ലോകം മുഴുവന്‍ ആരാധകരുള്ള ഉത്പന്നമാണ് ന്യൂട്ടെല്ല. ന്യൂട്ടെല്ലയുടെ സ്രഷ്ടാവ് ഫ്രാന്‍സിസ്‌കോ റിവെല്ല (97) അന്തരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 14 നായിരുന്നു അന്ത്യമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂട്ടെല്ലയുടെ 'പിതാവ്' എന്നാണ് ഫ്രാന്‍സിസ്‌കോ റിവെല്ല അറിയപ്പെട്ടിരുന്നത്.
ചോക്ലേറ്റുകളും മിഠായികളും നിര്‍മിക്കുന്ന ഇറ്റാലിയന്‍ ബഹുരാഷ്ട്ര കമ്പനിയായ ഫെറേറോയില്‍ ജോലി ചെയ്താണ് റിവെല്ലയുടെ തുടക്കം. 1952 ലാണ് റിവെല്ല ഫെറേറോയില്‍ എത്തുന്നത്.
ബ്രോമറ്റോളജിക്കല്‍ കെമിസ്ട്രിയില്‍ ബിരുദധാരിയായിരുന്ന റിവെല്ല, ഫെറോറോയില്‍ അസംസ്‌കൃത വസ്തുക്കള്‍ പഠിക്കുന്നതിനും ചേരുവകള്‍ മിശ്രിതമാക്കുന്നതിനും രുചിക്കുന്നതിനും ചുമതലുള്ള ടീമിനൊപ്പമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ വെച്ചാണ് ന്യൂട്ടെല്ലയടക്കം ലോകം മുഴുവന്‍ ആരാധകരെ ഉണ്ടാക്കിയ പല ഉത്പന്നങ്ങളും റിവെല്ല സൃഷ്ടിച്ചത്. ഹേസല്‍ മരത്തിലുണ്ടാകുന്ന ഫലത്തില്‍ നിന്നാണ് റിവെല്ല രുചിയൂറിയ ന്യൂട്ടെല്ല നിര്‍മിക്കുന്നത്.
ഫെറോറയില്‍ നിന്ന് വിരമിച്ച ശേഷം റിവെല്ല പഴകൃഷിയിലും പരമ്പരാഗത ഇറ്റാലിയന്‍ കായിക വിനോദമായ പല്ലപുഗ്‌നോയിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.
Also Read: സൗന്ദര്യ വര്‍ധനവിന് ചുവന്ന കറ്റാര്‍ വാഴ! പിന്നില്‍ തട്ടിപ്പോ?
ന്യൂട്ടെല്ലയുടെ കഥ
യുദ്ധാനന്തര ഇറ്റലിയില്‍ കൊക്കോ വളരെ ദുര്‍ബലമായ കാലത്താണ് റിവെല്ല ഹേസല്‍ കായയില്‍ നിന്നും ന്യൂട്ടെല്ല ഉണ്ടാക്കുന്നത്. ഹാസല്‍നട്ട് ഉല്‍പാദനത്തിന് പേരുകേട്ട ഇറ്റാലിയന്‍ പട്ടണമായ ആല്‍ബയില്‍ ഫെറേറോയുടെ സ്ഥാപകന്‍ പിയട്രോ ഫെറേറോയ്ക്ക് ഒരു ബേക്കറി ഉണ്ടായിരുന്നു. 1946ല്‍ പുറത്തിറങ്ങിയ ന്യൂട്ടെല്ലയുടെ ആദ്യ പതിപ്പിന്റെ പേര് 'ഗിയാന്‍ഡുജോട്ട്' എന്നായിരുന്നു. ചോക്ലേറ്റും ഹേസല്‍നട്ടും ഉപയോഗിച്ച് ഉണ്ടാക്കുന്ന മിഠായിയായ 'ഗിയാന്‍ഡുജ'യില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.
അപ്പത്തിന്റെ ആകൃതിയില്‍ പേസ്റ്റ് രൂപത്തിലായിരുന്നു ഈ ഉത്പന്നം. ഇത് മുറിച്ചെടുത്തായിരുന്നു ബ്രഡില്‍ ഉപയോഗിച്ചിരുന്നത്. പിന്നീട്, ഗിയാന്‍ഡുജോട്ടിനെ കൂടുതല്‍ ക്രീമിയാക്കി സൂപ്പര്‍ ക്രീമ എന്ന പേരില്‍ പുനരവതരിപ്പിച്ചു. 1964 നു ശേഷമാണ് ന്യൂട്ടെല്ല എന്ന പേരില്‍ ഉത്പന്നം എത്തുന്നത്. ഹേസല്‍നട്ടും കൊക്കോ ക്രീമും ചേര്‍ത്ത് കൂടുതല്‍ രുചിയോടെ കുപ്പികളിലാക്കി പുറത്തിറക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഇറ്റലിയില്‍ മാത്രം വില്‍പന നടത്തിയ ന്യൂട്ടെല്ലയെ പിന്നീട് അന്താരാഷ്ട്ര വിപണിയിലേക്ക് എത്തി.
ഇന്ന് ലോകം മുഴുവന്‍ ആരാധകരുള്ള ന്യൂട്ടെല്ലയ്ക്ക് 2007 മുതല്‍ ഫെബ്രുവരി 5 ന് ന്യൂട്ടെല്ല ഡേയും ആഘോഷിക്കുന്നുണ്ട്.