ചാംപ്യന്‍സ് ട്രോഫിയിലെ ലീഡ് റണ്‍ സ്കോറര്‍ എന്ന റെക്കോഡ് കൂടി കോഹ്‍ലി സ്വന്തമാക്കി
വിരാട് കോഹ്‍ലി
ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ സെമി ഫൈനലില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി സ്വന്തമാക്കിയത് ഒരു പിടി റെക്കോഡുകള്‍. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന രണ്ടാമത്തെ താരം, ഐസിസി ഏകദിന ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി, ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്നിങ്ങനെ റെക്കോഡുകളാണ് കോഹ്‌ലി തിരുത്തിയെഴുതിയത്.
നഥാന്‍ എല്ലിസിന്റെ ക്യാച്ചെടുത്തതോടെ, ഓസീസ് താരം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് കോഹ്‍ലി ക്യാച്ചുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ജോഷ് ഇംഗ്ലിസിന്റെ ക്യാച്ചെടുത്തതോടെ കോഹ്‍ലി പോണ്ടിങ്ങിനൊപ്പം എത്തിയിരുന്നു. 27-മത്തെ ഓവറില്‍ രവീന്ദ്ര ജഡേജയുടെ പന്തിലായിരുന്നു 12 പന്തില്‍ 11 റണ്‍സുമായി നിന്ന ഇംഗ്ലിസിന്റെ മടക്കം. 49-മത്തെ ഓവറിലായിരുന്നു എല്ലിസിന്റെ വിക്കറ്റ് വീണത്. മുഹമ്മദ് ഷമിയുടെ പന്തില്‍ ലോങ് ഓണില്‍ കോഹ്‍ലി ക്യാച്ചെടുക്കുകയായിരുന്നു.
ALSO READ: CHAMPIONS TROPHY 2025 | ഓസീസിനെ പാക്ക് ചെയ്തു; ഫൈനലില്‍ എതിരാളികളെ കാത്ത് ഇന്ത്യ
301 മത്സരങ്ങളില്‍ നിന്നായി 161 ക്യാച്ചുകളാണ് കോഹ്ലിക്കുള്ളത്. 375 മത്സരങ്ങളില്‍നിന്ന് 160 ക്യാച്ചുകളാണ് പോണ്ടിങ്ങിന്റെ പേരിലുള്ളത്. 448 മത്സരങ്ങളില്‍നിന്ന് 218 ക്യാച്ചുമായി ശ്രീലങ്കന്‍ താരം ജയവര്‍ധനെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ (156), റോസ് ടെയ്‌ലര്‍ (142) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. അതേസമയം, ഇപ്പോള്‍ കളിക്കുന്ന താരങ്ങളില്‍ ആരും തന്നെ ആദ്യ കോഹ്‌ലിയുടെ അടുത്തെങ്ങും ഇല്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 96 ക്യാച്ചുമായി 35-ാം സ്ഥാനത്താണ്.
സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടന്നാണ് ഐസിസി ഏകദിന ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡ് കോഹ്‍ലി സ്വന്തമാക്കിയത്. ഓസീസിനെതിരായ മത്സരത്തില്‍ കോഹ്‌ലി നേടിയത് ഐസിസി ഏകദിനത്തിലെ 24മത് അര്‍ധ സെഞ്ചുറിയായിരുന്നു ചാംപ്യന്‍സ് ട്രോഫിയിലെ ഏഴാമത്തെ ഫിഫ്റ്റിയും. 53 മത്സരത്തില്‍ നിന്നാണ് കോഹ്‍ലിയുടെ നേട്ടം. 58 മത്സരങ്ങളില്‍നിന്ന് 23 ഫിഫ്റ്റിയാണ് സച്ചിന്‍ സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (19), കുമാര്‍ സംഗക്കാര (17), റിക്കി പോണ്ടിങ് (16) എന്നിവരാണ് പട്ടികയില്‍ തൊട്ടുപിന്നിലുള്ളവര്‍.
ചാംപ്യന്‍സ് ട്രോഫിയിലെ ലീഡ് റണ്‍ സ്കോറര്‍ എന്ന റെക്കോഡ് കൂടി കോഹ്‍ലി സ്വന്തമാക്കി. 16 മത്സരങ്ങളില്‍ നിന്നായി 746 റണ്‍സാണ് കോഹ്‌ലിക്ക് സ്വന്തം. ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ 701 റണ്‍സ് എന്ന റെക്കോഡാണ് പഴങ്കഥയായത്. 10 മത്സരങ്ങളില്‍ നിന്നായിരുന്നു ധവാന്റെ സമ്പാദ്യം. സൗരവ് ഗാംഗുലി (665), രാഹുല്‍ ദ്രാവിഡ് (627), രോഹിത് ശര്‍മ (557) എന്നിവരാണ് പട്ടികയില്‍ പിന്നിലുള്ളവര്‍.