ദുരന്തനിവാരണത്തിനായി മെഡിക്കൽ ഉപകരണങ്ങളുടെ കടുത്ത ക്ഷാമം തടസം സൃഷ്ടിക്കുന്നതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി
മ്യാൻമറിൽ വീണ്ടും ഭൂകമ്പം രേഖപ്പെടുത്തി. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയ്ക്ക് സമീപം 5.1 തീവ്രത രേഖപ്പെടുത്തിയ പുതിയ ഭൂകമ്പം രേഖപ്പെടുത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. ഭൂകമ്പത്തിൽ ഇതുവരെ 1700 ലധികം പേർ കൊല്ലപ്പെട്ടതായാണ് മ്യാൻമറിലെ സൈനിക മേധാവി അറിയിക്കുന്നത്. ദുരന്തനിവാരണത്തിനായി മെഡിക്കൽ ഉപകരണങ്ങളുടെ കടുത്ത ക്ഷാമം തടസം സൃഷ്ടിക്കുന്നതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.
ALSO READ: ഓപ്പറേഷൻ ബ്രഹ്‌മ: സഹായവുമായി മ്യാൻമറിലേക്ക് പറന്നെത്തി ഇന്ത്യ; കൈമാറുന്നത് 15 ടൺ സഹായ സാമഗ്രികൾ
ബാങ്കോക്കിലെ ഒരു ബഹുനില കെട്ടിടം തകർന്ന സ്ഥലത്ത് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. തായ്‌ലൻ്റ് ഉപപ്രധാനമന്ത്രി സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടത്താൻ ഡെപ്യൂട്ടി ലീഡർ ഉത്തരവിട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിടം തകർന്നതിൻ്റെ യഥാർഥ കാരണം ഞങ്ങൾ കണ്ടെത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്നലെ ഉച്ചയോടെയായിരുന്നു മ്യാൻമറിനെ പിടിച്ചുകുലുക്കി കൊണ്ട് ആദ്യ ഭൂകമ്പം റിപ്പോർട്ട് ചെയ്തത്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തുകയും, പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും രേഖപ്പെടുത്തി. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചിരുന്നു.
ALSO READ: ഹമാസ് ആയുധം വെച്ച് കീഴടങ്ങിയാൽ...; പുതിയ വെടിനിർത്തല്‍ കരാറിന് മുന്‍പ് നിബന്ധനകളുമായി നെതന്യാഹു
ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിന് സഹായഹസ്തവുമായി ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ സഹായവാഗ്ദാനവുമായി എത്തിയിരുന്നു. ഓപ്പറേഷൻ ബ്രഹ്‌മ എന്ന പേരിൽ 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായാണ് ഇന്ത്യൻ വ്യോമസേനാ വിമാനം യാങ്കൂണ്‍ വിമാനത്താവളത്തിലെത്തിയത്. ടെന്റുകള്‍, ബ്ലാങ്കറ്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ഭക്ഷ്യ പായ്ക്കറ്റുകള്‍, ശുചീകരണ കിറ്റുകള്‍, ജനറേറ്ററുകള്‍, അവശ്യമരുന്നുകള്‍ എന്നിവയടക്കം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് ഇന്ത്യയുടെ ആദ്യഘട്ട സഹായമായി മ്യാന്‍മറിലെത്തിയത്. അടിയന്തര മാനുഷിക സഹായത്തിന്റെ ആദ്യ ഗഡു മ്യാൻമർ ജനതയ്ക്കായി ഇന്ത്യ നൽകിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ദേശീയ ദുരന്തര നിവാരണസേനാ ടീമും മ്യാന്‍മറിലെത്തിയിട്ടുണ്ട്.