വീടിനുള്ളിൽ നിന്നും രൂക്ഷ ദുർഗന്ധം അനുഭവപ്പെട്ടതോടെ കസ്റ്റംസ് ജീവനക്കാരൻ പൊലീസിൽ അറിയിക്കുകയായിരുന്നു
എറണാകുളം കാക്കനാട് കസ്റ്റംസ് അഡിഷ്ണൽ കമ്മീഷ്ണറുടെ ക്വാർട്ടേഴ്സിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. കസ്റ്റംസ് അഡിഷ്ണൽ കമ്മീഷണർ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ ശക്കുന്തള അഗാർവാൾ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാകാം എന്നാണ് പൊലീസ് നിഗമനം. മൂവരും ഒന്നിച്ചാണ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്.
ജാർഖണ്ഡ് സ്വദേശിയായിരുന്നു മനീഷ് വിജയ്. ക്വാർട്ടേഴ്സിലെ അടുക്കളയോട് ചേർന്ന ഭാഗത്താണ് സഹോദരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് തുടർന്ന് നടത്തിയ പരിശോധനയിലാണ് അഡിഷ്ണൽ കമ്മീഷണറുടെ മൃതദേഹവും, അമ്മയുടെ മൃതദേഹവും കണ്ടെത്തിയത്.
മനീഷ് ഒരാഴ്ച ലീവിലായിരുന്നു. ലീവ് കഴിഞ്ഞ് തിരികെ ജോലിക്കെത്താതിനാൽ ഓഫീസിൽ നിന്നും സഹപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ പൂട്ടിയ നിലയിലായിരുന്നു ക്വാർട്ടേഴ്സ്. വീടിനുള്ളിൽ നിന്നും രൂക്ഷ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് കസ്റ്റംസ് ജീവനക്കാരൻ പൊലീസിൽ അറിയിച്ചത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തെത്തിയത്. ഫോറെൻസിക് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)