നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, യുവതി മരിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ആംബുലൻസിന് വേണ്ടി വിളിപ്പിച്ചതെന്നും, ശ്വാസംമുട്ട് മൂലം മരിച്ച വയോധികയുടെ മൃതദേഹം കൊണ്ട് പോവാൻ ഉണ്ടെന്നാണ് പറഞ്ഞതെന്നും, ഡ്രൈവർ വെളിപ്പെടുത്തി.
മൃതദേഹം തുണിയിലും പായയിലും പൊതിഞ്ഞ നിലയിൽ ആയിരുന്നു. സിറാജുദ്ദീന്റെ സുഹൃത്ത് ആണ് ആംബുലൻസിൽ ഒപ്പം കയറിയത്. കൂടെ നവജാത കുഞ്ഞുമായി കാറിൽ സ്ത്രീകൾ ഉൾപ്പെടെ ആംബുലൻസിനെ അനുഗമിക്കുകയും ചെയ്തു. കുഞ്ഞ് കൂടെ ഉള്ള സ്ത്രീയുടേത് ആണെന്ന് തെറ്റിദ്ധരിച്ചുവെന്നും ഡ്രൈവർ വെളിപ്പെടുത്തി. പുലർച്ചെ മൂന്ന് മണിക്കാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയത്. പെരുമ്പാവൂരിലെ യുവതിയുടെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം മനസ്സിലായത് എന്നും ആംബുലൻസ് ഡ്രൈവർ അനിൽ വ്യക്തമാക്കിയിരുന്നു.
യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. യുവതിയുടെ മരണത്തിൽ ദുരൂഹത തോന്നിയ വീട്ടുകാർ ഭർത്താവിനെതിരെ പരാതി ഉയർത്തിയിരുന്നു. മലപ്പുറത്ത് ഗർഭിണിയുടെ മരണം അതീവ ഉള്ള വിഷയം എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചിരുന്നു. ചിലകാര്യം ബോധപൂർവം മറച്ചുവെക്കുന്നു.സംഭവം മനഃപൂർവമായ നരഹത്യ തന്നെയാണെന്നും മന്ത്രി പറഞ്ഞു.