തെരഞ്ഞെടുപ്പ് റാലികളില്‍ അസംബന്ധങ്ങള്‍ വിളിച്ചു പറയുന്നുവെന്ന ആരോപണത്തിനേയും ട്രംപ് പ്രതിരോധിച്ചു
രാഷ്ട്രീയ ലാഭത്തിനായി സൈനികരുടെ കല്ലറ സന്ദശിച്ചെന്ന ആരോപണം നിഷേധിച്ച് മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. തിങ്കളാഴ്ചയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയായ ട്രംപ് ആർലിങ്ടണ്‍ ദേശീയ സെമിത്തേരിയിലെ യുഎസ് സൈനികരുടെ കല്ലറ സന്ദർശിച്ചത്.
ട്രംപിന്‍റെ പ്രചരണ വിഭാഗം സൈനികരുടെ കല്ലറയെ പ്രചരണത്തിനായി ഉപയോഗിച്ചുവെന്ന് ആരോപിച്ച് യുഎസ് സൈന്യം രംഗത്തെത്തിയിരുന്നു. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ വെച്ചുണ്ടായ സുയിസൈഡ് ബോംബിങ്ങില്‍ മരിച്ച 13 യുഎസ് സൈനികരുടെ കല്ലറയ്ക്ക് സമീപം നിന്ന് ട്രംപും സൈനികരുടെ കുടുംബവും ഫോട്ടോകള്‍ എടുത്തിരുന്നു. ഇത് തടഞ്ഞ സെമിത്തേരി ജീവനക്കാരെ രണ്ട് റിപ്പബ്ലിക്കന്‍ പ്രവർത്തകർ തള്ളിമാറ്റിയെന്നും സൈന്യം ആരോപിച്ചു. കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് സെമിത്തേരി സന്ദർശിച്ചതെന്നും ഫോട്ടോ എടുത്തതെന്നും ട്രംപ് പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
ALSO READ: എക്സിനെ വിലക്കി ബ്രസീല്‍; ജനാധിപത്യം തകർക്കാനുള്ള ശ്രമമെന്ന് മസ്ക്
"എനിക്ക് പബ്ലിസിറ്റിയുടെ ആവശ്യമില്ല. അല്ലാതെ തന്നെ ഒരുപാട് പബ്ലിസിറ്റി കിട്ടുന്നുണ്ട്. പബ്ലിസിറ്റി കുറഞ്ഞ് കിട്ടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനായി ഒരു പിആർ ഏജന്‍റിനെ നിയമിക്കാനിരിക്കുകയാണ്", ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പ് റാലികളില്‍ അസംബന്ധങ്ങള്‍ വിളിച്ചു പറയുന്നുവെന്ന ആരോപണത്തിനേയും ട്രംപ് പ്രതിരോധിച്ചു. വളരെ സങ്കീർണമായ ആശയങ്ങളെ ഇഴതുന്നുകയാണെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. റാലിക്കൊടുവില്‍ മോഷ്ടിച്ചു കൊണ്ടുപോകാന്‍ പറ്റാത്ത അത്രയും വോട്ടുകള്‍ ചെയ്ത് വിജയിപ്പിക്കണമെന്നും അണികളോട് ട്രംപ് ആഹ്വാനം ചെയ്തു.