തൃശൂർ സ്വദേശിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്
നടി ഹണി റോസിൻ്റെ പരാതിയിൽ അറസ്റ്റ് തടയണമെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിൻ്റെ നിലപാട് തേടി. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കോടതിയെ സമീപിച്ചത്. എറണാകുളം സെൻട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്.
തൃശൂർ സ്വദേശിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്. നിലവിൽ കേസെടുത്തിട്ടില്ലെന്ന് രാഹുലിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി ഈ മാസം 27 നകം വിശദീകരണം നൽകാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.
Also Read: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ 'സമാധി'; കല്ലറ ഇന്ന് പൊളിക്കില്ല
താനും കുടുംബവും നിലവിൽ അനുഭവിക്കുന്ന കടുത്ത മാനസികസമ്മർദത്തിന്റെ പ്രധാന കാരണക്കാരിൽ ഒരാൾ രാഹുൽ ഈശ്വർ ആണെന്നാണ് കഴിഞ്ഞദിവസം നടി ഹണിറോസ് പറഞ്ഞത്. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഹണിറോസ് വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹണിറോസ് നിലപാട് വ്യക്തമാക്കിയത്. രാഹുൽ ഈശ്വർ മാപ്പ് അർഹിക്കുന്നില്ലെന്നും ഹണി റോസ് പറഞ്ഞിരുന്നു.
ഹണി റോസിന്റെ വസ്ത്രം പൊതു സമൂഹം ഓഡിറ്റു ചെയ്യുമെന്നാണ് ഹണിറോസിന് രാഹുല്‍ ഈശ്വര്‍ നൽകിയ മറുപടി. ഹണി റോസ് വിമര്‍ശനത്തിനതീതയല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. സംഘടിതമായ ആക്രമണം ഒരിക്കലും താന്‍ നടത്തിയിട്ടില്ലെന്നും അങ്ങനെ നടത്തിയെന്ന് തെളിഞ്ഞാല്‍ വിചാരണ പോലും നേരിടാതെ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.
Also Read: പത്തനംതിട്ട പീഡന കേസ്: നാല് പ്രതികള്‍ കൂടി അറസ്റ്റില്‍; ആകെ 43 അറസ്റ്റുകൾ രേഖപ്പെടുത്തി
അതേസമയം, ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ ആവശ്യപ്പെടും. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിക്കുകയായിരുന്നെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷൻ അറിയിക്കും. എന്നാൽ അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും പൊലീസ് ചോദ്യം ചെയ്യൽ അവസാനിച്ചതിനാൽ ജാമ്യം നൽകണമെന്നുമാകും ബോബി ചെമ്മണ്ണൂരിന്‍റെ ആവശ്യം.