കലൂർ സ്റ്റേഡിയത്തിന്റെ വാടക നിശ്ചയിച്ചത് ചർച്ചയ്ക്ക് ശേഷമാണെന്നും ചെയർമാൻ വ്യക്തമാക്കി
എസ്റ്റേറ്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് കലൂർ സ്റ്റേഡിയം മൃദംഗനാദം പരിപാടിക്ക് വിട്ടുനൽകിയതെന്ന ആരോപണത്തില്‍ പ്രതികരിച്ച് ജിസിഡിഎ ചെയർമാൻ. എസ്റ്റേറ്റ് കമ്മിറ്റി എടുക്കുന്ന തീരുമാനം അന്തിമമല്ലെന്ന് ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപ്പിള്ള പറഞ്ഞു. പരാതി വിജിലൻസ് അന്വേഷിക്കട്ടെയെന്നും വീഴ്ച ആരുടേതെന്ന് പൊലീസ് പരിശോധിക്കട്ടെയെന്നും ചന്ദ്രൻപ്പിള്ള അറിയിച്ചു. കലൂർ സ്റ്റേഡിയത്തിന്റെ വാടക നിശ്ചയിച്ചത് ചർച്ചയ്ക്ക് ശേഷമാണെന്നും ചെയർമാൻ വ്യക്തമാക്കി.
എന്നാൽ, ജിസിഡിഎയെ ന്യായീകരിക്കാതെയാണ് കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ സംസാരിച്ചത്. സംഘാടനത്തിൽ പിഴവുണ്ടെന്ന് മേയർ ആവർത്തിച്ചു. വീഴ്ച സംഭവിച്ചത് ആർക്കെന്ന് അന്വേഷിക്കട്ടെ. വിജിലൻസ് അന്വേഷണം സർക്കാർ തീരുമാനിക്കട്ടെയെന്നും മേയർ പറഞ്ഞു. പരിപാടിക്ക് അനുമതി കൊടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ താൻ പങ്കെടുത്തില്ലെന്നും കൊച്ചി മേയർ പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നാണ് പരിപാടിക്ക് അനുമതി നൽകിയതെന്ന് ജിസിഡിഎ ചെയർമാൻ പറഞ്ഞിരുന്നു.
കൊച്ചി സ്വദേശിയാണ് ജിസിഡിഎക്കെതിരെ വിജിലൻസിൽ പരാതി നൽകിയത്. സ്റ്റേഡിയം വിട്ടു നല്‍കുന്നതില്‍ ഗൂഢാലോചനയും തട്ടിപ്പും നടന്നിട്ടുണ്ട്. എസ്റ്റേറ്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് സ്റ്റേഡിയം അനുവദിച്ചതെന്നും ചെയര്‍മാന്റെ പ്രത്യേക ആവശ്യപ്രകാരമാണ് ഇതെന്നുമാണ് പരാതി.
Also Read: കായിക ഇതര ആവശ്യത്തിന് കലൂര്‍ സ്റ്റേഡിയം നല്‍കിയതില്‍ തട്ടിപ്പ്; ജിസിഡിഎക്കെതിരെ പരാതി
അതേസമയം, ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നടക്കുന്ന ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇടിച്ചു കയറി. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം അനിൽകുമാറിനോട് കയർത്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സിജോ ജിസിഡിഎ ചെയർമാനുമായി തർക്കത്തിലായി. പൊലീസ് ചേംബറിൽ എത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നീക്കിയത്.
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വീണ് പരുക്കേറ്റ ഉമ തോമസ് എംഎല്‍എ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി സംഘടിപ്പിച്ച 'മൃദംഗനാദം മൃദംഗവിഷൻ' മെഗാ ഭരതനാട്യം അരങ്ങേറുന്നതിനു മുന്നോടിയായി നടന്ന പരിപാടിക്കിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തില്‍ നിന്നാണ് ഉമ തോമസ് വീണത്.