സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാൻ എല്ലാവരും സ്വമേധയാ രംഗത്തിറങ്ങണമെന്നും ഗവർണർ അഭ്യർത്ഥിച്ചു
അജയ് കുമാർ ഭല്ല
മണിപ്പൂരിൽ കൊള്ളയടിച്ചതും അനധികൃതമായി കൈവശം വെച്ചിരിക്കുന്നതുമായ എല്ലാ ആയുധങ്ങളും സറണ്ടർ ചെയ്യണമെന്ന് ഗവർണർ അജയ് കുമാർ ഭല്ല. ഏഴ് ദിവസത്തിനുള്ളിൽ ആയുധങ്ങൾ തിരികെ നൽകണമെന്നാണ് ഗവർണറുടെ അന്ത്യശാസനം. നിശ്ചിത സമയത്തിനുള്ളിൽ ആയുധങ്ങൾ തിരികെ നൽകിയാൽ ശിക്ഷാ നടപടികൾ സ്വീകരിക്കില്ല. സമയപരിധിക്ക് ശേഷവും ആയുധങ്ങൾ കൈവശം വെച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് ഗവർണറുടെ ഉത്തരവ്. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാൻ എല്ലാവരും സ്വമേധയാ രംഗത്തിറങ്ങണമെന്നും ഗവർണർ അഭ്യർത്ഥിച്ചു.
ആയുധങ്ങൾ അടുത്തുള്ള പൊലീസ് സ്റ്റേഷൻ, സുരക്ഷാ ഔട്ട്പോസ്റ്റ്, ക്യാംപുകൾ എന്നിവിടങ്ങളിൽ ഹാജരാക്കാൻ യുവാക്കൾ സ്വമേധയാ മുന്നോട്ട് വരണമെന്നും ഗവർണർ പറഞ്ഞു. "പറഞ്ഞ സമയത്തിനുള്ളിൽ ആയുധങ്ങൾ ഹാജരാക്കിയാൽ നിങ്ങൾക്ക് എതിരെ ശിക്ഷാ നടപടികളുണ്ടാകില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. അതിനു ശേഷവും ആയുധങ്ങൾ കൈവശം വയ്ക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും", ഗവർണർ മുന്നറിയിപ്പ് നൽകി.
Also Read: ഡല്‍ഹിയെ നയിക്കാന്‍ രേഖ ഗുപ്ത; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വലിയ തോതിൽ ആയുധങ്ങൾ സുരക്ഷാ സേന മണിപ്പൂരിൽ നിന്ന് കണ്ടെത്തിയിരുന്നു. വിവിധ ജില്ലകളിൽ നിന്നായി റൈഫിളുകൾ, പിസ്റ്റലുകൾ, ഗ്രനൈഡുകൾ, മോർട്ടാറുകൾ എന്നിവയുടെ വലിയ ശേഖരമാണ് പിടിച്ചെടുത്തത്. അനധികൃതമായി കൈവശം വയ്ക്കുന്ന ആയുധങ്ങളുടെ എണ്ണം വർധിക്കുന്നത് സമാധാന ശ്രമങ്ങൾക്ക് വിലങ്ങുതടിയാകുമെന്ന നിരീക്ഷണത്തെ തുടർന്നാണ് നിരന്തരമായി നിരായുധീകരണത്തിനായി അധികൃതർ ആഹ്വാനം ചെയ്യുന്നത്.
മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചതിനു പിന്നാലെ ഫെബ്രുവരി 13നാണ് മണിപ്പൂരിൽ കേന്ദ്രം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനു പിന്നാലെയായിരുന്നു ബിരേൻ സിങ്ങിന്റെ രാജി. എൻപിപിയെ ഒഴിച്ചുനിർത്തിയാലും ബിജെപിക്ക് അംഗബലമുണ്ടെങ്കിലും സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യപ്പെട്ട എംഎൽഎമാർ വിശ്വാസ വോട്ടെടുപ്പ് നടന്നാൽ പാർട്ടി വിപ്പിനെ അവഗണിക്കാനുള്ള സാധ്യത നിലനിന്നിരുന്നു. ആ സാധ്യത ഒഴിവാക്കാനാണ്, കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്.