അപകടത്തിനിടയാക്കിയ വാഹനത്തിൻ്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
കാനഡയിലെ വാൻകൂവറിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിറ്റുമുണ്ട്. എന്നാൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ചോ, പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ചോ ഉള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിനിടയാക്കിയ വാഹനത്തിൻ്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പതിനാറാം നൂറ്റാണ്ടിൽ ഫിലിപ്പീൻസിലെ കൊളോണിയൽ വിരുദ്ധ നേതാവിനെ അനുസ്മരിക്കുന്നതിനായി നടത്തുന്ന ലാപു ലാപു ദിനാഘോഷത്തിനിടെയാണ് അപകടം നടന്നത്. ഈസ്റ്റ് 41-ാമത് അവന്യൂവിനും ഫ്രേസർ സ്ട്രീറ്റിനും സമീപം പ്രാദേശിക സമയം രാത്രി 8 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് വാൻകൂവർ മേയർ കെൻ സിം പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ALSO READ: ഇറാൻ തുറമുഖത്തെ സ്ഫോടനം: 25 പേർ കൊല്ലപ്പെട്ടു, 800 ഓളം പേർക്ക് പരിക്ക്
അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ താൻ "തകർന്നു പോയെന്ന്" കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി പറഞ്ഞു. നിങ്ങളോടൊപ്പം ഞങ്ങളും ദുഃഖിക്കുന്നുവെന്നും മാർക് കാർണി കൂട്ടിച്ചേർത്തു. ആയിരക്കണക്കിന് ആളുകൾ അപകടം നടന്ന പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന് വാൻകൂവർ സൺ റിപ്പോർട്ടിനെ ഉദ്ദരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.