കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെ ജോർജ് കുര്യൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു
കേന്ദ്രമന്ത്രി ജോർജ് കുര്യന് കേരളത്തിലെ ബിജെപിയോട് വിരോധമുണ്ടോ എന്ന് സംശയമുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിൽ ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ടാണ്. അത് കൂടുതൽ വേഗത്തിലാക്കാനാണ് ജോർജ് കുര്യന്റെ ശ്രമമെന്നും മന്ത്രി പരിഹസിച്ചു.
കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെ ജോർജ് കുര്യൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് ആദ്യം സഹായം നൽകുന്നതെന്നായിരുന്നു ചൂരൽമല ദുരന്തത്തിന് കേന്ദ്രം പണം അനുവദിക്കാത്തതിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയുടെ വിശദീകരണം. എന്നാൽ പ്രസ്താവനയിൽ പ്രതിഷേധങ്ങൾ ഉയർന്നതോടെ വിശദീകരണവുമായി ജോർജ് കുര്യൻ രംഗത്തെത്തി. കൂടുതൽ സഹായത്തിനായി കേരളത്തോട് ധനകാര്യ കമ്മീഷനെ സമീപിക്കാനാണ് പറഞ്ഞതെന്നും അതിന് ശേഷമേ സർക്കാരിന് തീരുമാനമെടുക്കാനാകുവെന്നുമാണ് ഉദ്ദേശിച്ചതെന്ന് ജോർജ് കുര്യൻ പറഞ്ഞു.
കോഴിക്കോട് നടന്ന ബിജെപി പ്രതിഷേധത്തെക്കുറിച്ചും പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. ബിജെപിക്കാർ സമരം നടത്താൻ തെരഞ്ഞെടുത്ത സ്ഥലം തെറ്റായിപ്പോയി. അവർ സമരം നടത്തേണ്ടിയിരുന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരെയായിരുന്നുവെന്നും റിയാസ് പറഞ്ഞു. 678 കോടിയാണ് കേന്ദ്രം ആരോഗ്യ രംഗത്ത് കേരളത്തിന് നൽകാനുള്ളത്. അതിനെതിരെ സമരം ചെയ്യാൻ ബിജെപി കേരള ഘടകം തയ്യാറുണ്ടോ? ബോധപൂർവ്വം കേന്ദ്രസർക്കാർ കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Also Read: "ജോർജ്ജ് കുര്യൻ്റേത് വികട ന്യായം"; കേന്ദ്രമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ലഭിക്കാതെയും, ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതെയും രോഗികൾ വലയുന്നു എന്നാരോപിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം. ജൂബിലി ഹാളിൽ നടക്കുന്ന കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തോടുബന്ധിച്ചുള്ള പൂർവ്വ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജൂബിലി ഹാളിൻ്റെ ഗേറ്റിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.