2008ൽ ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം ഷിക്കോപൂരിലെ ഭൂമി ഇടപാട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് റോബർട്ട് വദ്രയെ ഇഡി ചോദ്യം ചെയ്യുന്നത്
ഹരിയാനയിലെ ഗുരുഗ്രാം ഭൂമിയിടപാട് കേസിൽ വ്യവസായി റോബർട്ട് വദ്രയെ ഇന്നും ചോദ്യം ചെയ്യും. തുടർച്ചയായ മൂന്നാം ദിവസമാണ് വദ്രയെ ഇഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ അഞ്ചു മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.
ഇന്നലെ രാവിലെ 11 മണിക്ക് പങ്കാളിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് വ്യവസായി റോബർട്ട് വദ്ര രണ്ടാം ദിന ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലേക്ക് എത്തിയത്. പ്രിയങ്കയെ ആലിംഗനം ചെയ്താണ് വദ്ര ഇഡി ഓഫീസിലേക്ക് കയറിപ്പോയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ മാത്രമാണ് ഓഫീസിന് പുറത്തേക്ക് വദ്ര ഇറങ്ങിയത്. പിന്നീട് വൈകീട്ട് ആറ് മണിവരെ വദ്രയുടെ ചോദ്യം ചെയ്യൽ നീണ്ടു. ഇഡിക്കു മുന്നിൽ റോബർട്ട് വദ്ര നിരവധി ചോദ്യങ്ങൾ നേരിട്ടു.
Also Read: ജസ്റ്റിസ് ബി.ആർ. ഗവായ് അടുത്ത ചീഫ് ജസ്റ്റിസാകും; ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന
രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ള നീക്കമാണ് ഇഡിയുടേതെന്നാണ് വദ്ര ആരോപിക്കുന്നത്. സർക്കാരിന്റെ തെറ്റുകളെ ചൂണ്ടിക്കാട്ടുന്നവരെ സമ്മർദത്തിലാക്കുന്ന ഇത്തരം ഏജൻസികളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും വദ്ര പ്രതികരിച്ചു. താൻ ഇപ്പോൾ ജനങ്ങളുടെ ശബ്ദമാണ്, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന പ്രഖ്യാപനവും റോബർട്ട് വദ്ര നടത്തി.
2008ൽ ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം ഷിക്കോപൂരിലെ ഭൂമി ഇടപാട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് റോബർട്ട് വദ്രയെ ഇഡി ചോദ്യം ചെയ്യുന്നത്. 2008 ഫെബ്രുവരിയില്‍ വാദ്രയുടെ സ്ഥാപനമായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, ഓങ്കാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍ നിന്ന് 7.5 കോടി രൂപയ്ക്ക് ഷിക്കോപൂരിലെ 3.5 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. പിന്നീട് ഈ ഭൂമി 2012ൽ ഡിഎൽഎഫിന് 58 കോടിക്ക് മറിച്ചുവിറ്റു. ഈ ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്.