ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെട്ട് വരുന്നതായാണ് ഡോക്ടർമാർ അറിയിച്ചത്
കലൂരിലെ നൃത്ത പരിപാടിക്കിടെ പരുക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് മന്ത്രി വീണാ ജോർജ്. അപകടം നേരിട്ട് ഏഴാം ദിവസം വെന്റിലേഷനിൽ നിന്നും മാറ്റാൻ സാധിച്ചു. പരസഹായത്തോടെ കസേരയിൽ ഇരിക്കുകയും നന്നായി സംസാരിക്കുകയും ചെയ്തു. മെഡിക്കൽ ബോർഡുകൾ ആരോഗ്യസ്ഥിതി കൃത്യമായി പരിശോധിക്കുന്നുണ്ട്. ഒരാഴ്ച കൂടി ഐസിയുവിൽ തുടരേണ്ടി വരുമെന്നും അതിന് ശേഷം ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം റൂമിലേക്ക് മാറ്റാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി ഉമാ തോമസിൻ്റെ മകൻ വിഷ്ണുവിനെ കണ്ട് സംസാരിച്ചു. ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെട്ട് വരികയാണ്. വേഗത്തിൽ തന്നെ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രശസ്ത കാർഡിയോ സർജറി വിദഗ്ഗനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എംഎൽഎയുടെ ചികിത്സ വിലയിരുത്തിവരികയാണ്. കൃത്യമായ രീതിയിൽ ചികിത്സ തുടരുന്നതായ സംഘം അറിയിച്ചു. മന്ത്രിയോടൊപ്പം അൻവർ സാദത്ത് എംഎൽഎ, എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, ചികിത്സിക്കുന്ന ഡോക്ടർമാർ എന്നിവരുമുണ്ടായിരുന്നു.
ALSO READ: ഉമ തോമസിന് പരുക്കേറ്റ സംഭവം: ഓസ്കർ ഇവൻ്റ്സ് ഉടമ പി.എസ്. ജെനീഷ് പിടിയിൽ
ഡിസംബർ 29ന് കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു.
അതേസമയം ഉമാ തോമസ് എംഎൽഎക്ക് പരുക്കേറ്റ സംഭവത്തിൽ ഓസ്കർ ഇവൻ്റ്സ് ഉടമ പി.എസ്. ജെനീഷ് അറസ്റ്റിലായി. തൃശൂരിൽ നിന്നാണ് പാലാരിവട്ടം പൊലീസ് ജെനീഷിനെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നെങ്കിലും ജെനീഷ് അത് പാലിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി.
ALSO READ: കലൂർ സ്റ്റേഡിയത്തിലെ അപകടം: ജിസിഡിഎ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും
ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന അഞ്ചാമത്തെ ആളാണ് ജെനീഷ്. മൃദംഗ വിഷൻ എംഡി നികോഷ് കുമാർ, സിഇഒ ഷമീർ, പരിപാടിക്ക് ക്രമീകരണമൊരുക്കിയ ഇവന്‍റ്സ് ഇന്ത്യ പ്രൊപ്രൈറ്റർ കൃഷ്ണകുമാർ, താൽക്കാലിക വേദി ഒരുക്കിയ ബെന്നി എന്നിവരെയാണ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നത്. ഇവർ നാല് പേർക്കും ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ ജാമ്യത്തിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജെനീഷിന്‍റെ അറസ്റ്റ് . പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും ആശുപത്രിയിൽ ചികിത്സയിലാണെന്ന് കാട്ടി ജെനീഷ് ഹാജരായിരുന്നില്ല.