ന ആറ് ഇതരസംസ്ഥാന തൊഴിലാളികളെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. അഗ്നിബാധയെ തുടര്‍ന്ന് സൗത്ത് റയില്‍വേ സ്റ്റേഷനില്‍ നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം രണ്ട് മണിക്കൂറോളം നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ പുനഃസ്ഥാപിച്ചു.
നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിനു സമീപത്തുള്ള ഹോട്ടലിലാണ് തീപിടിച്ചത്. ആപ്പിള്‍ റസിഡന്‍സിയിലാണ് അഗ്‌നിബാധയുണ്ടായത്. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. തീപിടുത്തത്തില്‍ ഒരു കാര്‍ പൂര്‍ണമായും മൂന്ന് കാറുകളും ഏതാനും ബൈക്കുകളും കത്തിനശിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഹോട്ടലിലെ എസിയും മറ്റ് വയറുകളും കത്തിനശിച്ചു.
ഹോട്ടലിലെ ഒരു മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. വെദ്യുതി പൂര്‍ണമായി വിഛേദിച്ച് ലാഡര്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.