fbwpx
'സ്ത്രീ-പുരുഷന്‍ എന്ന ദ്വന്ദത്തില്‍ ഒതുങ്ങുന്നതല്ല ലിംഗ സ്വത്വം'; ചരിത്രവിധിയുമായി ഓസ്ട്രേലിയൻ കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Aug, 2024 07:23 AM

ലിംഗ സ്വത്വവും ലിംഗ നീതിയുമായി ബന്ധപ്പെട്ട ആ ചോദ്യത്തിന് ചരിത്രപരമായ വിധികൊണ്ട് ആണ് കോടതി മറുപടി നല്‍കിയത്

WORLD


ഒരു സ്ത്രീയെ നിയമപരമായി എങ്ങനെയാണ് നിർവചിക്കേണ്ടത് എന്നതിന് ഉത്തരം നൽകിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഒരു കോടതി. ലിംഗ സ്വത്വവും ലിംഗ നീതിയുമായി ബന്ധപ്പെട്ട ആ ചോദ്യത്തിന് ചരിത്രപരമായ വിധികൊണ്ടാണ് കോടതി മറുപടി നല്‍കിയത്.

പാരിസ് ഒളിംപിക്സില്‍ അള്‍ജീരിയന്‍ ബോക്സർ ഇമാന്‍ ഖലീഫുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. പുരുഷ ക്രോമസോം ഘടനയുള്ള ഇമാന്‍ സ്ത്രീയാണോ പുരുഷനാണോ എന്നായിരുന്നു ചർച്ച. ഇമാനെ മത്സരിക്കാന്‍ അനുവദിക്കുന്നത് സഹമത്സരാർഥികളുടെ അവകാശത്തെ ഹനിക്കുന്നതാണെന്നും ആരോപണമുയർന്നു. ലിംഗ സ്വത്വത്തിന്‍റെയും ലിംഗ നീതിയുടെയും നിർവചനങ്ങളില്‍ വലിയ ചോദ്യമാണ് ഈ സംഭവം ഉയർത്തിയത്. ഇതുമായി ബന്ധപ്പെട്ട ചരിത്രപരമായ ഒരു വിധിയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായത്.

ALSO READ: ഭൂമിയിൽ കണ്ടെത്തിയതിൽ വെച്ച് ഗുണമേന്മയിൽ രണ്ടാമതുള്ള വജ്രം കിട്ടിയത് ഈ രാജ്യത്ത് നിന്നാണ്

സാമൂഹിക മാധ്യമങ്ങളില്‍ 'സ്ത്രീകള്‍ക്ക് മാത്രമായി ഒരു സേഫ് സ്പേസ്' എന്ന ആശയത്തിൽ നിന്നുണ്ടായ 'ഗിഗിള്‍ ഫോർ ഗേള്‍സ്' എന്ന സോഷ്യല്‍ മീഡിയ ആപ്പിൽ ഒരു ട്രാൻസ് യുവതി അക്കൗണ്ട് തുടങ്ങാൻ ശ്രമിച്ചതോടെയാണ് സംഭവവികാസങ്ങൾക്ക് തുടക്കമായത്. മുന്‍ ഹോളിവുഡ് തിരക്കഥാകൃത്ത് കൂടിയായ സാല്‍ഗ്രോവർ സിഇഒ ആയ ആപ് 2021 ലാണ് റോക്സാന്‍ ടിക്കിള്‍ എന്ന ട്രാന്‍സ് യുവതി ഡൗണ്‍ലോഡ് ചെയ്തത്. എന്നാൽ രജിസ്ട്രേഷനായി സ്ത്രീയാണെന്ന് തെളിയിക്കാനുള്ള സെല്‍ഫി വെരിഫിക്കേഷനില്‍ റോക്സാന്‍ പരാജയപ്പെട്ടു. പുരുഷന്‍ എന്നായിരുന്നു ആപ്പിലെ സെന്‍സറിന്‍റെ കണ്ടെത്തല്‍.

ഏഴ് മാസങ്ങള്‍ക്ക് ശേഷമുള്ള, ശ്രമത്തില്‍ റോക്സാന്‍ ആപ്പില്‍ വിജയകരമായി രജിസ്ട്രേഷന്‍ പൂർത്തിയാക്കി. എന്നാല്‍ ഈ അംഗത്വം റദ്ദാക്കപ്പെട്ടു. ഇതോടെ വിവേചനം ആരോപിച്ച് യുവതി കോടതിയിൽ എത്തി. ബയോളജിക്കലി പുരുഷനായ റോക്സാന് സ്ത്രീകള്‍ മാത്രമുള്ള സ്പേസില്‍ അംഗത്വമെടുക്കാന്‍ സാധിക്കില്ല എന്നതായിരുന്നു ആപ്പിന്‍റെ സിഇഒ സാല്‍ ഗ്രോവറിന്‍റെ പ്രതികരണം. കോടതിക്ക് അകത്തും പുറത്തും അവരിത് വാദിച്ചു.

ALSO READ: കാൻസർ ചികിത്സയിൽ വഴിത്തിരിവ്; ഏഴ് രാജ്യങ്ങളിൽ ആദ്യ ശ്വാസകോശ അർബുദ വാക്സിൻ പരീക്ഷിച്ചു

2017 മുതല്‍ സ്ത്രീയായി ജീവിക്കുന്ന തനിക്ക് മറ്റേത് സ്ത്രീക്കും ലഭിക്കുന്ന സേവനങ്ങളില്‍ നിയമപരമായ അവകാശമുണ്ടെന്ന് റോക്സാന്‍ ടിക്കിള്‍ വാദിച്ചു. ട്രാന്‍സ് ഒഴികെയുള്ള സ്ത്രീപക്ഷാവകാശ വാദിയായ സാല്‍ ഗ്രോവർ ലെെംഗിക സ്വത്വം ബയോളിക്കലാണെന്ന വാദത്തില്‍ ഉറച്ചുനിന്നു. റോക്സാന്‍ ടിക്കിള്‍ പുരുഷനാണെന്നും സ്ത്രീ അവകാശങ്ങളില്‍ പങ്കുപറ്റാനാവില്ലെന്നും എതിർത്തു.

ഈ ഘട്ടത്തിലാണ് ജസ്റ്റിസ് റോബർട്ട് ബ്രോംവിച്ചിന്‍റെ ചരിത്രപരമായ വിധിയെത്തുന്നത്. സ്ത്രീ-പുരുഷന്‍ എന്ന ദ്വന്ദത്തില്‍ ഒതുങ്ങുന്നതല്ല ലിംഗസ്വത്വം. നിർവചനങ്ങള്‍ മാറ്റങ്ങള്‍ക്ക് അധീനമാണ്. റോക്സാനെതിരെ പരോക്ഷമായി ലിംഗവിവേചനം നടന്നതായി നിരീക്ഷിച്ച കോടതി, കോടതി ചെലവടക്കം 10,000 ഓസ്ട്രേലിയന്‍ ഡോളർ നഷ്ടപരിഹാരമായി വിധിച്ചു. എല്ലാ സ്ത്രീകളും വിവേചനങ്ങളില്‍ നിന്ന് സംരക്ഷണം അർഹിക്കുന്നുവെന്നും ട്രാന്‍സ് സമൂഹത്തിന്‍റെ മുറിവുണക്കാന്‍ വിധി കാരണമാകട്ടെ എന്നുമായിരുന്നു വിധിയോടുള്ള പരാതിക്കാരിയുടെ പ്രതികരണം.

ALSO READ: യുഎഇയിൽ സ്ത്രീകൾക്ക് മാത്രമായി ബീച്ച്; പ്രഖ്യാപനവുമായി ഷാർജ ഭരണാധികാരി

സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളെയും നിർണയിച്ച, 1979ലെ ഐക്യരാഷ്ട്ര സഭ കണ്‍വെന്‍ഷനെ ഉദ്ധരിച്ചുകൊണ്ടുള്ള കേസ് എന്ന നിലയില്‍കൂടിയാണ് വിധി ചരിത്രപരമാകുന്നത്. ഇന്ത്യയടക്കം 189 രാജ്യങ്ങള്‍ പിന്തുടരുന്ന സീഡോ കണ്‍വെന്‍ഷന്‍ നയപ്രകാരം, വരും കാലത്ത് ലിംഗ സ്വത്വവും ലിംഗ നീതിയും സംബന്ധിച്ച കേസുകളെ ഓസ്ട്രേലിയയില്‍ നിന്നുള്ള ഈ വിധി സ്വാധീനിക്കും. അന്താരാഷ്ട്രതലത്തില്‍ ട്രാന്‍സ് സമൂഹത്തിന്‍റേതടക്കം നോണ്‍ ബെെനറിവിഭാഗത്തിന്‍റെ ലിംഗപരമായ അവകാശങ്ങളും സംരക്ഷണവും സംബന്ധിച്ച തർക്കങ്ങളിലും നിർണ്ണായക വഴിത്തിരിവാണ് വിധി.

KERALA
കാസർഗോട്ടെ ബംഗ്ലാദേശ് പൗരൻ്റെ അറസ്റ്റ്; പ്രതി അൽഖ്വയ്ദയുടെ സ്ലീപ്പർ സെൽ അംഗമെന്ന് അന്വേഷണ സംഘം
Also Read
user
Share This

Popular

KERALA
KERALA
മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് അഭിമാനം, പരിപാടിക്ക് ആരെ വിളിക്കണമെന്നത് അവരുടെ ഇഷ്ടം: രമേശ് ചെന്നിത്തല