എന്‍ഡിഎ സീറ്റ് വിഭജനം സുഗമമായി പൂർത്തിയാക്കിയപ്പോൾ ഇന്ത്യാ സഖ്യത്തിൽ മൂന്ന് സീറ്റുകളിൽ ഘടകകക്ഷികൾ പരസ്പരം മത്സരിക്കുന്ന സാഹചര്യമാണുള്ളത്
അഴിമതിയും അടിസ്ഥാന സൗകര്യ വികസനവും സംസ്ഥാന- കേന്ദ്ര സർക്കാർ പദ്ധതികളും പ്രചാരണ വിഷയമാക്കി ജാർഖണ്ഡിൽ തെരഞ്ഞടുപ്പ് പ്രചാരണം മുറുകുന്നു. ഇക്കുറി അധികാരം പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടലിൽ മുന്നോട്ട് പോകുന്ന എന്‍ഡിഎയും അധികാരം നിലനിർത്താനാവുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യ സഖ്യവും തമ്മിലാണ് മത്സരം. നവംബർ 13നും 20നും രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ വോട്ടെണ്ണൽ നവംബർ 23നാണ്. രാഷ്ട്രീയ സഖ്യങ്ങളില്‍ അടിക്കടി മാറ്റങ്ങൾ വരുന്ന സംസ്ഥാനത്തില്‍, കഴിഞ്ഞ രണ്ട് ഭരണകാലഘട്ടങ്ങളിലായി ബിജെപിയുടെയും (2014-19) ജെഎംഎമ്മിന്‍റെ നേതൃത്വത്തിലുമുള്ള സഖ്യങ്ങള്‍ (2019-24) താരതമ്യേന സുസ്ഥിരമായാണ് നിലനില്‍ക്കുന്നത്.
81 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ 43 സീറ്റുകളിലും രണ്ടാം ഘട്ടത്തിൽ 38 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടത്തിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25ഉം സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാനം ദിവസം ഒക്ടോബർ 30ഉം ആയിരുന്നു. രണ്ടാം ഘട്ടത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 29 ആയിരുന്നു. നവംബർ 1 വരെ സ്ഥാനാർഥികള്‍ക്ക് മത്സരത്തില്‍ നിന്നും പിന്‍മാറാന്‍ സാധിക്കും.
Also Read: പങ്കാളിയുടെ സ്വകാര്യത മൗലികാവകാശം, രഹസ്യമായി നിരീക്ഷിക്കുന്നത് അംഗീകരിക്കാനാവില്ല: മദ്രാസ് ഹൈക്കോടതി
എന്‍ഡിഎ സീറ്റ് വിഭജനം സുഗമമായി പൂർത്തിയാക്കിയപ്പോൾ ഇന്ത്യ സഖ്യത്തിൽ മൂന്ന് സീറ്റുകളിൽ ഘടകകക്ഷികൾ പരസ്പരം മത്സരിക്കുന്ന സാഹചര്യമാണുള്ളത്. പരസ്പരം മത്സരിക്കുന്നത് ഒഴിവാക്കാനുള്ള ചർച്ചകൾ സഖ്യ കക്ഷികള്‍ക്കിടയില്‍ തുടരുകയാണ്. എന്‍ഡിഎയിൽ ബിജെപി 68 സീറ്റിലും ജാർഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയന്‍ (എജെഎസ്‌യു) 10 സീറ്റിലും ജെഡിയു രണ്ട് സീറ്റിലും ലോക് ജനശക്തി (രാം വിലാസ്) ഒരു സീറ്റിലുമാണ് മത്സരിക്കുന്നത് .
ഇന്ത്യ സഖ്യത്തിൽ ജാർഖണ്ഡ് മുക്തിമോർച്ച 43 സീറ്റിലും കോൺഗ്രസ് 30 സീറ്റിലും ആർജെഡി ഏഴ് സീറ്റിലും സിപിഐഎംഎല്‍ നാല് സീറ്റിലും മത്സരിക്കുന്നതിനാണ് ചർച്ച നടന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ അധികമായി സ്ഥാനാർഥികളെ മത്സര രംഗത്തിറക്കി. കുറഞ്ഞത് മൂന്ന് സീറ്റുകളിൽ സഖ്യകക്ഷികൾ തമ്മിൽ മത്സരം നടക്കുന്ന അവസ്ഥയാണുള്ളത്. ബിഷ്രാംപൂരിലും ഛത്രപൂരിലും കോൺഗ്രസും ആർജെഡിയും തമ്മിലും ധൻവാറിൽ ജെഎംഎമ്മും സിപിഐഎംഎല്ലും തമ്മിലാണ് മത്സരം. ചില സീറ്റുകളിൽ ഇരു മുന്നണിക്കും ഭീഷണിയായി ജാർഖണ്ഡ് ലോക് താന്ത്രിക് ക്രാന്തികാരി മോർച്ചയും രംഗത്തുണ്ട്. കുർമി വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ജാർഖണ്ഡ് ലോക് താന്ത്രിക് ക്രാന്തികാരി മോർച്ചയുടെ പ്രവർത്തനം. എന്‍ഡിഎയുടെയും ഇന്ത്യാ സഖ്യത്തിൻ്റേയും സാധ്യതകളെ ഈ പാർട്ടിയുടെ സാന്നിധ്യം ഒരു പോലെ ബാധിച്ചേക്കും. ഒന്‍പത് സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയ സിപിഎം ഇന്ത്യാ സഖ്യത്തിൻ്റെ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുന്നതിനും സാധ്യതയുണ്ട്. ഹേമന്ത് സോറൻ സർക്കാരിലെ അഴിമതി ഉയർത്തിക്കാട്ടിയാണ് ബിജെപിയുടെ പ്രചാരണം. സംസ്ഥാന സർക്കാർ പദ്ധതികൾ പ്രചാരണ ആയുധമാക്കുന്ന ഇന്ത്യ സഖ്യത്തെ പ്രതിരോധിക്കാൻ ബിജെപി കേന്ദ്ര പദ്ധതികളും ഉയർത്തിക്കാട്ടുന്നു.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ അറസ്റ്റിനെ തുടർന്ന് രാജിവെയ്‌ക്കേണ്ടി വന്ന മുഖ്യമന്ത്രി ഹേമന്ത് സോറൻ ജാമ്യം ലഭിച്ച ശേഷം വീണ്ടും സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് നടന്ന അറസ്റ്റ് കേന്ദ്രസർക്കാരിൻ്റെ പ്രതികാര നടപടിയായിട്ടാണ് സംസ്ഥാനത്തെ ആദിവാസി വിഭാഗം കണ്ടത്. സംസ്ഥാനത്തെ 14 ലോക്‌സഭ സീറ്റുകളിൽ പട്ടികവർഗ സ്ഥാനാർഥികൾക്കായി സംവരണം ചെയ്ത അഞ്ച് സീറ്റുകളിലും വിജയിക്കാൻ ജെഎംഎമ്മിനെയും സഖ്യകക്ഷിയായ കോൺഗ്രസിനെയും ഇത് സഹായിച്ചു. എന്നാൽ ബിജെപിക്കും അതിൻ്റെ സഖ്യകക്ഷിയായ ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്‌സ് യൂണിയനും (എജെഎസ്‌യു) ഇന്ത്യാ ബ്ലോക്കിൻ്റെ 39.62 ശതമാനം വോട്ടിനെതിരെ 47.2 ശതമാനം വോട്ടുകൾ നേടാൻ അപ്പോഴും സാധിച്ചു. ഇത് സംസ്ഥാനത്തെ ഗോത്ര- ആദിവാസി ഇതര വിഭാഗങ്ങള്‍ക്കിടയിലെ വ്യക്തമായ വിഭജനം സൂചിപ്പിക്കുന്നു. ജാർഖണ്ഡിലെ ജനസംഖ്യയുടെ 26.21 ശതമാനം ആദിവാസികളാണ്.