രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി വെള്ളിയാഴ്ച ഒരുമിച്ച് പരിഗണിക്കും
കലൂരിൽ ഉമ തോമസ് എംഎൽഎ വീണ് പരുക്ക് പറ്റിയ സംഭവത്തിൽ പരിപാടിയുടെ സംഘാടകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി. മൃദംഗ വിഷന്‍ ഉടമ എം. നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ ജെനീഷ് പി.എസ്. എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലാണ് നടപടി. രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി വെള്ളിയാഴ്ച ഒരുമിച്ച് പരിഗണിക്കും.
അതേസമയം, പരിപാടിയിലെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ താരങ്ങളുടെ മൊഴിയെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ദിവ്യ ഉണ്ണിയേയും ദംഗ വിഷന്റെ രക്ഷാധികാരി സിജോയ് വർഗീസിനെയും ചോദ്യം ചെയ്യും. ഇരുവരുടെയും പങ്ക് അന്വേഷിക്കും. പങ്ക് ഉറപ്പായാൽ ഉടൻ നോട്ടിസ് നൽകുമെന്നും കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. തെറ്റ് ചെയ്ത ആർക്കും രക്ഷപ്പെടാനാവില്ലെന്നും ചുമത്തിയിരിക്കുന്നത് ശക്തമായ വകുപ്പുകളാണെന്നും കമ്മീഷണർ വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ പരുക്ക് പറ്റിയ എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് റെനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഉമ തോമസ് പറയുന്ന കാര്യങ്ങളോട് പ്രതികരിച്ചുവെന്നും കാലുകള്‍ അനക്കാന്‍ പറഞ്ഞപ്പോള്‍ അനക്കിയെന്നും ചിരിക്കാന്‍ പറഞ്ഞപ്പോള്‍ ചിരിച്ചുവെന്നും ഡോക്ടര്‍ കൃഷ്ണനുണ്ണി മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: കണ്ണ് തുറന്നു, ഉമ തോമസ് പ്രതികരിച്ചു; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍
ആറ് മണിയായപ്പോള്‍ സെഡേഷനുള്ള മരുന്ന് കുറച്ചു. പ്രതികരിക്കുന്നത് അറിയാനായാണ് കുറച്ചത്. ഇന്ന് രാവിലെ ഒരു ഏഴ് മണി ആയപ്പോള്‍ ഉമ തോമസ് ഉണര്‍ന്നു. നമ്മള്‍ പറയുന്നതിനോട് പ്രതികരിക്കുന്നുണ്ട്. മകന്‍ ചോദിക്കുന്നതിനോടൊക്കെ പ്രതികരിച്ചു. പ്രതികരണം മാത്രമേയുള്ളു. വായില്‍ ട്യൂബ് ഇട്ടതുകൊണ്ട് സംസാരിക്കാന്‍ പറ്റില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
കൈകൊണ്ട് മുറുക്കെ പിടിക്കാന്‍ പറഞ്ഞപ്പോള്‍ മുറുക്കെ പിടിച്ചു. തലച്ചോറില്‍ ഉണ്ടായ ക്ഷതങ്ങളില്‍ നേരിയ ഒരു ചെറിയ പുരോഗതി ഉണ്ട്. അത് ആശാവഹമായ ഒരു പുരോഗതി തന്നെയാണ്. ശ്വാസകോശത്തിനേറ്റ പരുക്കാണ് ഇപ്പോഴും ഒരു വെല്ലുവിളിയായി നില്‍ക്കുന്നത്. ഇന്ന് എടുത്ത എക്‌സ്‌റേയിലും നേരിയ പുരോഗതി കാണിക്കുന്നുണ്ട്. അതും ആശാവഹമാണെന്ന് ഡോക്ടര്‍ പറഞ്ഞു.