കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം ജസ്റ്റിസ് വിനോദ് ചന്ദ്രനെ ജഡ്ജി സ്ഥാനത്തേയ്ക്ക് ശുപാർശ ചെയ്തത്
സുപ്രീം കോടതിയിൽ വീണ്ടും മലയാളി ജഡ്ജി ചുമതലയേറ്റു. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെ. വിനോദ് ചന്ദ്രന്റെ നിയമനം രാഷ്ട്രപതി അംഗീകരിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവെച്ചത്.
കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം ജസ്റ്റിസ് വിനോദ് ചന്ദ്രനെ ജഡ്ജി സ്ഥാനത്തേയ്ക്ക് ശുപാർശ ചെയ്തത്. സുപ്രീം കോടതിയുടെ ബെഞ്ചിൽ കേരള ഹൈക്കോടതിയിൽ നിന്ന് പ്രാതിനിധ്യം ഇല്ലെന്നത് കൊളീജിയം പരിഗണിച്ചതിന് പിന്നാലെയാണ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിച്ചത്. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.
"ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരങ്ങൾ പ്രകാരം രാഷ്ട്രപതിയുമായും ഇന്ത്യൻ ചീഫ് ജസ്റ്റിസുമായും കൂടിയാലോചിച്ച ശേഷം, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ജസ്റ്റിസ് കൃഷ്‌ണൻ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കുന്നു," കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ എക്‌സിൽ കുറിച്ചു.
എറണാകുളം നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. വൈവിധ്യമേറിയ നിയമ മേഖലകളിൽ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.