ജമ്മു കശ്മീർ വിഷയം യുഎൻ ജനറൽ അസംബ്ലിയിൽ ഉന്നയിച്ച ഷഹ്ബാസ് ഷെരീഫിൻ്റെ പ്രധാന ആവശ്യം കശ്മീരിന് പ്രത്യേക പദവി തിരിച്ചു നൽകണമെന്നായിരുന്നു
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിൻ്റെ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തിന് പിന്നാലെ രാജ്യത്തിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. നൂറ്റാണ്ടുകൾ പഴക്കമുള്ള പാക് ഭീകരവാദ നയത്തെക്കുറിച്ച് സംസാരിച്ച ജയശങ്കർ, അയൽരാജ്യത്തിൻ്റെ ദുഷ്പ്രവൃത്തികൾക്ക് ഉറപ്പായും അനന്തരഫലങ്ങൾ ഉണ്ടാവുമെന്ന മുന്നറിയിപ്പും നൽകി.
പാകിസ്ഥാൻ്റെ അതിർത്തി കടന്നുള്ള ഭീകരവാദ നയം ഒരിക്കലും വിജയിക്കില്ലെന്നും യുഎൻ ജനറൽ അസംബ്ലിയിൽ എസ്. ജയശങ്കർ അഭിപ്രായപ്പെട്ടു. ജമ്മു കശ്മീർ വിഷയം യുഎൻ ജനറൽ അസംബ്ലിയിൽ ഉന്നയിച്ച ഷഹ്ബാസ് ഷെരീഫിൻ്റെ പ്രധാന ആവശ്യം കശ്മീരിന് പ്രത്യേക പദവി തിരിച്ചു നൽകണമെന്നായിരുന്നു.
പ്രത്യേക പദവി തിരികെ കൊണ്ടുവന്ന് കശ്മീരിൽ ഹിതപരിശോധന നടത്തണമെന്നായിരുന്നു ഷഹ്ബാസ് ഷെരീഫിൻ്റെ ആവശ്യം. കശ്മീർ വിഷയത്തിൽ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പറഞ്ഞ ഷെരീഫ്, ഹിസ്ബുൾ മുജാഹിദീൻ ഭീകരവാദി ബുർഹാൻ വാനിയെ ന്യായീകരിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഇന്ത്യ ശക്തമായ ഭാഷയിൽ തിരിച്ചടിച്ചത്.
1947ൽ രൂപീകൃതമായതുമുതൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ തകർക്കുന്ന തരത്തിൽ പ്രത്യാഘാതങ്ങളുള്ള കാര്യങ്ങൾ ബോധപൂർവം ചെയ്യുന്നതും പാകിസ്ഥാനെ പിന്നോട്ട് വലിച്ചു. ഈ ദുഷ്പ്രവൃത്തികൾ മറ്റുള്ള രാജ്യങ്ങളെയും, പ്രത്യേകിച്ച് അയൽരാജ്യമായ ഇന്ത്യയെ ബാധിക്കുന്നെന്നും ജയശങ്കർ പറഞ്ഞു. പാക് രാഷ്ട്രീയം രാജ്യത്തെ ജനങ്ങൾക്കിടയിൽ മതഭ്രാന്ത് വളർത്തുകയാണെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.
"മറ്റുള്ളവരുടെ ഭൂമി മോഹിക്കുന്ന, പ്രവർത്തനരഹിതമായ ഈ പ്രതിരോധിക്കേണ്ടതുണ്ട്. ഇന്നലെ വിഷയത്തിൽ ചില വിചിത്രമായ അവകാശവാദങ്ങൾ നമ്മൾ കേട്ടു. എന്നാൽ പാകിസ്താൻ്റെ അതിർത്തി കടന്നുള്ള ഭീകരവാദ നയം ഒരിക്കലും വിജയിക്കില്ല. ഇതിന് ശിക്ഷ ലഭിക്കാതിരിക്കുമെന്ന് ഒരിക്കലും കരുതേണ്ട," ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി കൊണ്ട് ജയശങ്കർ പറഞ്ഞു.
ALSO READ: ഭരണഘടനയുടെ ഏറ്റവും വലിയ ശത്രുക്കളാണ് കോൺഗ്രസും എൻസിയും പിഡിപിയും: നരേന്ദ്രമോദി
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ ഇന്ത്യൻ പ്രതിനിധി ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദനും പാകിസ്ഥാന് ശക്തമായ മറുപടി നൽകിയിരുന്നു. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ ആദ്യ സെക്രട്ടറിയായ ഭവിക മംഗളാനന്ദൻ, അതിർത്തി കടന്നുള്ള ഭീകരതയെ ഒരു ഭരണകൂട നയമായി ഉപയോഗിച്ച പാക് ചരിത്രം വിവരിച്ചായിരുന്നു രൂക്ഷ വിമർശനം നടത്തിയത്. ലോകമെമ്പാടുമുള്ള നിരവധി ഭീകരാക്രമണങ്ങളിലും പാകിസ്താൻ്റെ കയ്യൊപ്പുണ്ടെന്നും ഭവിക പരിഹസിച്ചു. പാക് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഹാസ്യമാണെന്നായിരുന്നു ഇന്ത്യയുടെ പക്ഷം. പാകിസ്ഥാൻ ഭീകരരെ ഉപയോഗിച്ച് നിഴൽ യുദ്ധം നടത്തുകയാണെന്നും ഭാവിക ചൂണ്ടിക്കാട്ടി.