മകന്‍റെ മരണത്തിന് പിന്നില്‍ മന്ത്രവാദമാണെന്ന് സംശയിച്ച ഗുണ്ടാത്തലവനാണ് കൊലപാതകങ്ങള്‍ക്ക് പിന്നിൽ
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഹെയ്തിയില്‍ ഗുണ്ടാസംഘം കൊലപ്പെടുത്തിയത് 180ലധികം പേരെയാണ്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. മകന്‍റെ മരണത്തിന് പിന്നില്‍ മന്ത്രവാദമാണെന്ന് സംശയിച്ച ഗുണ്ടാത്തലവനാണ് കൊലപാതകങ്ങള്‍ക്ക് ഉത്തരവിട്ടത്.
ഹെയ്തി തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിലെ തീരപ്രദേശമേഖലയായ സിറ്റെ സ്വലെയിലാണ് കൂട്ടക്കൊല നടന്നത്. മാരകമായി മുറിവേല്‍പ്പിച്ചും, ജീവനോടെ തലയറുത്തും ക്രൂരമായായിരുന്നു കൊലപാതകങ്ങള്‍. കൊല്ലപ്പെട്ട 184 പേരില്‍ 127ഉം അറുപതിന് മുകളിൽ പ്രായമായവരാണ്. മറ്റുള്ളവർ കൊലപാതകത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരയായവർ. മരണസംഖ്യ 200ന് മുകളിലായേക്കാന്‍ സാധ്യതയുണ്ടെന്നും ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു.
ALSO READ: നെതന്യാഹുവിനെതിരായ അഴിമതിക്കേസ്: വിചാരണ ഇന്ന് ആരംഭിക്കും
വാർഫ് ജെറിമിയെന്ന ഗുണ്ടാസംഘത്തിന്‍റെ തലവനായ മികാനോ എന്ന മോണൽ മികാനോ ഫെലിക്സ് ആണ് കൊലപാതകങ്ങള്‍ക്ക് ഉത്തരവിട്ടത്. മികാനോയുടെ മകന് അപ്രതീക്ഷിതമായുണ്ടായ രോഗബാധയില്‍ നിന്നാണ് തുടക്കം. രോഗബാധയുടെ കാരണമന്വേഷിച്ച് വൂഡൂ മന്ത്രവാദിയുടെ ഉപദേശം തേടി മികാനോ. ചിലർ മികാനോയുടെ മകനെതിരെ ക്ഷുദ്രക്രിയകള്‍ ചെയ്തെന്ന് മന്ത്രവാദി ആരോപിച്ചു. പിന്നാലെ ഡിസംബർ 7ന് മികാനോയുടെ മകന്‍ മരണപ്പെട്ടു.
ഇതോടെയാണ് 60വയസിന് മുകളില്‍ പ്രായമുള്ളവരെ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഗുണ്ടാ സംഘം വേട്ടയാടിയത്. മകന്‍റെ മരണത്തിന് കാരണക്കാരെന്ന് വിധിച്ചവരെ സംഘാംഗങ്ങളെ ഉപയോഗിച്ച് കടത്തുകയും തന്‍റെ കേന്ദ്രത്തിലെത്തിച്ച് വധശിക്ഷ നടപ്പിലാക്കുകയും ചെയ്തു മികാനോ. തുടർന്ന് വികൃതമാക്കിയ മൃതദേഹങ്ങള്‍ തെരുവിലിട്ട് കത്തിച്ച് ഭീതി പടർത്തി.
ALSO READ: സിറിയയിലെ വിമത നേതൃത്വവുമായി ആശയവിനിമയം നടത്തി ഖത്തർ; ബന്ധം സ്ഥിരീകരിക്കുന്ന ആദ്യ അറബ് രാജ്യം
പതിറ്റാണ്ടുകളായി രാഷ്ട്രീയ അരക്ഷിതാവസ്ഥയിലുള്ള ഹെയ്തിയിലെ ഏറ്റവും ദരിദ്രമായ മേഖലകളിലൊന്നാണ് സിറ്റെ സ്വലെ. ഈ വർഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഹെന്‍ട്രിയെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ തലസ്ഥാനനഗരത്തിന്‍റെ 80 ശതമാനവും വിമത സംഘങ്ങള്‍ പിടിച്ചെടുത്തിയിരുന്നു. ഹെയ്തി സെെന്യത്തിനൊപ്പം കെനിയന്‍ പൊലീസിന്‍റെയും യുഎന്‍, യുഎസ് സുരക്ഷാസേനകളുടെയും നേതൃത്വത്തില്‍ ക്രമസമാധാനപാലനത്തിന് ശ്രമം നടക്കുന്നുണ്ടെങ്കിലും പ്രബലമായ ഗുണ്ടാ സംഘങ്ങളുടെ പിടിയിലാണ് മേഖല. ഈ വർഷം മാത്രം, 5000ത്തോളം കൊലപാതകങ്ങളാണ് ഗുണ്ടാസംഘങ്ങള്‍ നടത്തിയത്.