fbwpx
വഖഫ് നിയമ ഭേദഗതി ബില്‍: രാജ്യസഭയില്‍ 'മലയാളി' പോര്; കൊമ്പുകോർത്ത് ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Apr, 2025 06:51 PM

മൗലികമായ ഭരണഘടനാ ലംഘനമാണ് നടക്കുന്നതെന്നും അതുകൊണ്ടാണ് സിപിഐഎം ഈ നിയമ നിർമാണത്തെ എതിർക്കുന്നതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു

NATIONAL


വഖഫ് ചർച്ചയ്ക്കിടെ രാജ്യസഭയിൽ കൊമ്പുകോർത്ത് ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും. എമ്പുരാൻ സിനിമയിലെ 'മുന്ന' ഭരണപക്ഷ ബെഞ്ചിലുണ്ടെന്നും നേമത്തെ പോലെ തൃശൂരിലെ ബിജെപി അക്കൗണ്ടും പൂട്ടിക്കുമെന്നും ബ്രിട്ടാസ് പറഞ്ഞു. ഇതിൽ പ്രകോപിതനായ സുരേഷ് ​ഗോപി ക്ഷോഭത്തോടെയാണ് മറുപടി നൽകിയത്. വഖഫ് ഭേദഗതി ബില്ലിനെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം കടലിൽ മുക്കുകയല്ല കേരള ജനത ചവിട്ടി താഴ്ത്തുമെന്ന് തൃശൂർ എംപി പറഞ്ഞു.


മൗലികമായ ഭരണഘടനാ ലംഘനമാണ് നടക്കുന്നതെന്നും അതുകൊണ്ടാണ് സിപിഐഎം ഈ നിയമ നിർമാണത്തെ എതിർക്കുന്നതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ബിജെപി ദൈവങ്ങളെ തമ്മിൽ വേർതിരിക്കുന്നു. ഹിന്ദു ദൈവങ്ങളെ മുസ്ലീം ദൈവങ്ങളിൽ നിന്ന് ഒറ്റതിരിക്കുന്നു. ദൈവങ്ങൾക്കിടയിൽ എങ്ങനെയാണ് വേർതിരിവ് ഉണ്ടാക്കാൻ സാധിക്കുന്നതെന്നും എംപി ചോദിച്ചു. ഇപ്പോൾ കൊണ്ടുവരുന്ന ഭേദ​ഗതി ഹിന്ദു ദൈവസ്ഥാനങ്ങൾക്ക് ബാധകമല്ലെന്ന് കാട്ടിയായിരുന്നു ചോദ്യം.



Also Read: വഖഫ് ഭേദഗതി ബിൽ: രാഹുലിന്‍റെ മൗനം, പ്രിയങ്കയുടെ അഭാവം; യുഡിഎഫ് പ്രതിരോധത്തില്‍


2014ലെ തെരഞ്ഞെടുപ്പ് പ്രചരണ പത്രികയിൽ വഖഫ് ഭൂമികളിലെ കയ്യേറ്റങ്ങൾ തടയുമെന്നും വഖഫ് ബോർഡിനെ ശക്തിപ്പെടുത്തുമെന്നും പറഞ്ഞത് ഏത് പാർട്ടിയാണെന്ന് ജോൺ ബ്രിട്ടാസ് കിരൺ റിജിജുവിനോട് ചോദിച്ചു. ബിജെപിയുടെ 2014ലെ തെരഞ്ഞെടുപ്പ് പ്രചരണ പത്രികയിലാണ് അത്തരത്തിലൊരു വാ​ഗ്ദാനം ഉണ്ടായിരുന്നത്. വഖഫിലെ എല്ലാം ഭേദ​ഗതികളും ബിജെപി അം​ഗീകരിച്ചിരുന്നു. ഇപ്പോൾ അവർ മലക്കം മറിഞ്ഞിരിക്കുന്നു. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുൻപ് മഹാത്മാ ​ഗാന്ധി കുത്ത്ബുദ്ദീൻ ബക്തിയാർ കാക്കിയുടെ ദർ​ഗ സന്ദർശിച്ചു. ഇതാണ് ​ഗാന്ധി നൽകിയ സന്ദേശം. ഈ മൂല്യം കൈക്കൊള്ളണമെന്നാണ് ഈ രാജ്യത്തിന്റെ സ്ഥാപകർ ആ​ഗ്രഹിച്ചത്. വഖഫ് ​ബോർഡിനെ ഒറ്റയടിക്ക് മുസ്ലീം ഇതര ഭരണസമിതിയാക്കി മാറ്റിയതാണ് ഈ ബില്ലിന്റെ ഏറ്റവും വലിയ വ്യതിചലനമെന്നും എംപി പറഞ്ഞു. ഇനി വഖഫ് കൗൺസിലിലെ 23 അം​ഗങ്ങളെ എടുത്താൽ അതിൽ 13 പേരും മുസ്ലീം ഇതര വിഭാ​ഗത്തിൽ നിന്നാകുമെന്നും ബ്രിട്ടാസ് ആരോപിച്ചു.



ക്രിസ്ത്യാനികളുടെ പേരിൽ മുതലകണ്ണീരൊഴുക്കുന്നവർ ഇവിടെയുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ജോൺ ബ്രിട്ടാസ് മലയാളത്തിലേക്ക് തന്റെ പ്രസം​ഗം മാറ്റിയത്. ഓരോ ദിവസവും ക്രിസ്ത്യാനികൾക്കെതിരെ ഉത്തരേന്ത്യയിൽ ആക്രമണം നടക്കുന്നു. ഇന്നും ജബൽപൂരിൽ ആക്രമണം നടന്നു. കഴിഞ്ഞ വർഷം മാത്രം 700ലേറെ ആക്രമണങ്ങൾ നടന്നു. മണിപ്പൂരിൽ 200 പള്ളികളാണ് തകർത്തത്. സ്റ്റാൻ സ്വാമിയെ ഒരു തുള്ളിവെള്ളം പൊലും കൊടുക്കാതെ കൊന്നുവെന്നും ജോൺ ബ്രിട്ടാസ് ആരോപിച്ചു.


Also Read: സാമുദായിക സംഘടനകളുമായുള്ള ബന്ധം വിപുലമാക്കാൻ രാജീവ് ചന്ദ്രശേഖർ; ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി


"ബൈബിളിൽ ഒരു കഥാപാത്രമുണ്ട്. 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത കഥാപാത്രം. അങ്ങനെയുള്ള കഥാപാത്രമാണ് ഇവിടെ ഇരിക്കുന്ന ചില ആളുകൾ. എമ്പുരാൻ സിനിമയിൽ ഒരു കഥാപാത്രമുണ്ട്. മുന്ന. ആ മുന്നയെ ഇവിടെ കാണാം. ഈ ബിജെപി ബെഞ്ചുകളിൽ മുന്നയെ കാണാം. ഈ മുന്നയെ മലയാളി തിരിച്ചറിയും. അതാണ് കേരളത്തിന്റെ ചരിത്രം. നിങ്ങളുടെ വിഷത്തെ ഞങ്ങൾ അവിടെ നിന്നും മാറ്റി നിർത്തി. ഒരാൾ ജയിച്ചിട്ടുണ്ട്. നേമത്തെ അക്കൗണ്ട് പൂട്ടിച്ച പോലെ ആ അക്കൗണ്ടും ഞങ്ങൾ പൂട്ടിക്കും. ഒരു തെറ്റുപറ്റി മലയാളിക്ക്. ആ തെറ്റ് ഞങ്ങൾ തിരുത്തും. മുനമ്പത്തെ ഒരാൾക്ക് പോലും വീട് നഷ്ടപ്പെടില്ല. ഇത് ഇടതുപക്ഷ സർക്കാരിന്റെ വാ​ഗ്ദാനമാണ്. അഞ്ച് ലക്ഷം ഭവനരഹിതർക്ക് വീടു നൽകാനുള്ള കരുത്തും ആത്മാർഥതയും ഇടതുപക്ഷത്തിനുണ്ടെങ്കിൽ മുനമ്പത്തെ ആൾക്കാരെയും സംരക്ഷിക്കാനുള്ള കരുത്തുണ്ട്", ജോൺ ബ്രിട്ടാസ് പറഞ്ഞു.


ജോൺ ബ്രിട്ടാസിനെ ചില പാഠങ്ങൾ പഠിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞാണ് സുരേഷ് ​ഗോപി എംപി തുടങ്ങിയത് തന്നെ. ടിപി ചന്ദ്രശേഖരൻ 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകൾ റീ റിലീസ് ചെയ്യാൻ തയ്യാറാകുമോ എന്ന് ബിജെപി എംപി ചോദിച്ചു. ബ്രിട്ടാസും കൈരളി ചാനലിനും ചാനലിന്റെ ചെയർമാനും ധൈര്യമുണ്ടോ? ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? എന്നിട്ടാകാം എമ്പുരാനു വേണ്ടി അലമുറയിടുന്നതെന്ന് സുരേഷ് ​ഗോപി പറഞ്ഞു. സെൻസർ ചെയ്യാൻ നിർമാതാക്കൾക്ക് മേൽ സമ്മർദമുണ്ടായിരുന്നില്ല. സിനിമയുടെ തുടക്കത്തിലെ നന്ദി കാർഡിൽ നിന്നും തന്റെ പേര് നീക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ നിർമാതാക്കളെ സമീപിച്ചത് താനാണ്. സംവിധായകന്റെയും മുഖ്യ നടന്റെയും അനുവാദത്തോടെ നിർമാതാക്കളാണ് സെൻസർ ചെയ്യാൻ തീരുമാനിച്ചത്. വിഷയത്തില്‍ തന്റെ രാഷ്ട്രീയ പാർട്ടിയെ അധിക്ഷേപിക്കാൻ ശ്രമിക്കുകയാണെന്നും സുരേഷ് ​ഗോപി ആരോപിച്ചു.



Also Read: വഖഫ് ഭേദഗതി ബില്‍: ചര്‍ച്ചയില്‍ മലയാളത്തില്‍ സംസാരിച്ച് കെ. രാധാകൃഷ്ണന്‍; തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്ന് സുരേഷ് ഗോപി


"നിങ്ങൾക്ക് രാഷ്ട്രീയത്തിൽ കൈ മാത്രമല്ല പൊള്ളിയത്. മറ്റ് പലതും പൊള്ളും, മുറിവേൽക്കും. 800ൽ അധികം പേരെയാണ് കേരളത്തിൽ ഈ രാഷ്ട്രീയ പാർട്ടി കൊന്നൊടുക്കിയത്. മുനമ്പത്ത് 600 കുടുംബങ്ങളെ ചതിയിൽ പെടുത്തി ഇവർ വഹിച്ചിരിക്കുകയാണ്. ഒരു പ്രധാനപ്പെട്ട പാർട്ടിയുടെ മത നേതാവ് എന്താണ് വാക്ക് കൊടുത്തത്? ഒരു കമ്മീഷനെ രൂപീകരിച്ചു. ഹൈക്കോടതി അതെടുത്ത് തോട്ടിൽ കളഞ്ഞിട്ടുണ്ട്. നിങ്ങളുണ്ടാക്കിയ പ്രമേയം അറബി കടലിൽ മുക്കുകയല്ല ,ചവിട്ടി താഴ്ത്തിയിരിക്കും കേരളത്തിലെ ജനങ്ങൾ", സുരേഷ് ​ഗോപി പറഞ്ഞു.



വഖഫ് നിയമ ഭേദ​ഗതി ബിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ആണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. എട്ട് മണിക്കൂർ ചർച്ചയാകും ബില്ലിൽ നടക്കുക. ഇന്നലെ ലോക്സഭയിൽ ബിൽ പാസായിരുന്നു. 288 പേർ ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ചു, 232 പേര്‍ എതിര്‍ത്തു.

Also Read
user
Share This

Popular

KERALA
NATIONAL
"കേസ് രാഷ്ട്രീയപ്രേരിതമല്ല, മുഖ്യമന്ത്രി രാജി വെക്കണം"; മാസപ്പടിക്കേസിൽ ആക്രമണം ശക്തമാക്കി പ്രതിപക്ഷം