വിദ്യാർഥിനിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതിന് ശേഷമാണ് ബലാത്സംഗം ചെയ്തതതെന്നും യുവതി പൊലീസിൽ മൊഴി നൽകി
തിരുവനന്തപുരം കഴക്കൂട്ടത്ത് സിവിൽ സർവീസ് വിദ്യാർഥിനിയെ അപ്പാർട്മെൻ്റിൽ കയറി ബലാത്സംഗം ചെയ്ത സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡിപ്പിച്ചത് കാമുകൻ്റെ കൂട്ടുകാരനാണെന്ന് യുവതി പൊലീസിൽ മൊഴി നൽകി. വിദ്യാർഥിനിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതിന് ശേഷമാണ് ബലാത്സംഗം ചെയ്തതതെന്നും യുവതി പറയുന്നു. കാമുകനൊപ്പം എത്തിയായിരുന്നു വിദ്യാർഥിനി കഴിഞ്ഞ ദിവസം പരാതി നൽകിയത്.
കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുളത്തൂരിലെ അപ്പാർട്മെൻ്റിലായിരുന്നു സംഭവം. പെൺകുട്ടി മറ്റൊരു സുഹൃത്തിനൊപ്പമാണ് ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്. സംഭവം നടന്ന ദിവസം ഫ്ലാറ്റിൽ പെൺകുട്ടി തനിച്ചായിരുന്നു. അന്നേ ദിവസം രാത്രി കാമുകൻ്റെ സുഹൃത്ത് യുവതിയുമായി ബന്ധപ്പെട്ടിരുന്നു. കാമുകനെ കുറിച്ച് ചില രഹസ്യ വിവരങ്ങൾ നൽകാനെന്ന് പറഞ്ഞാണ് രാത്രി പതിനൊന്നോടെ ഇയാൾ അപ്പാർട്മെൻ്റിൽ എത്തിയത്.
പിന്നാലെ വിദ്യാർഥിനിയെ ഇയാൾ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഇക്കാര്യം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിൽ മൊഴി നൽകി.
പെൺകുട്ടിയുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂപ്പർ ദീപു എന്ന ദീപുവാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തിന് ശേഷം ദീപു കേരളം വിട്ടതായാണ് വിവരം. പീഡന ദൃശ്യം ദീപുവിൻ്റെ കൈവശം ഉണ്ടെന്നും വിദ്യാർഥിനി പൊലീസിന് മൊഴി നൽകി. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.