ബില്ലിനോട് സ്വീകരിക്കേണ്ട സമീപനത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്
വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് ബിൽ അവതരിപ്പിക്കാനാണ് സ്പീക്കർ അനുമതി നൽകിയിരിക്കുന്നത്. ഇന്നു നടന്ന കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. ബില്ലിന്മേല്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ബില്‍ അവതരണവുമായി ബന്ധപ്പെട്ട് എല്ലാ എംപിമാര്‍ക്കും ഭരണപക്ഷം വിപ്പ് നല്‍കും.
ബില്ലിനോട് സ്വീകരിക്കേണ്ട സമീപനത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. വിഷയം ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി വൈകിട്ട് ഏഴിന് യോഗം വിളിച്ചിട്ടുണ്ട്. കെസിബിസിയുടെ പ്രസ്താവന ആയുധമാക്കി ബില്ലിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം. ബിൽ ലോക്സഭയിൽ അവതരിപ്പിക്കുമ്പോൾ ബിജെപിയുടെ സഖ്യകക്ഷികളുടെ തീരുമാനം നിർണായകമാകും. എന്‍ഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും ടിഡിപിയും ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ബില്‍ പാര്‍ലമെന്റിൽ അവതരിപ്പിക്കുമ്പോൾ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു നേതൃത്വം പറയുന്നത്. ബില്ലിനെ എതിര്‍ക്കുമെന്ന് ഇന്‍ഡ്യാ മുന്നണിയിലെ കക്ഷിയായ സമാജ് വാദി പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സിപിഐഎമ്മും വ്യക്തമാക്കി. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്നാണ് സിപിഐഎം അറിയിച്ചിരിക്കുന്നത്. ഇക്കാര്യം കാട്ടി നാല് സിപിഐഎം എംപിമാര്‍ ലോക്‌സഭ സ്പീക്കര്‍ക്ക് കത്തു നല്‍കി.
Also Read: "മനസാക്ഷിയെ ഞെട്ടിക്കുന്ന നടപടി"; ബുൾഡോസർരാജിനെ വിമർശിച്ച് സുപ്രീം കോടതി
നേരത്തെ ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഫെബ്രുവരി 13ന് ബിജെപി എംപി ജഗദംബിക പാല്‍ നേതൃത്വം നല്‍കുന്ന ജെപിസി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജെപിസിയിൽ ബിജെപിയിൽ നിന്നും സഖ്യകക്ഷികളിൽ നിന്നും 16 എംപിമാരുണ്ടായിരുന്നു, പ്രതിപക്ഷത്ത് നിന്ന് 10 പേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജെപിസി റിപ്പോർട്ടിൽ നിന്ന് തങ്ങളുടെ വിയോജിപ്പ് കുറിപ്പുകൾ ഒഴിവാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ കേന്ദ്രം ഈ ആരോപണം നിഷേധിച്ചിരുന്നു. ജെപിസി പ്രതിപക്ഷത്തിന്‍റെ 44 ഭേദഗതികളും തള്ളിയിരുന്നു.
Also Read: ഇന്ത്യയിൽ അസാധാരണമായ ചൂടും, ഉഷ്ണതരംഗവും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അതേസമയം, വഖഫ് ഭേദഗതി ബിൽ പാസായാൽ മുനമ്പം ഭൂമി പ്രശ്നം തീരുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. മുനമ്പം പ്രശ്നത്തിൽ എല്ലാ രാഷ്ട്രിയ പാർട്ടികളും ഒരു നിലപാടിലാണ്. കേരളത്തിൽ ആദ്യമായിട്ടാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് ഒരു പ്രദേശത്തെ ജനങ്ങൾക്ക് വേണ്ടി ഒന്നിക്കുന്നത്. ഇതിനാൽ എല്ലാവരും വഖഫ് ബില്ലിനെ പിന്തുണയ്ക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.