ജില്ലാ മെഡിക്കൽ ഓഫീസറോടും ആശുപത്രി സൂപ്രണ്ടിനോടും മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടിയിട്ടുണ്ട്
അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ നടപടിയെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് സൂപ്രണ്ടിന് മുന്നറിയിപ്പ് നൽകി. ജില്ലാ മെഡിക്കൽ ഓഫീസറോടും ആശുപത്രി സൂപ്രണ്ടിനോടും മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് അറിയിപ്പ്.
അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണം നടന്നത് ന്യൂസ് മലയാളം ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. രോഗികളെ ഡോക്ടർ ചികിത്സിക്കുന്നതിനിടെ ആയിരുന്നു സിനിമാ ചിത്രീകരണം. ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കളും അണിയറ പ്രവർത്തകരും ഉൾപ്പെടെ 50ഓളം പേരാണ് ചിത്രീകരണ സമയത്ത് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നത്.
സംഭവം വിവാദമായതോടെ തൊട്ടടുത്ത ദിവസം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ഷൂട്ടിംഗ് നിർത്തിവെയ്ക്കുകയായിരുന്നു. രണ്ടു ദിവസത്തേക്കാണ് ഷൂട്ടിന് അനുമതി നൽകിയതെന്നാണ് സൂപ്രണ്ട് അന്ന് വിശദീകരണം നൽകിയത്. തുടർന്നാണ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ കമ്മിഷൻ നേരിട്ട് വിളിച്ചുവരുത്തി ശാസിച്ചത്. രോഗികൾക്ക് പ്രയാസമുണ്ടാവുന്ന തരത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കമ്മിഷനംഗം വി.കെ. ബീനാകുമാരി മുന്നറിപ്പ് നൽകി.