Dont spare me, അഥവാ എന്നെ ഒഴിവാക്കരുതെന്ന്, കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലമല്ല ഇത്.
പതിനേഴു വെട്ടുമായി വരുന്ന എമ്പുരാന്‍ സിനിമ ഓരോരുത്തരേയും ഓര്‍മിപ്പിക്കുന്നത് കലയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ഭാവനയുടെ അതിരുകളെക്കുറിച്ചുമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ കോടതി വിധി നേടിയത് മീശ എന്ന നോവലാണ്. പക്ഷേ, വിവാദത്തിനു കാരണമായ ആ വരി ഇല്ലാതെയാണ് എസ് ഹരീഷിന്റെ മീശ വായനക്കാരനിലേക്ക് എത്തിയത്. ഇപ്പോള്‍ എമ്പുരാന്‍ എതിര്‍പ്പിന് ഇടയാക്കിയ സീനികളെല്ലാം വെട്ടിയൊതുക്കി വരികയാണ്. Dont spare me, അഥവാ എന്നെ ഒഴിവാക്കരുതെന്ന്, കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് പറഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലമല്ല ഇത്. സ്വന്തം കലയായ നര്‍മം പറഞ്ഞതിന് വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന കൊമേഡിയന്‍ കുനാല്‍ കമ്രമാരുടെ കാലമാണ്. വിമര്‍ശിച്ചാല്‍ അനുഭവിക്കുമെന്ന് പ്രഖ്യാപിക്കുന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേമാരുടെ കാലമാണ്. നവഫാഷിസം എന്താണ് എന്നതില്‍ ആര്‍ക്കെങ്കിലും ഇനിയും സംശയമുണ്ടെങ്കില്‍ അത് ഈ സംഭവങ്ങളിലേക്കു നോക്കാത്തതുകൊണ്ട് ഉണ്ടാകുന്നതാണ്.
വെട്ടിക്കൂട്ടിയ പടങ്ങള്‍ ആര്‍ക്കുവേണ്ടി?
ഒരാളെയെങ്കിലും വേദനിപ്പിക്കാത്തത് കലയല്ലെന്ന് പറഞ്ഞത് സല്‍മാന്‍ റുഷ്ദിയാണ്. കല എപ്പോഴും ഒരു രസിപ്പിക്കല്‍ ഉപാധിയല്ല. സമൂഹത്തിന്റെ തെറ്റുകളും ജീര്‍ണതകളും നാശങ്ങളും കൂടി ചൂണ്ടിക്കാണിക്കാനുള്ളതാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനാകരുത് കല എന്നു പറയുമ്പോഴും ജീര്‍ണതകള്‍ ചൂണ്ടിക്കാണിക്കാനും കലയ്ക്കു മാത്രമേ കഴിയൂ. ആയിരം പ്രസംഗങ്ങളേക്കാള്‍ ഗുണം ചെയ്യും നല്ല ഒരു സിനിമയും നാടകവും. തന്റേടവും നല്ല ഉള്‍ക്കാഴ്ചയും ഉള്ളവര്‍ക്കു മാത്രമേ തെറ്റുകള്‍ സമൂഹത്തെ ബോധിപ്പിക്കാനുള്ള ഉത്തരവാദിത്തം എടുക്കാന്‍ കഴിയൂ. എമ്പുരാന്‍ ഉത്തമ കലയുടെ ഉദാഹരണമാണെന്ന് ആരും പറയും എന്നു കരുതാന്‍ കഴിയില്ല. പക്ഷേ, മലയാളത്തില്‍ അതു വേറിട്ട സിനിമാ അനുഭവമാണ്. ഇംഗ്‌ളീഷിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ മാത്രം കണ്ടിരുന്ന ഐ മാക്‌സ് അനുഭവം മലയാളത്തില്‍ വന്നു എന്നതുകൊണ്ടു മാത്രമല്ല അങ്ങനെ. കച്ചവട താത്പര്യത്തോടെ, വലിയ മുതല്‍മുടക്കില്‍, വമ്പന്‍ പ്രചാരണങ്ങളുടെ അകമ്പടിയോടെയെല്ലാം എടുക്കുന്ന സിനിമകള്‍ എപ്പോഴും സുരക്ഷിത പാതയില്‍ മാത്രം സഞ്ചരിക്കാന്‍ താല്‍പര്യപ്പെടുന്നവയാണ്. നാലു പാട്ടും എട്ടു പടവെട്ടും ആറേഴും മെലോഡ്രാമകളും ചേര്‍ന്നാല്‍ അത്തരം കൂട്ടുകളായി. എന്നാല്‍ ഇത്രയേറെ മുതല്‍ മുടക്കി നിര്‍മിക്കുമ്പോഴും ഹോളിവുഡ് സിനിമകള്‍ സമൂഹത്തോട് കാണിക്കുന്ന ചില ഉത്തരവാദിത്തങ്ങളുണ്ട്. അങ്ങനെയൊരു ഉത്തരവാദിത്തം കാണിക്കാന്‍ ഇറങ്ങിയതാണ് എമ്പുരാന്റെ അണിയറ പ്രവര്‍ത്തകര്‍. അവര്‍ക്ക് എന്തുകൊണ്ട് 24 ഭാഗങ്ങള്‍ മുറിച്ചു മാറ്റേണ്ടി വന്നു?
Also Read: അലകും പിടിയും മാറ്റിവരുന്ന ബിജെപി
എമ്പുരാനിലെ മുറിച്ചുമാറ്റിയ ഭാഗങ്ങള്‍
എമ്പുരാന്‍ സിനിമ ഒരുപറ്റം പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞതാണ്. അതിനുശേഷമാണ് 24 സീനുകള്‍ മുറിച്ചുമാറ്റി പുതിയ സിനിമ വരുന്നത്. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അതിനുള്ള വിട്ടുവീഴ്ച നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായി. മീശ നോവലിലും സംഭവിച്ചത് ഇതുതന്നെയാണ്. അത് സിനിമപ്രവര്‍ത്തകരുടെ കീഴടങ്ങലായി എടുക്കേണ്ടതില്ല. സമൂഹത്തില്‍ ഭൂരിപക്ഷമുള്ള ആളുകള്‍ അതിന്റെ തടിമിടുക്കുകൊണ്ട് കൂടുതല്‍ വലിയ തെറ്റുകള്‍ ചെയ്യാതിരിക്കാന്‍ നടത്തുന്ന ഇടപെടലാണ്. മറ്റൊരു ഗതിയുമില്ലാതെ ചെയ്യുന്നതാണ്. ബാബു ബജ്‌റംഗി അഥവാ ബാബുഭായി പട്ടേല്‍ ആയിരുന്നു ഗുജറാത്ത് കലാപത്തിലെ മുഖ്യസൂത്രധാരന്‍. നരോദപാട്യ കൂട്ടക്കൊലയില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ്. ആ ബാബുഭായിലെ ഓര്‍മിപ്പിച്ച് ബാബ ബജ്‌റംഗി എന്നായിരുന്നു സിനിമയിലെ മുഖ്യവില്ലന്റെ പേര്. ആ പേരു മാറ്റുന്നു എന്നതാണ് ഒന്നാമത്തെ വെട്ടിമാറ്റല്‍. പിന്നെ വെട്ടിമാറ്റുന്നത് ഗോധ്ര, ഗുജറാത്ത് കലാപങ്ങളെ നേരിട്ടു പരാമര്‍ശിക്കുന്ന ഭാഗങ്ങളാണ്. ഗര്‍ഭിണിയെ ഉപദ്രവിക്കുന്ന രംഗവും വെട്ടിമാറ്റും. ഗുജറാത്ത് കലാപത്തില്‍ മനസാക്ഷിയുള്ളവരുടെ രക്തം മരവിച്ചുപോയത് ശൂലംകൊണ്ട് ഗര്‍ഭിണിയെ ആക്രമിച്ചു എന്ന വാര്‍ത്ത പുറത്തുവന്നപ്പോഴാണ്. അന്വേഷണ കമ്മിഷനുകള്‍ക്കു മുന്നില്‍ സാക്ഷികള്‍ ഇങ്ങനെ മൊഴികള്‍ നല്‍കുകയും ചെയ്തു. ആ ഒരു രംഗമാണ് നാലഞ്ചു ദിവസത്തിനു ശേഷം സിനിമയില്‍ നിന്നു നീക്കംചെയ്യുന്നത്. മുസ്ലിംകള്‍ക്ക് അഭയംകൊടുക്കുന്ന രാജകുടുംബാംഗത്തെ കൊല്ലുന്ന രംഗവും എടുത്തുമാറ്റുകയാണ്. കലാപത്തിനിടെ ജാതി പറഞ്ഞു നടത്തിയ അധിക്ഷേപങ്ങളുണ്ട്. അവയും എടുത്തുമാറ്റുകയാണ്.
Also Read: ജസ്റ്റിസിന്റെ കയ്യില്‍ കറന്‍സിയായി 15 കോടിയോ?
ദേശദ്രോഹികള്‍ ആക്കുന്ന ആര്‍എസ്എസ്
എമ്പുരാന്‍ ദേശവിരുദ്ധ സിനിമയാണെന്നു പ്രഖ്യാപിച്ച് ആര്‍എസ്എസ് മുഖമാസികയായ ഓര്‍ഗനൈസര്‍ ലേഖനം പ്രസിദ്ധീകരിച്ചു. ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവും എന്ന ലേബല്‍ ചാര്‍ത്തിയതിലൂടെ അണികളോട് ബഹിഷ്‌കരിക്കാന്‍ മാത്രമല്ല ആഹ്വാനം. പല ഘട്ടങ്ങളിലും രാജ്യത്ത് തിയറ്ററുകള്‍ നിന്നു കത്തുന്നതു നമ്മള്‍ കണ്ടിട്ടുണ്ട്. നടന്മാരും അണിയറ പ്രവര്‍ത്തകരും നേരിട്ട തിരിച്ചടികളും അനുഭവിച്ചറിഞ്ഞതാണ്. എമ്പുരാന്‍ സിനിമയ്ക്കു പിന്നില്‍ എത്ര ഉദാത്തമായ കലയുണ്ടെന്നു പറഞ്ഞാലും ലാഭമാണ് ആത്യന്തിക ലക്ഷ്യം. കച്ചവട സിനിമയുടെ ഭാഗമായ ആളുകള്‍ തന്നെയാണ് നിര്‍മാണത്തിലും അഭിനയത്തിലുമുള്ളത്. കലാകാരന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് സംവിധായകന്‍ പറഞ്ഞത് ചെയ്തു എന്ന് ന്യായീകരിക്കാം. നടനും നിര്‍മാതാവും കൂടിയായ സംവിധായകന്‍ പൃഥ്വിരാജിന് ആ ആനുകൂല്യം കിട്ടില്ല. തിരക്കഥാകൃത്ത് മുരളീ ഗോപിക്കും കിട്ടില്ല. ഇവര്‍ രണ്ടുപേരും മലയാളത്തിലെ കച്ചവട സിനിമയുടെ ഭാഗമാണ്. പണംമുടക്കിയ ആശിര്‍വാദ് ഫിലിംസിനും ലൈക്ക പ്രൊഡക്ഷന്‍സിനും ശ്രീ ഗോകുലം മൂവീസിനും നിരവധിയനവധി വ്യാപാരതാല്‍പര്യങ്ങള്‍ ഉള്ളവരാണ്. ഒരു സിനിമയുടെ പേരില്‍ മുഴുവന്‍ വ്യാപാരവും പ്രതിസന്ധിയിലാകുന്ന സ്ഥിതി അവര്‍ക്ക് ആലോചിക്കാന്‍ കഴിയുന്നതല്ല. അത് അവരുടെ ദൌര്‍ബല്യമായി എടുക്കേണ്ടതില്ല. ഇത്തരം സംരംഭങ്ങള്‍ തുടര്‍ന്നും നിലനില്‍ക്കേണ്ടത് അവരുടെ മാത്രം ആവശ്യമല്ല. അതില്‍ തൊഴില്‍ ചെയ്യുന്നവരുടേയും ഗുണഭോക്താക്കളായവരുടേയും കൂടി ആവശ്യമാണ്.
കുനാല്‍ ക്രമയും എമ്പുരാനും
കുമാല്‍ കമ്ര എന്ന കൊമേഡിയനെതിരേ ഇപ്പോള്‍ രാജ്യം മുഴുവന്‍ കേസുകളാണ്. എല്ലാവരുടേയും പരാതി സ്വീകരിച്ച് എഫ്‌ഐആര്‍ ഇടുകയാണ് പൊലീസ്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ഏകനാഥ് ഷിന്‍ഡേ ഒരു ചതിയനാണെന്ന് കമ്ര പറഞ്ഞു. അതു ഷിന്‍ഡേയ്ക്കു നൊന്തു. അതിന്റെ പേരിലാണ് രാജ്യമെങ്ങും കേസുകള്‍ എടുത്തുകൊണ്ടിരിക്കുന്നത്. കമ്രയുടെ വിവാദ പരാമര്‍ശം റെക്കോഡ് ചെയ്ത സ്റ്റുഡിയോ ആദ്യം കത്തി. വിഡിയോയുമായി ബന്ധപ്പെട്ടവരെല്ലാം ഭീഷണി നേരിടുകയാണ്. ശിവസേനയെ ചതിച്ച് മുഖ്യമന്ത്രി പദത്തിനായി പോയ ഷിന്‍ഡേയെക്കുറിച്ചു പറഞ്ഞതില്‍ ഖേദമില്ലെന്ന് ആവര്‍ത്തിക്കുകയാണ് കമ്ര. കമ്രയെപ്പോലെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല. പൃഥ്വിരാജോ മുരളി ഗോപിയോ വിചാരിച്ചാല്‍ മാത്രം ശക്തമായ നിലപാട് സ്വീകരിക്കാന്‍ എമ്പുരാനില്‍ സാധ്യമല്ല. എമ്പുരാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു സംവിധാനങ്ങളുണ്ട്. അവയെല്ലാം പ്രതിസന്ധിയിലാകും. ഈ വിവാദം ഒരുകാര്യം ഒന്നുകൂടി ഓര്‍മിപ്പിച്ചു. പരസ്പരം പുറംചൊറിഞ്ഞു സുഖിപ്പിക്കുന്ന സ്റ്റാന്‍ഡ് അപ് കോമഡികള്‍ പിടിച്ച് കഴിച്ചിലാകാം. അല്ലാതെ കലയുടേയും സാമൂഹിക ഉത്തരവാദിത്തത്തിന്റേയും മേന്മ നോക്കാന്‍ ഇറങ്ങിയാല്‍ നിങ്ങളെ വാഴാന്‍ അനുവദിക്കില്ല. ഇതിനല്ലേ സര്‍, നവഫാഷിസം എന്നു പറയുന്നത്.