പെട്ടന്ന് ആവശ്യമെങ്കിൽ സ്വകാര്യ പരിശോധന കേന്ദ്രങ്ങളെ ആശ്രയിക്കാൻ നിർദേശിച്ചതായും അവർ കൂട്ടിച്ചേർത്തു
കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ സ്കാനിങ് വൈകുന്നതായി പരാതി. വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ വീട്ടയ്മ്മയ്ക്ക് മൂന്ന് മാസത്തിന് ശേഷം സ്കാനിങ് തീയതി നൽകിയെന്നാണ് പരാതി. പെട്ടന്ന് ആവശ്യമെങ്കിൽ സ്വകാര്യ പരിശോധന കേന്ദ്രങ്ങളെ ആശ്രയിക്കാൻ നിർദേശിച്ചതായും അവർ കൂട്ടിച്ചേർത്തു.
മെഡിക്കൽ കോളേജിൽ ഉള്ളത് രണ്ട് സ്കാനിങ് മെഷീനുകളാണെന്നും, ഒരു ദിവസം ഒരു മെഷീനിൽ 20 സ്കാനിങ് വരെ നടത്തുന്നുണ്ടെന്നാണ് കോളേജ് അധികൃകർ നൽകുന്ന വിശദീകരണം. രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായതും, ഡോക്ടർ അവധിയായതിനാലുമാണ് സ്കാനിങ് വൈകുന്നതെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. എമർജൻസി സിറ്റുവേഷൻ ഒഴികെ ബാക്കിയുള്ള എല്ലാ കേസുകളിലും, തീയതി അനുസരിച്ചാണ് സ്കാനിങ് നടത്തുന്നത്.
സ്കാനിങ്ങിന് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് സാധാരണക്കാരായ ആളുകളിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കും. സ്വാകാര്യ സ്ഥാപനങ്ങളിൽ സ്കാനിങ് നടത്തുമ്പോൾ ചുരുങ്ങിയത് 900 രൂപയെങ്കിലും ആവശ്യമായി വരുന്നു. 600 രൂപയ്ക്കാണ് മെഡിക്കൽ കോളേജിൽ ഈടാക്കുന്നത്. ആരോഗ്യ സ്കീമുകളിൽ ഉൾപ്പെടുന്നവർക്ക് സൗജന്യമായും ചികിത്സ നൽകുന്നുണ്ട്. നിലവിലെ സാഹചര്യം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ പ്രതികരണം. അവധി കഴിഞ്ഞ് ഡോക്ടർമാർ എത്തുന്നതോടെ ഈ സ്ഥിതി മാറുമെന്നും, രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.