യൂത്ത് കോൺഗ്രസിന്റെ മുൻ ജില്ലാ സെക്രട്ടറിയായ ഗിരീഷിന് എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും വളരെ അടുപ്പമുണ്ട്
എം.കെ. ഗിരീഷ് കുമാർ
പാലക്കാട് കൊല്ലങ്കോട് പകുതിവില തട്ടിപ്പിന് ഇടനിലക്കാരനായി പ്രവർത്തിച്ച മുൻ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ വ്യാപക പരാതികൾ. നെന്മാറ സ്വദേശി എം.കെ. ഗിരീഷ്കുമാറിനെതിരെയാണ് പരാതികൾ ഉയരുന്നത്. നിരവധി വഞ്ചനാ കേസുകളിൽ പ്രതിയായ ഗിരീഷ് കുമാർ എല്ലാ രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. ഈ നേതാക്കളുമായുള്ള അടുപ്പം ദുരുപയോഗം ചെയ്താണ് ഗിരീഷ് കുമാർ തട്ടിപ്പ് നടത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
നെന്മാറ, കൊല്ലങ്കോട്, പാലക്കാട് മേഖലകളിൽ പകുതി വിലയ്ക്ക് സ്കൂട്ടർ പദ്ധതിയുടെ ഇടനിലക്കാരനായി പ്രവർത്തിച്ച എം.കെ. ഗിരീഷ് കുമാറിനെതിരെ കൊല്ലങ്കോട് പൊലീസ് സ്‌റ്റേഷനിൽ നിലവിൽ രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം എന്ന സംഘടനയുടെ ചെയർമാനാണ് ഗിരീഷ് കുമാർ. വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുളള കേസുകളിലും ഇയാൾ പ്രതിയാണ്. ഗിരീഷിൻ്റെ നിയന്ത്രണത്തിലുള്ള ചിറ്റൂർ താലൂക്ക് ക്ഷീര കർഷക തൊഴിലാളി കോ- ഓപ്പറേറ്റീവ് സൊസൈറ്റി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ടിട്ടും ഗിരീഷ് തയ്യാറാകുന്നില്ലെന്ന് കെട്ടിട ഉടമ പറയുന്നു. ഈ സൊസൈറ്റി കേന്ദ്രീകരിച്ചാണ് പകുതിവില പദ്ധതിക്ക് ആളുകളെ ചേർത്തത്. സ്കൂട്ടർ കിട്ടാതായതോടെ നിരവധി പേരാണ് സൊസൈറ്റിയിൽ പരാതിയുമായി എത്തുന്നത്.
യൂത്ത് കോൺഗ്രസിന്റെ മുൻ ജില്ലാ സെക്രട്ടറിയായ ഗിരീഷിന് എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും വളരെ അടുപ്പമുണ്ട്. ഇത് കൂടുതൽ സ്വീകാര്യത കിട്ടുന്നതിന് കാരണമാകുന്നു. സ്കൂട്ടറിനായി പണം നൽകിയവർക്ക്, പണം തിരിച്ചു നൽകുമെന്ന് ഗിരീഷ് പറയുന്നുണ്ടെങ്കിലും ഇയാളെ കാണാൻ കിട്ടുന്നില്ലെന്നാണ് പരാതിക്കാർ പറയുന്നത്.
അതേസമയം, പകുതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തട്ടിപ്പിൽ ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടെന്നാണ് അനന്തുകൃഷ്ണൻ പൊലീസിനു നൽകിയ മൊഴി. തട്ടിപ്പിൽ ഉൾപ്പെട്ട രാഷ്ട്രീയക്കാരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സായ് ട്രസ്റ്റ് ചെയർമാൻ ആനന്ത് കുമാറിനെതിരെ ഇന്ന് കേസെടുക്കാനും സാധ്യതയുണ്ട്. തട്ടിപ്പിൻ്റെ മുഖ്യസൂത്രധാരൻ ആനന്ത് കുമാറാണെന്ന് അനന്തു കൃഷ്ണൻ സൂചിപ്പിച്ചിരുന്നു.