കരുവന്നൂർ വിഷയവും തൃശൂർ പൂരവും തിരിച്ചടിക്ക് പ്രധാന കാരണം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ കനത്ത പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ തൃശ്ശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ്. കരുവന്നൂര്‍ വിഷയവും തൃശൂര്‍ പൂരവും തിരിച്ചടിക്ക് പ്രധാന കാരണമായെന്നും തോല്‍വിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും തിരഞ്ഞെടുപ്പ് വേളയില്‍ സുരേഷ് ഗോപിയെ പ്രശംസിച്ച മേയര്‍ എം.കെ വര്‍ഗീസ് രാജിവയ്ക്കണമെന്ന് എല്‍ ഡി എഫ് യോഗത്തില്‍ ആവശ്യപ്പെടുമെന്നും എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
17 എക്‌സിക്യൂട്ടീവ് അംഗങ്ങളും എല്‍ ഡി എഫ് നേരിട്ട കനത്ത പരാജയത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന് എതിരെയുണ്ടായ ഭരണ വിരുദ്ധ വികാരമാണെന്ന് വിമര്‍ശനം ഉന്നയിച്ചു. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയതും നെല്ല് സംഭരണം പാളിയതും സപ്ലൈക്കോ വിഷയവും ജനങ്ങളെ സര്‍ക്കാരില്‍ നിന്നകറ്റി. യോഗത്തില്‍ പങ്കെടുത്ത റവന്യൂ മന്ത്രി കെ രാജനും വിമര്‍ശനങ്ങളെ അംഗീകരിച്ചു. കരുവന്നൂര്‍ ബാങ്ക് കേസില്‍ പ്രതിയായ സി പി എം സംസ്ഥാന കമ്മറ്റി അംഗം എം.കെ കണ്ണനെ മണ്ഡലത്തിന്റെ ചുമതല ഏല്‍പ്പിച്ചതും കേസില്‍ ആരോപണ വിധേയരായ സി പി എം നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും തിരച്ചടിക്ക് കാരണമായെന്നും യോഗം വിലയിരുത്തി.
തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയെ മേയര്‍ എം. കെ വര്‍ഗീസ് പ്രശംസിച്ചതിലും യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മേയറുടെ രാജി ആവശ്യപ്പെട്ട് എല്‍ ഡി എഫിന് കത്ത് നല്‍കാനും എക്‌സിക്യൂട്ടീവില്‍ തീരുമാനമായി. എം.കെ വര്‍ഗീസ് രാജി വെക്കാന്‍ തയ്യാറായില്ലെങ്കില്‍ കോര്‍പ്പറേഷനിലെ സി പി എം കൗണ്‍സിലര്‍മാര്‍ പിന്തുണ പിന്‍വലിക്കാനും എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇന്ന് നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ എക്‌സിക്യൂട്ടീവിന്റെ തീരുമാനങ്ങള്‍ അവതരിപ്പിച്ചു. മേയര്‍ വിഷയത്തിലടക്കം കര്‍ശന നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ട് പോകാനാണ് ജില്ലാ കൗണ്‍സിലില്‍ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടത്.