അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടവുമായി സഹകരിക്കാമെന്നാണ് ഇന്ത്യയുടെ നിലപാട്. യുഎസിൽ താമസിക്കുന്ന അനധികൃത പൗരന്മാരെ കണ്ടെത്താനും തിരിച്ചയക്കാനുമുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു.
അമേരിക്കൻ പ്രസിഡൻ്റായി ചുമതലയേറ്റ ശേഷമുള്ള ട്രംപിൻ്റെ തീരുമാനങ്ങളിൽ ആശങ്കപ്പെടേണ്ടവരിൽ ഇന്ത്യക്കാരുമുണ്ട്. അനധികൃത കുടിയേറ്റത്തിലൂടെ അമേരിക്കയിലെത്തിയവരെ തിരിച്ചയക്കാൻ ഇന്ത്യ സഹകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ തീരുമാനത്തിലൂടെ ഇന്ത്യൻ സമൂഹത്തിന് ഭീഷണിയാകുന്ന മറ്റ് വിഷയങ്ങളിൽ അമേരിക്ക വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു. ജന്മാവകാശ പൗരത്വം കൂടി ഇല്ലാതാകുന്നതോടെ ആശങ്കയിലാകുന്നത് വലിയൊരു ജനസമൂഹമാണ്.
അനധികൃത കുടിയേറ്റം, ജന്മാവകാശ പൗരത്വം എന്നീ വിഷയങ്ങളിൽ ട്രംപിൻ്റെ ഉത്തരവുകൾ ഇന്ത്യൻ അമേരിക്കൻ ജനതയെയും സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടവുമായി സഹകരിക്കാമെന്നാണ് ഇന്ത്യയുടെ നിലപാട്. യുഎസിൽ താമസിക്കുന്ന അനധികൃത പൗരന്മാരെ കണ്ടെത്താനും തിരിച്ചയക്കാനുമുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു.
ഇതിനകം കണ്ടെത്തിയ 18,000 ഇന്ത്യക്കാരെ തിരിച്ചയക്കുമെന്ന് ബ്ലൂംബേർഗും റിപ്പോർട്ട് ചെയ്യുന്നു. ഈ സംഖ്യ ഉയർന്നേക്കാമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അനധികൃത കുടിയേറ്റത്തിൽ ഇന്ത്യ സഹകരിക്കുമ്പോൾ മറ്റ് വിഷയങ്ങളിൽ അമേരിക്ക വിട്ടുവീഴ്ച ചെയ്തേക്കുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ.
1968ൽ കൊണ്ടുവന്ന ജന്മാവകാശ പൗരത്വ നിയമത്തിലൂടെ അമേരിക്കയിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും അമേരിക്കൻ പൗരത്വം ലഭിക്കും. ഇതിൽ മാറ്റം കൊണ്ടുവരുന്നതോടെ അമേരിക്കയിലുള്ള വലിയൊരു ഇന്ത്യൻ ജനതക്കാണ് പൗരത്വം നഷ്ടപ്പെടുക. അമേരിക്കയിൽ അതിവേഗം വളരുന്ന ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിക്കും ട്രംപിൻ്റെ തീരുമാനം തിരിച്ചടിയാകും.
അമേരിക്കൻ പൗരത്വത്തിൻ്റെ മൂല്യവും അർഥവും ഉയർത്തിപ്പിടിക്കാനാണ് തീരുമാനമെന്നാണ് ട്രംപിൻ്റെ വാദം.എന്നാൽ ഈ തീരുമാനം അമേരിക്കയിലെ ജോലി വിപണിയിലും വലിയ സ്വാധീനം ചെലുത്തും. നിയമാനുസൃതമായി അമേരിക്കയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വരും വർഷങ്ങളിൽ വലിയ കുറവുണ്ടാകും.
പഠനത്തിലൂടെ മികച്ച ജോലി നേടാനായി അമേരിക്കയിലേക്ക് കുടിയേറുന്നവരുടെയും, ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി ജോലിക്കായി അമേരിക്കയിലേക്ക് പോകുന്നവരുടെയും എണ്ണത്തിൽ വലിയ ഇടിവ് നേരിടും. അമേരിക്കക്ക് പകരം പലരും കാനഡ, ഓസ്ട്രേലിയ ഉൾപ്പടെയുള്ള രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കും.
യു.എസ് സെൻസസ് ബ്യൂറോ പ്രകാരം അമേരിക്കയിൽ 2024ൽ, 5.4 മില്യൺ ഇന്ത്യൻ അമേരിക്കൻ ജനതയാണുള്ളത്. ഇത് അമേരിക്കൻ ജനസംഖ്യയുടെ 1.47 ശതമാനം മാത്രമാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2023ൽ അനുവദിച്ച 3,86,000 എച്ച്-1 ബി വിസകളിൽ ഏകദേശം നാലിൽ മൂന്നും ഇന്ത്യൻ പൗരന്മാരാണ്.
കഴിഞ്ഞ വർഷങ്ങളിലായി ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അമേരിക്കയുടെ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഡാറ്റ പ്രകാരം മൂന്ന് ശതമാനം മാത്രമാണ് ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ.