നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റവും, അനുബന്ധ കുറ്റകൃത്യങ്ങളും തടയുന്നതിന് ഇത്തരം ഓപ്പറേഷൻ അനിവാര്യമാണെന്ന് സംസ്ഥാന പൊലീസ് അറിയിച്ചു
ഗുജറാത്തിൽ 1000ലധികം ബംഗ്ലാദേശ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ നടുക്കിയ പഹൽഗാം ആക്രമണത്തിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തത്. അഹമ്മദാബാദ്, സൂറത്ത്, എന്നിവിടങ്ങളിലെ സ്ത്രീകളും കുട്ടികളും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റവും അനുബന്ധ കുറ്റകൃത്യങ്ങളും തടയുന്നതിന് ഇത്തരം ഓപ്പറേഷൻ അനിവാര്യമാണെന്ന് സംസ്ഥാന പൊലീസ് മേധാവി വികാസ് സഹായ് പറഞ്ഞു. ഗുജറാത്ത് പൊലീസ് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ ഓപ്പറേഷനാണിതെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘവി വ്യക്തമാക്കി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിൻ്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിൽ അഹമ്മദാബാദിൽ 890 ബംഗ്ലാദേശി പൗരന്മാരെയും സൂറത്തിൽ 134 പേരെയും കസ്റ്റഡിയിലെടുത്തതായി അദ്ദേഹം പറഞ്ഞു.
നിരവധി ബംഗ്ലാദേശികൾ മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ടിരുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു. അടുത്തിടെ അറസ്റ്റിലായ നാല് ബംഗ്ലാദേശികളിൽ രണ്ട് പേർ അൽ-ഖ്വയ്ദ സ്ലീപ്പർ സെൽ പ്രവർത്തകരാണെന്ന് സംശയിക്കപ്പെടുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇതാണ് വ്യാപകമായ പരിശോധനയിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കസ്റ്റഡിയിലെടുത്ത എല്ലാ ബംഗ്ലാദേശികളെയും ആവശ്യമായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് പൊലീസ് മേധാവി അറിയിച്ചു. ബംഗ്ലാദേശികളിൽ ഭൂരിഭാഗവും വ്യാജ രേഖകൾ ഉപയോഗിച്ച് ഗുജറാത്തിലും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും സ്ഥിരതാമസമാക്കിയവരാണ്. അറസ്റ്റ് ചെയ്തവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു.
കൂടാതെ അനധികൃത കുടിയേറ്റക്കാർക്കായി അന്ത്യശാസനം പുറപ്പെടുവിച്ചു."എല്ലാ നിയമവിരുദ്ധ ബംഗ്ലാദേശി താമസക്കാർക്കും ഞാൻ വ്യക്തമായ മുന്നറിയിപ്പ് നൽകുന്നു - രണ്ട് ദിവസത്തിനുള്ളിൽ പോലീസ് സ്റ്റേഷനുകളിൽ സ്വമേധയാ കീഴടങ്ങുക, അല്ലെങ്കിൽ നിങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും," പൊലീസ് മേധാവി വികാസ് സഹായ് അറിയിച്ചു. നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുന്നവർക്കെതിരെയും ഞങ്ങൾ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.