വിനോദസഞ്ചാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്ക് മുമ്പാണ് ആലപ്പുഴ പൈതൃക പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുന്നത്
ജില്ലയുടെ പൗരാണിക പ്രൗഢി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ആലപ്പുഴ പൈതൃകപദ്ധതി പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നു. പദ്ധതിയ്ക്ക് അനുബന്ധമായി പൂർത്തിയാക്കുമെന്ന് പറഞ്ഞ മ്യൂസിയങ്ങളുടെ നിർമാണവും എങ്ങുമെത്തിയിട്ടില്ല. സഞ്ചാരികളെ ആകർഷിക്കാനായി ആവിഷ്കരിച്ച ബീച്ച് നവീകരണവും കടൽ പാല നിർമാണവും വാഗ്ദാനങ്ങളായി മാത്രം തുടരുകയാണ്.
വിനോദസഞ്ചാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്ക് മുമ്പാണ് ആലപ്പുഴ പൈതൃക പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുന്നത്. ആലപ്പുഴയിൽ എത്തുന്ന വിദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികൾ വേമ്പനാട്ടുകായലിൽ ഹൗസ്ബോട്ട് യാത്രനടത്തി മടങ്ങുകയാണ് പതിവ്. ഇതിന് മാറ്റം കൊണ്ടു വരികയായിരുന്നു പൈതൃക പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലയിലെ മ്യൂസിയങ്ങള്‍ നവീകരിക്കുന്നതിനൊപ്പം 21 മ്യൂസിയങ്ങൾ കൂടി നിർമിക്കുമെന്നായിരുന്നു വാഗ്ദാനം. ബീച്ചിലെ കടൽപ്പാല നിർമാണവും കനാൽ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനായി കനാലുകൾ വൃത്തിയാക്കുകയും ഇരു വശങ്ങളിലും ശില്പങ്ങൾ നിർമിക്കുകയും ചെയ്തു. എന്നാൽ ഇവ സംരക്ഷിക്കാന്‍ സർക്കാരിന് കഴിയാതെ വന്നതോടെ എല്ലാം കാടുകയറി നശിച്ചു പൊകുകയായിരുന്നു.
നവീകരണം പൂർത്തിയായ കയർ ചരിത്ര മ്യൂസിയം, യാൺ മ്യൂസിയം, ഇവിടുത്തെ സംഭരണകേന്ദ്രം തുടങ്ങിയവ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് കഴിഞ്ഞ വർഷം പറഞ്ഞെങ്കിലും ഇപ്പോഴും ഇതിൻ്റെ നിർമാണം പൂർത്തിയായിട്ടില്ല.
ആഘോഷമായി എത്തിച്ച ഇന്ത്യൻ നേവൽ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് IN FAC T-81 എന്ന അതിവേഗ യുദ്ധക്കപ്പലും ഇപ്പോൾ സംരക്ഷണം ഇല്ലാതെ നാശത്തിൻ്റെ വക്കിലാണ്. ഗോവ ഷിപ്യാർഡിൽ ഇസ്രയേലിൻ്റെ സഹകരണത്തോടെ നിർമിച്ച 25 മീറ്റർ നീളമുള്ള യുദ്ധക്കപ്പലാണിത്. ആലപ്പുഴയുടെ മുഖംമാറ്റുമെന്ന് പറഞ്ഞ് തുടങ്ങിയ പൈതൃക പദ്ധതിക്ക് ഇതുവരെ ടൂറിസത്തിന് കാര്യമായ സംഭവനകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല.