fbwpx
IMPACT | ആറളം ഫാമിലെ സ്വകാര്യവത്കരണം; സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Feb, 2025 06:13 PM

എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ.ടി ജോസും അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രടറി സി. പി. ഷൈജനും സമർപ്പിച്ച ഹർജിയിലാണ് നടപടി

KERALA


കണ്ണൂർ ആറളം ഫാമിൽ സ്വകാര്യവത്കരണ നീക്കത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ.ടി ജോസും അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രടറി സി. പി. ഷൈജനും സമർപ്പിച്ച ഹർജിയിലാണ് നടപടി. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ന്യൂസ് മലയാളമാണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്. മാനേജ്മെൻ്റിൻ്റെ നീക്കത്തിനെതിരെയാണ് സിപിഐയാണ് നിയമപോരാട്ടം നടത്തുന്നത്.



ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയും സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടുകയും ചെയ്‌തിട്ടുണ്ട്. രണ്ടാഴ്ചത്തെ സമയമാണ് കോടതി നൽകിയിട്ടുള്ളത്. വിഷയവുമായി ബന്ധപ്പെട്ട് സിപിഎം പ്രത്യക്ഷ സമരം നടത്തുന്നുണ്ട്. ഭൂമിയിൽ കുടിൽ കെട്ടി സമരം നടത്തുന്ന രീതിയും സമരക്കാർ നടത്തിയിരുന്നു. ആദിവാസികൾക്കായി അനുവദിച്ച ഭൂമിയാണ് ആറളത്ത് ഉള്ളത്. അത് ആ വിഭാഗത്തിന് അവകാശപ്പെട്ടതാണെന്നും, സ്വകാര്യ വ്യക്തികൾക്ക് ആ ഭൂമി നൽകരുതെന്നും സമരക്കാർ ആവശ്യപ്പെട്ടു.




ആറളത്തെ 2500 ഏക്കർ ഭൂമി സ്വകാര്യ സംരംഭകർക്ക് നൽകാനുള്ള മാനേജ്മെൻ്റ് നീക്കം ചെറുത്തതിന് പിന്നാലെയാണ് പ്രതിഷേധം രൂക്ഷമായത്. ഫാം ലാഭത്തിലാക്കാൻ വേണ്ടി എന്ന പേരിൽ 655 ഏക്കർ ഭൂമി ഇത്തരത്തിൽ ദീർഘ കാലത്തേക്ക് പാട്ടത്തിന് നൽകി കഴിഞ്ഞു. 50 കോടിയോളം രൂപ മുടക്കി ആദിവാസി വിഭാഗത്തിന് മാത്രമായി വാങ്ങിയ ഭൂമിയാണ് കൈമാറാൻ മാനേജ്മെൻ്റ് നീക്കം നടത്തിയത്.




1971ൽ കേരളത്തിന് കാർഷിക മേഖലയിലൊരു സംരംഭം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് മുന്നിലെത്തി അപേക്ഷ സമർപ്പിച്ചു. ഇതിനെത്തുടർന്ന് പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്താൻ സർക്കാരിന് നിർദേശം നൽകി. ഇതിന് കണ്ണൂർ ആറളത്ത് എ.കെ.കുഞ്ഞിമായിൻ, കനകത്തിടം വാഴുന്നവർ എന്നിവരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഭൂമി അനുയോജ്യമെന്ന് കണ്ടെത്തി.സി. അച്യുതമേനോൻ സർക്കാർ ഭൂപരിഷ്കരണ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ആ ഭൂമി ഏറ്റെടുത്തു. ആകെ 12,500 ഏക്കർ ഇതിൽ 5000 ഏക്കർ സംരക്ഷിത വനഭൂമിയായി മാറ്റിവെച്ചു. ബാക്കിയുള്ള ഭൂമി കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിലുള്ള ഫാമിങ് വകുപ്പിന് കൈമാറുകയും ചെയ്തു.



ഉദ്യോഗസ്ഥ ഭരണത്തിൽ പക്ഷേ ആർക്കും ഗുണമില്ലാതെ ഭൂമി അന്യാധീനപ്പെട്ടു. ഇതിനിടെ തൊഴിലാളി സമരങ്ങൾ പലകുറി നടന്നു. രണ്ടായിരമാണ്ടിൽ ആദിവാസി ഭൂസമരം കൊടുമ്പിരി കൊണ്ട സമയത്ത് ആൻ്റണി സർക്കാർ കേന്ദ്രത്തിൽ നിന്ന് 49.02 കോടി രൂപയ്ക്ക് ഈ ഭൂമി വാങ്ങി. 7500 ഏക്കർ ഭൂമിയിൽ പകുതി ആദിവാസി വിഭാഗങ്ങളുടെ പുനരധിവാസത്തിന് മാറ്റിവെച്ചു. മറുപകുതി ആറളം ഫാം ആയും മാറ്റി.



ഒന്ന് മുതൽ 6 വരെയും എട്ടും ബ്ലോക്കുകളായിരുന്നു ഫാം. ഫലഭൂയിഷ്ടമായ മണ്ണ് ഇങ്ങനെ നിലനിർത്തിയപ്പോൾ പാറക്കൂട്ടങ്ങൾ നിറഞ്ഞ വന്യജീവികൾ വിഹരിക്കുന്ന 9 മുതൽ 13 വരെ ബ്ലോക്കുകൾ ആദിവാസി വിഭാഗങ്ങൾക്ക് നൽകി. ആറളം ഫാമിങ് കോർപ്പറേഷൻ കേരള ലിമിറ്റഡ് എന്ന പേരിൽ ഫാമിൽ വിവിധ പദ്ധതികൾ നടപ്പാക്കി. ഒന്നും പച്ചപിടിക്കാതായതോടെയാണ് ഇപ്പോൾ നാമമാത്ര പണം വാങ്ങി ദീർഘകാല പാട്ടത്തിന് സ്വകാര്യവ്യക്തികൾക്ക് മുറിച്ചുനൽകുന്നത്.



ALSO READആറളം ഫാമിൽ സ്വകാര്യവത്കരണ നീക്കം ശക്തം; 2500 ഏക്കർ ഭൂമി സ്വകാര്യ സംരംഭകർക്ക് നൽകാൻ നീക്കം



ആകെ മുറിച്ചുനൽകാൻ തീരുമാനിച്ചത് 2500 ഏക്കർ. ഇതിൽ 655 ഏക്കർ ഇതിനകം മൂന്ന് സ്വകാര്യ സംരംഭക ഗ്രൂപ്പുകൾക്ക് നൽകിക്കഴിഞ്ഞു. 10 മുതൽ 30 വർഷം വരെയാണ് പാട്ട കാലാവധി. സംസ്ഥാന സർക്കാർ ആദിവാസി ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങുമ്പോൾ ഉണ്ടാക്കിയ ചട്ടങ്ങൾക്ക് എതിരാണ് സ്വകാര്യവൽക്കരണ നീക്കം എന്ന ആക്ഷേപമാണ് ഉയരുന്നത്.


ബെംഗളൂരു ആസ്ഥാനമായ ഗുഡ് എർത്ത് ഗ്രൂപ്പിനാണ് ഒന്നാം ബ്ലോക്കിലെ 530 ഏക്കർ നൽകുന്നത്. ഫാമിലേക്കുള്ള പ്രവേശന കവാടം കൂടിയായ മേഖലയിൽ ബോട്ടാണിക്കൽ ഗാർഡൻ, ഫാം ടൂറിസം, വൈവിധ്യകൃഷി തുടങ്ങിയവ നടത്തുമെന്നാണ് കരാർ. രണ്ടാം ബ്ലോക്കിൽ 100 ഏക്കർ ഭൂമി ഇരിട്ടി മാടത്തിൽ ആസ്ഥാനമായി അടുത്തിടെ രൂപംകൊണ്ട ബാവലി ഗ്രൂപ്പിന് നൽകി. ഹ്രസ്വ-ദീർഘകാല വിളകൾക്കൊപ്പം ഫാം ടൂറിസവും തടികൃഷിയുമാണ് ഇവരുടെ പദ്ധതി.


പാട്ടക്കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് നിസാര പണമാണ് സംരഭകർ ഫാമിലേക്ക് അടയ്‌ക്കേണ്ടത്. ഉദാഹരണത്തിന് ബാവലി ഗ്രൂപ്പ് എക്കോ ടൂറിസത്തിനായി ഏറ്റെടുക്കുന്ന പത്തേക്കറിന് അഞ്ചു വർഷം വരെ വെറും ഒന്നര ലക്ഷം രൂപയോ ലാഭത്തിൻ്റെ 15 ശതമാനമോ നൽകണമെന്നാണ് കരാർ. അതായത് പ്രാരംഭമായി ഒരു രൂപ പോലും മുടക്കാതെയാണ് ഭൂമി മുറിച്ചുനൽകുക. 25 ഏക്കർ സ്ഥലം ഏറണാകുളത്തെ സ്വകാര്യ സംരംഭകന് പന്നി ഫാം നടത്താനും ഇതിനിടെ നൽകിക്കഴിഞ്ഞു. ആദിവാസി-പട്ടിക വർഗ വിഭാഗങ്ങൾക്ക് നിയമപരമായി അവകാശപ്പെട്ട ഭൂമി നഷ്ടമാകുമെന്നും ഒരു ഗുണവും ഫാമിനില്ലെന്നുമാണ് ആദിവാസി സംഘടനകളുടെ വിമർശനം.



സ്വകാര്യ വ്യക്തികൾ ഭൂമി ഏറ്റെടുത്താൽ ആർക്ക് തൊഴിൽ നൽകണമെന്നത് അവരുടെ തീരുമാനമാകും. ആദിവാസികൾക്ക് അവകാശമുള്ള ഭൂമി അവർക്ക് അന്യമാകും. അവിടെ അവരുടെ തൊഴിലവകാശം പോലും നിഷേധിക്കപ്പെട്ടേക്കാം. 30 വർഷത്തെ കരാർ കാലാവധി പൂർത്തിയാകുമ്പോൾ സ്വകാര്യ വ്യക്തികൾ ഭൂമിയിൽ ഉടമസ്ഥാവകാശം ഉന്നയിക്കാനുള്ള സാധ്യതയും ആശങ്കയുണ്ടാക്കുന്നവയാണ്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെടൽ നടത്തിയിരിക്കുന്നത്.


KERALA
ആറ്റിങ്ങലില്‍ പതിമൂന്നുകാരിയെ മൂന്ന് കൊല്ലത്തിനിടെ പീഡിപ്പിച്ചത് അഞ്ച് പേര്‍; നാല് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍
Also Read
user
Share This

Popular

KERALA
WORLD
കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിലെ മരണം: അമ്മയുടെ മൃതദേഹം വെള്ളത്തുണികൊണ്ട് മൂടി പൂക്കള്‍ വിതറിയ നിലയില്‍; സമീപം ഹിന്ദിയില്‍ ഒരു കുറിപ്പും