വിശദീകരണത്തിനായി കേന്ദ്രം കൂടുതൽ സമയം തേടിയതോടെയാണ് ഡിവിഷൻ ബെഞ്ചിന്‍റെ പരാമർശം.
വയനാട് ചൂരൽമലയെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. ചൂരൽമല -മുണ്ടക്കെ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനസഹായം വൈകുന്നതിൽ കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിനായി കേന്ദ്രം കൂടുതൽ സമയം തേടിയതോടെയാണ് ഡിവിഷൻ ബെഞ്ചിന്‍റെ പരാമർശം.
ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണനയ്ക്കെത്തിയപ്പോഴാണ് കേന്ദ്ര സർക്കാർ വിശദീകരണത്തിന് കൂടുതൽ സമയം ആവശ്യമാണെന്ന് വ്യക്തമാക്കിയത്. തുടർന്ന് അടുത്ത വെളളിയാഴ്ച ഹർജി പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ സഹായം സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നൽകണമെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു .
വയനാട് പുനരധിവാസം പൂർത്തിയാക്കാൻ ഒറ്റക്ക് സാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ കേന്ദ്ര സർക്കാർ ധനസഹായം അടിയന്തരമായി ഉറപ്പാക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
ഇതിനിടെ വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകിയെന്നും, വിഷയത്തിൽ കോടതി ഇടപെട്ട് നിയന്ത്രിക്കണമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പുനരധിവാസത്തിന് സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുകയായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചത് പുനരധിവാസ പ്രവർത്തനങ്ങളെ പിന്നോട്ടടിച്ചെന്നും എക്കൗണ്ട് ജനറൽ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തകരുടെ മനോവീര്യം തകരുന്ന സാഹചര്യമുണ്ടാക്കി. എന്നാൽ മാധ്യമങ്ങളെ നിയന്ത്രിക്കുന്നില്ലെന്നും കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ALSO READ: 'ലീഗിലേക്ക് ക്ഷണിച്ചതില്‍ സന്തോഷം, സാഹചര്യം വന്നാല്‍ ആലോചിക്കാം'; പി.എം.എ സലാമിന് അന്‍വറിൻ്റെ മറുപടി
അതേസമയം വയനാട് ധന സഹായം സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് ഉടൻ തീരുമാനം എടുക്കാമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയതായി കേരളത്തിൻ്റെ പ്രതിനിധി കെ വി തോമസ് അറിയിച്ചു. കേന്ദ്രത്തിൽ നിന്ന് വയനാടിന് അനുകൂലമായ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷയുണ്ട്. പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് ഉടൻ തീരുമാനമുണ്ടാകുമെന്ന് നിർമല സീതാരാമൻ ഉറപ്പ് നൽകിയിട്ടുണ്ട്. ദുരന്തത്തെ സംബന്ധിച്ച കൃത്യമായ രേഖകൾ കേരളം കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്രത്തിൻ്റെ സംഘവും, പ്രധാനമന്ത്രിയുമെത്തി പരിശോധന നടത്തുകയും ചെയ്തു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നെന്നും കെ.വി. തോമസ് വ്യക്തമാക്കി.