fbwpx
'സംഭല്‍' സംഭവവികാസങ്ങള്‍; ഒരു സര്‍വെയില്‍ നിന്ന് എളുപ്പത്തിലൊരു വര്‍ഗീയ കലാപം
logo

ന്യൂസ് ഡെസ്ക്

Posted : 06 Dec, 2024 06:34 PM

GROUND ZERO


The Great Chamars of Ghadkhauli welcome you... എന്ന ബോര്‍ഡ് വെച്ചതാണ് സഹാരന്‍പുര്‍ കലാപം ഉണ്ടാക്കിയത്. അതോടെ, ചരുപ്പുകുത്തികളുടെ സാമൂഹ്യ പ്രതിരോധം തല്ലിക്കെടുത്താന്‍ സവര്‍ണ വിഭാഗങ്ങളെത്തി. ചെരുപ്പുകുത്തികളുടെ സമുദായം ദി ഗ്രേറ്റ് എന്ന വാക്ക് ഉപയോഗിക്കുകയോ എന്നതായിരുന്നു പടിഞ്ഞാറന്‍ യുപിയിലെ മേല്‍ജാതി അസ്കിത. കലാപങ്ങള്‍ ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നത്. ഭിന്നിപ്പും അസ്വസ്ഥതയും സൃഷ്ടിച്ച് കുറെ മനുഷ്യരെ പല തട്ടിലാക്കി നാട് അസ്ഥിരപ്പെടുത്തി അധികാരത്തിനും വോട്ടിനും വേണ്ടി ഉപയോഗിച്ച് ശീലിച്ചവരുടെ നല്ല വളക്കൂറുള്ള മണ്ണാണല്ലോ ഈ രാജ്യം. സഹാരന്‍പുരിലും നൂഹിലും അടക്കം രാജ്യത്ത് പലയിടത്തും അത് പലവട്ടം കണ്ടുകഴിഞ്ഞു. അതുതന്നെ ഇപ്പോള്‍ സംഭലിലും നടക്കുന്നു.

സംഭല്‍ കത്തുകയാണ്, കാലങ്ങളായി ആരാധന നടത്തുന്ന ഒരു മസ്ജിദിന്റെ ചരിത്രം ചികഞ്ഞ് ചിലര്‍ വരുന്നു. അയോധ്യ മോഡലിലാണ് അവകാശവാദം. തര്‍ക്കം ആദ്യം പ്രാദേശിക കോടതിയിലേക്ക്. കോടതി ഹര്‍ജി കേട്ടപാടെ മസ്ജിദ് ഭൂമിയില്‍ സര്‍വെയ്ക്ക് ഉത്തരവ്. മണിക്കൂറുകള്‍ക്കുള്ളില്‍ ഉദ്യോഗസ്ഥരുടെ സര്‍വെ. വിശ്വാസികളായ നാട്ടുകാര്‍ പ്രകോപിതരാകുന്നു. പള്ളിയെ തര്‍ക്ക ഭൂമിയാക്കി മാറ്റുന്നതിലെ പ്രതിഷേധം അവര്‍ പ്രകടിപ്പിക്കുന്നു. പക്ഷേ, രണ്ടാം സര്‍വേയ്ക്ക് പൊലീസും അര്‍ധസൈനിക വിഭാഗവും ഉദ്യോഗസ്ഥരും എത്തുന്നു. പ്രതിഷേധം കനക്കുന്നു. പിന്നെ ഏറ്റുമുട്ടല്‍. പ്രതിഷേധക്കാരെ പൊലീസ് നേരിടുന്നു. അഞ്ച് നാട്ടുകാര്‍ വെടിയേറ്റ് കൊല്ലപ്പെടുന്നു. കഴിഞ്ഞ ഒന്നര ആഴ്ച്ചക്കുള്ളില്‍ ഉത്തര്‍പ്രദേശിലെ സംഭലിലുണ്ടായ വര്‍ഗീയ കലാപത്തിലെ സംഭവ വികാസങ്ങളുടെ നാള്‍വഴിച്ചുരുക്കമാണിത്. ഒരു സര്‍വെയില്‍ നിന്ന് എളുപ്പത്തിലൊരു വര്‍ഗീയ കലാപം.

Also Read: കലാപാഗ്‌നിയില്‍ നീറുന്ന ഷാഹി ജമാ മസ്ജിദ്


കുറച്ചുകാലമായി ഷാഹി ജുമാ മസ്ജിദ് പ്രശ്‌നം ഹിന്ദു തീവ്ര ഗ്രൂപ്പുകള്‍ വഴി തലപൊക്കിയിരുന്നെങ്കിലും നവംബര്‍ 24 നാണ് പ്രശ്‌നം രൂക്ഷമായത്. 5 പേര്‍ കൊല്ലപ്പെട്ടതും യുപി സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം തുടങ്ങിയതും നിരോധനാജ്ഞ വന്നതുമെല്ലാം അങ്ങനെയാണ്. പൊലീസ് കരുതിക്കൂട്ടി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് മസ്ജിദ് കമ്മിറ്റി ചെയര്‍മാന്‍ സഫര്‍ അലി, ദേശീയ മാധ്യമമായ ദ വയറിനോട് പറഞ്ഞു. ആള്‍ക്കൂട്ടത്തില്‍ നിന്നാണ് വെടിയുണ്ട വന്നതെന്ന വാദം തള്ളിയ അലി പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചതിന് താന്‍ ദൃക്സാക്ഷിയാണെന്നും പറഞ്ഞു. നാടന്‍ തോക്ക് കൈവശം വെച്ചാണ് പൊലീസ് വെടിവെച്ചതെന്നാണ് അലിയുടെ വാദം. എന്നാല്‍ കണ്ണീര്‍വാതകവും, പെല്ലറ്റുകളും മാത്രമാണ് പ്രയോഗിച്ചതെന്ന നിലപാടിലാണ് പൊലീസ്. നാടന്‍ തോക്കില്‍ നിന്ന് വെടിയേറ്റാണ് യുവാക്കള്‍ കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

Also Read: ഇന്ത്യന്‍ മതേതരത്വത്തിനേറ്റ മുറിവ്; കർസേവകർ ബാബറി മസ്ജിദ് തകർത്തിട്ട് ഇന്ന് 32 വർഷം


സംഭല്‍ സന്ദര്‍ശിച്ച സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കലാപത്തിന് പിന്നില്‍ സര്‍ക്കാരാണെന്ന് പറയുന്നു. കലാപ ദിവസം സ്ഥലം എംപി സിയാവുര്‍ സ്ഥലത്തില്ലായിരുന്നു. എന്നിട്ടും പ്രേരണാക്കുറ്റത്തിന് കേസ് വന്നു. മസ്ജിദില്‍ സര്‍വേ നടത്തേണ്ടത് പൊലീസല്ല. കോടതി നിയോഗിച്ചത് മജിസ്‌ട്രേറ്റിനെയാണ്. സിവില്‍ ജഡ്ജി ആദിത്യസിംഗ് സര്‍വെ നടത്തുകയും ചെയ്തു. എന്നാല്‍ രണ്ടാം സര്‍വേക്ക് നവംബര്‍ 24-ന് എത്തിയത് പൊലീസാണ്. അവരെല്ലാം ഏറ്റെടുത്തു. ഇത് ഗൂഢാലോചനയാണ്. 5 പേരെ വെടിവെച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. 60 ലധികം പോലീസുകാര്‍ക്കും 100 ഓളം നാട്ടുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കുണ്ട്. 2000 പേര്‍ക്കെതിരെ കേസെടുത്തു. സംഭല്‍ താലൂക്കില്‍ ഇന്റര്‍നെറ്റ്, വാട്‌സ്ആപ്പ് സര്‍വീസുകള്‍ ജില്ലാ ഭരണകൂടം നിര്‍ത്തിവച്ചു. വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നവംബര്‍ 30 വരെ പുറത്തുനിന്നുള്ളവരുടെ മേഖലയിലേക്കുള്ള പ്രവേശനവും തടഞ്ഞു.

മുഗള്‍ കാലഘട്ടത്തില്‍ ഭരിച്ച ബാബര്‍, പ്രാചീന ക്ഷേത്രം തകര്‍ത്ത് പള്ളി പണിതതാണ് ഷാഹി ജുമാ മസ്ജിദെന്നതാണ് തര്‍ക്കം. സുപ്രീം കോടതി അഭിഭാഷകന്‍ ഹരിശങ്കര്‍ ജെയിന്‍ ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജിയിലാണ് സംഭല്‍ കോടതി സര്‍വെയ്ക്ക് ഉത്തരവിട്ടത്. തീവ്ര ഹിന്ദു സംഘടനകളിലെ സജീവ അംഗമാണ് ഹരിശങ്കര്‍ ജെയിന്‍. 1529-ല്‍ ഹരിഹര്‍ മന്ദിര്‍ തകര്‍ത്ത് ജുമാ മസ്ജിദ് പണികഴിപ്പിച്ചെന്ന പ്രചാരണം മേഖലയില്‍ ശക്തമാക്കുന്നതില്‍ ഹിന്ദുതീവ്ര സംഘങ്ങള്‍ വിജയിക്കുന്നുമുണ്ട്. ആശങ്ക, ഇതൊരു വലിയ വര്‍ഗീയ കലാപമായി മാറുമോ എന്നത് മാത്രമാണ്. വലിയ കലാപങ്ങള്‍ ഇങ്ങനെയൊക്കെയാണല്ലോ സംഭവിക്കുന്നത്.


KERALA
മാമി തിരോധാനത്തിൽ വീണ്ടും ദുരൂഹത; മുഹമ്മദ് ആട്ടൂരിൻ്റെ ഡ്രൈവറേയും ഭാര്യയേയും കാണാനില്ലെന്ന് പരാതി
Also Read
user
Share This

Popular

KERALA
KERALA
മാമി തിരോധാനത്തിൽ വീണ്ടും ദുരൂഹത; മുഹമ്മദ് ആട്ടൂരിൻ്റെ ഡ്രൈവറേയും ഭാര്യയേയും കാണാനില്ലെന്ന് പരാതി