മോചിതരായവരില്‍ 69 പേർ സ്ത്രീകളും 21 ആൺകുട്ടികളുമാണ്
ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി 90 പലസ്തീൻ തടവുകാരെ മോചിപ്പിച്ചതായി ഇസ്രയേൽ. ഹമാസ് ബന്ദികളാക്കിയ മൂന്ന് ഇസ്രയേൽ സ്ത്രീകളെ വിട്ടയച്ചതിന് ഏഴ് മണിക്കൂറിന് ശേഷമാണ് നടപടി. ഇസ്രയേൽ പ്രിസൺ സർവീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രയേലിന്റെ ഒഫർ ജയിലിൽ നിന്നും ബന്ദികളെ ബസിൽ മാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മോചിതരായ തടവുകാരെ, പലസ്തീന്റെയും ഹമാസിന്റെയും പതാകകൾ വീശി ആഘോഷപൂർവമാണ് ആയിരക്കണക്കിന് ആളുകൾ സ്വീകരിച്ചത്. വെസ്റ്റ് ബാങ്ക്, ജറുസലേം സ്വദേശികളാണ് വിട്ടയച്ചവരിൽ ഏറെയും. മോചിതരായവരില്‍ 69 പേർ സ്ത്രീകളും 21 പേർ ആൺകുട്ടികളുമാണ്. തിരിച്ചെത്തിയവർ കൊല്ലപ്പെട്ട ബന്ധുക്കളുടെ ഖബറിടങ്ങളിൽ പ്രാർത്ഥന നടത്തി.
15 മാസം നീണ്ടുനിന്ന യുദ്ധത്തിന് വിരാമമിട്ട് ഒക്ടോബർ 19ന് ഇന്ത്യൻ സമയം 2.45ഓടെയാണ് ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. യുഎസ്, ഖത്തർ, ഈജിപ്ത് എന്നിവരുടെ മധ്യസ്ഥ ശ്രമങ്ങളെ തുടർന്ന് ജനുവരി 15ന് കരാർ പ്രഖ്യാപിക്കപ്പെട്ടെങ്കിലും നിരവധി അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് യുദ്ധത്തിന് താൽക്കാലിക അന്ത്യമായത്.
വെടിനിർത്തൽ കരാർ 12 മണിക്ക് ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നെങ്കിലും ബന്ദികളുടെ പട്ടിക കൈമാറുന്നതിൽ ഹമാസ് വരുത്തിയ കാലതാമസത്തെ തുടർന്നാണ് വെടിനിർത്തൽ മൂന്ന് മണിക്കൂറോളം നീണ്ടത്. അതേസമയം കരാർ പ്രാബല്യത്തിൽ വരുന്നതിന് മുൻപായി സമാധാനം പാലിക്കപ്പെടുമെന്ന ഉറപ്പ് ലംഘിച്ച് ഇസ്രയേൽ ആക്രമണം തുടർന്നതിനാലാണ് ബന്ദികളുടെ പട്ടിക നൽകാതിരുന്നതെന്നാണ് ഹമാസ് പ്രതികരിച്ചത്. ഹമാസ്, മോചിതരാകുന്ന ഇസ്രയേൽ ബന്ദികളുടെ പട്ടിക കൈമാറാൻ വൈകിയ ഈ മണിക്കൂറുകൾക്കിടയിൽ ഗാസയിൽ 13 പേർ വിവിധ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. പിന്നീടാണ് മോചിതരാകുന്ന 3 സ്ത്രീകളുടെ പേരുകൾ ഹമാസ് പുറത്തു വിട്ടത്. ഹമാസ് സായുധ വിഭാഗം വക്താവ് അബു ഉബൈദയാണ് 3 പേരുടെ പേരുകൾ ഇസ്രയേലിന് കൈമാറിയതായി എന്നറിയിച്ചത്. ഇവരുടെ കൈമാറ്റം പൂർത്തിയായതിനു പിന്നാലെയാണ് പലസ്തീന് തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചത്.
Also Read: ഹമാസ് മോചിപ്പിച്ച മൂന്ന് സ്ത്രീകളെ ഇസ്രയേലി സൈന്യം ഏറ്റുവാങ്ങി; കൈമാറിയത് റെഡ് ക്രോസ്
മൂന്ന് ഘട്ടങ്ങളായാണ് വെടിനിർത്തൽ കരാർ നടപ്പിലാക്കുക. ആറ് ആഴ്ച നീണ്ടുനിൽക്കുന്ന ആദ്യഘട്ടത്തിൽ മധ്യ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ ക്രമാനുഗതമായി പിൻവലിക്കും. പലായനം ചെയ്യപ്പെട്ട പലസ്തീനികൾക്ക് വടക്കൻ ഗാസയിലേക്ക് തിരികെയെത്താൻ അവസരം ലഭിക്കും. 600 ട്രക്ക് മാനുഷിക സഹായം പ്രതിദിനം ഗാസയിലേക്കെത്തും. സ്ഥിതിഗതികൾ വളരെയധികം മോശമായ വടക്കൻ ഗാസയിലേക്ക് 300 ട്രക്ക് മാനുഷിക സഹായമാകും എത്തിക്കുക. ഇതിനകം കെരെം ഷാലോം കവാടത്തിൽ മാനുഷിക സഹായവുമായി 200ഓളം ട്രക്കുകളെത്തിയെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
രണ്ടാം ഘട്ടത്തിൽ, അവശേഷിക്കുന്ന ബന്ദികളെ പലസ്തീൻ തടവുകാരുടെ തുല്യ അനുപാതത്തിൽ മോചിപ്പിക്കുകയും ഇസ്രയേൽ പൂർണ്ണമായും പ്രദേശത്ത് നിന്ന് പിന്മാറുകയും ചെയ്യും. ആദ്യ ഘട്ടത്തിന്റെ 16 ദിവസങ്ങൾക്ക് ശേഷം ആരംഭിക്കുന്ന കൂടുതൽ ചർച്ചകൾക്ക് ശേഷമായിരിക്കുമിത്.
മൂന്നാം ഘട്ടത്തിൽ മരിച്ച ബന്ദികളുടെയും ഹമാസ് അംഗങ്ങളുടെയും മൃതദേഹങ്ങൾ കൈമാറുന്നത് പരിഗണിക്കും. യുദ്ധത്തിൽ തകർന്ന ഗാസയ്ക്കായി ഒരു പുനർനിർമ്മാണ പദ്ധതിയും ആരംഭിക്കും. എന്നാൽ പ്രദേശത്തെ ഭാവി ഭരണത്തിനുള്ള ക്രമീകരണങ്ങൾ എങ്ങനെയായിരിക്കും എന്നത് അവ്യക്തമായി തുടരുന്നു.
Also Read: ആശങ്കകൾക്ക് വിരാമമിട്ട് ഒടുവിൽ ഇസ്രയേലിൽ ബന്ദി മോചനം; ആരൊക്കെയാണ് മോചിതരായ വനിതകൾ?
മോചിപ്പിക്കാൻ ഉദ്ദേശിക്കുന്ന പലസ്തീൻ തടവുകാരിൽ 110 പേർ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരാണ്. മറ്റുള്ളവർ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉൾപ്പെടെയുള്ള ചെറിയ കുറ്റകൃത്യങ്ങൾക്ക് ജയിലിലടയ്ക്കപ്പെട്ടവരോ വെളിപ്പെടുത്താത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവരോ ആണ്. ജീവപര്യന്തം തടവ് അനുഭവിക്കുന്ന പലസ്തീനികളെ വിട്ടയക്കുന്നതിന് പകരമായി രോഗികളും പരിക്കേറ്റവരുമായ ഒമ്പത് ഇസ്രായേല് ബന്ദികളേയാകും ഹമാസ് വിട്ടയയ്ക്കുക. ഏകദേശം 180 തടവുകാരെ തുർക്കി, ഖത്തർ, അൾജീരിയ എന്നിവിടങ്ങളിലേക്ക് നാടുകടത്തുമെന്നാണ് റിപ്പോർട്ട്.
ഇസ്രയേലിലെ എൻജിഒ HaMoked പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, 2025 ജനുവരി വരെ 10,221 പലസ്തീനികളാണ് ഇസ്രയേൽ ജയിലുകളിൽ കഴിയുന്നത്. ഇവരിൽ ഏകദേശം 3,376 പേരെയാണ് നിയമപരമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. എന്നാൽ 1,886 ബന്ദികളെ നിയമവിരുദ്ധ പോരാളികൾ എന്നാണ് തരംതിരിച്ചിരിക്കുന്നത്. കുറ്റം ചുമത്താതെയോ വിചാരണ കൂടാതെയോ ആണ് ഇവരെ തടങ്കലിൽ വച്ചിരിക്കുന്നത്. ഇസ്രയേലിന്റെ 57 വർഷത്തെ അധിനിവേശത്തിന്റെ ഒരു പ്രധാന ഘടകമാണ് ഈ തടങ്കല്‍പ്പാളയങ്ങൾ എന്നത് വളരെക്കാലങ്ങളായുള്ള പലസ്തീനികളുടെ ആരോപണമാണ്.