കുത്തിയതിന് ശേഷം അമിത് കുമാർ രക്തം പുരണ്ട കത്തിയുമായി ഓഫീസിന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
അവധി നിഷേധിച്ചതിന്റെ പേരിൽ നാല് സഹപ്രവർത്തകരെ സർക്കാർ ജീവനക്കാരൻ കുത്തിപ്പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിലാണ് സംഭവം. അമിത് കുമാർ സർക്കാർ എന്ന ജീവനക്കാരനാണ് സഹപ്രവർത്തകരെ കുത്തിപ്പരിക്കേൽപ്പിച്ചത്. ജയ്ദേബ് ചക്രവർത്തി, ശാന്തനു സാഹ, സാർത്ത ലേറ്റ്, ഷെയ്ഖ് സതാബുൾ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കൊൽക്കത്തയിലെ ന്യൂടൗൺ പ്രദേശത്തുള്ള കരിഗരി ഭവനിലെ സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലാണ് അമിത് ജോലി ചെയ്തിരുന്നത്. അവധിയെടുക്കുന്നതിനെച്ചൊല്ലി ഇന്ന് സഹപ്രവർത്തകരുമായി അമിത് തർക്കമുണ്ടാക്കിയിരുന്നതായാണ് പൊലീസ് പറയുന്നത്. തുടർന്ന് കത്തി ഉപയോഗിച്ച് സഹപ്രവർത്തകരെ ആക്രമിക്കുകയും ശേഷം പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
ALSO READ: തുടർച്ചയായി ഭൂചലനങ്ങൾ; ഗ്രീക്ക് ഐലൻഡ് ആയ സാൻ്റോറിനിയിൽ അടിയന്തരാവസ്ഥ
കുത്തിയതിന് ശേഷം അമിത് കുമാർ രക്തം പുരണ്ട കത്തിയുമായി ഓഫീസിന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു കയ്യിൽ കത്തിയും പുറകിൽ ഒരു ബാഗുമായി അമിത് നടന്നുപോകുന്നത് വീഡിയോയിൽ കാണാം. മൊബൈൽ ഫോണിൽ ഇയാളുടെ വീഡിയോ പകർത്തുന്നവരെ അടുത്തേക്ക് വരരുതെന്ന് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ വ്യക്തമാണ്.
എന്തുകൊണ്ടാണ് അവധി നിഷേധിച്ചതെന്ന് വ്യക്തമായിട്ടില്ല. അമിത് കുമാറിനെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. ഇയാൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാകാമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അതേസമയം, പരിക്കേറ്റ നാല് സഹപ്രവർത്തകരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. നോർത്ത് 24 പർഗാനാസ് ജില്ലയിലെ സോഡെപൂരിലെ ഘോളയിലെ താമസക്കരനാണ് അമിത് കുമാർ.