335 കൊലപാതകങ്ങളാണ് കേരളത്തിൽ കഴിഞ്ഞവർഷം നടന്നത്. 1101 കൊലപാതകശ്രമങ്ങളാണ് ഉണ്ടായത്. ഇതിൽ എത്രയെണ്ണത്തിലാണ് ലഹരി കാരണമായതെന്ന് അറിയാമോ. കഴിഞ്ഞ രണ്ടുമാസത്തിനിടെ നടന്ന 63 കൊലപാതകങ്ങളിൽ 30 എണ്ണവും ലഹരി ഉപയോഗിച്ച ശേഷം നടത്തിയതാണ്. കൊലപാതകങ്ങളിൽ പകുതിക്കടുത്ത് നടക്കുന്നത് ലഹരിയുടെ പ്രകമ്പനത്തിലാണെന്നാണ് കുറ്റപത്രങ്ങൾ കാണിക്കുന്നത്.
കാട്ടാനയുടേയും കടുവയുടേയും ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുമ്പോൾ ജനരോഷമുയരുന്ന സമയമാണ്. എന്നാൽ, 2024ൽ മനുഷ്യൻ മനുഷ്യനെകൊന്നത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്‍റെ പതിന്മടങ്ങാണ്. അതിൽ നല്ലൊരു പങ്കും ചെയ്തത് ലഹരി ഉപയോഗിച്ച ശേഷവും. 335 കൊലപാതകങ്ങളാണ് കേരളത്തിൽ കഴിഞ്ഞവർഷം നടന്നത്. 1101 കൊലപാതകശ്രമങ്ങളാണ് ഉണ്ടായത്. ഇതിൽ എത്രയെണ്ണത്തിലാണ് ലഹരി കാരണമായതെന്ന് അറിയാമോ. കഴിഞ്ഞ രണ്ടുമാസത്തിനിടെ നടന്ന 63 കൊലപാതകങ്ങളിൽ 30 എണ്ണവും ലഹരി ഉപയോഗിച്ച ശേഷം നടത്തിയതാണ്. കൊലപാതകങ്ങളിൽ പകുതിക്കടുത്ത് നടക്കുന്നത് ലഹരിയുടെ പ്രകമ്പനത്തിലാണെന്നാണ് കുറ്റപത്രങ്ങൾ കാണിക്കുന്നത്.
കേരളം സംഘടിക്കേണ്ടതും പ്രതിഷേധിക്കേണ്ടതും ആദ്യം ലഹരിക്കെതിരേയാണ്. ലഹരി ഉപയോഗിച്ച് വീട്ടിലിരുന്നാൽ കുഴപ്പമുണ്ടോ എന്ന ചോദ്യങ്ങൾ പോലും അപ്രസക്തമാണ്. മാതാവിനെ കൊല്ലുന്ന മക്കളും പിതാവിനെകൊല്ലുന്ന മക്കളും പങ്കാളിയെ വെട്ടുന്നവരുമെല്ലാം സിരകളിൽ ലഹരിയുമായി ചെയ്യുന്നതാണ്. നഞ്ചക്ക് വീശി തലയോട്ടിപൊട്ടിക്കാൻ തോന്നുന്ന ആ കൊലപാതക ലഹരി കടന്നുവരുന്നതും രാസലഹരിയുടെ വഴികളിൽ നിന്നാണ്.
സംസ്ഥാനത്ത് ഇപ്പോൾ നാം കേൾക്കുന്ന മിക്ക കൊലപാതക വാർത്തകളുടേയും ഒടുക്കം ഒരു വരിയുണ്ടാകും. പ്രതി ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇതല്ലെങ്കിൽ മറ്റൊരു വാചകമാകാം. പ്രതി മാനസിക പ്രശ്നങ്ങൾക്ക് ചികിൽസ തേടുന്നയാളാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതാണ് ഓരോ കൊലപാതക വാർത്തയേയും പിന്തുടർന്നു വരുന്ന ആ വാചകം. സാമാന്യബുദ്ധി ഉള്ളവർക്കാർക്കും കേരളത്തിൽ ഒരു കൊലപാതകം നടത്താൻ കഴിയില്ല. അതിനു കാരണം വിദ്യാഭ്യാസത്തിലൂടെ നാം ആർജിച്ച സാമൂഹിക ബോധമാണ്. കൊല തെറ്റാണെന്നും അതു ചെയ്യാൻ നമുക്ക് അവകാശമില്ലെന്നും എല്ലാവർക്കും അറിയാം. ആ ബോധത്തെ മറികടക്കുന്നത് ലഹരിയാണ്. അല്ലെങ്കിൽ ശരിയായ ചികിൽസ കിട്ടാത്ത മാനസിക രോഗങ്ങളാണ്.
Also Read; എൽഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ് തരൂർ; എം.വി. ഗോവിന്ദൻ
ഇപ്പോൾ വിദ്യാഭ്യാസത്തിലൂടെ ആർജിച്ച സാമൂഹിക ബോധത്തെ അപ്രസക്തമാക്കുന്ന നിലയിലേക്ക് ലഹരി വളരുകയാണ്. ആൾക്കൂട്ട കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും ഉണ്ടാകുന്നത് അങ്ങനെയാണ്. പത്തു വിദ്യാർത്ഥികൾ നിരന്നു നിന്നു തല്ലുമ്പോൾ 'വേണ്ടടാ, വിട്ടേക്ക്...' എന്നു പറയാൻ ഒരാൾ പോലും ഉണ്ടാകുന്നില്ല. വാട്സ് ആപ് ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാം സന്ദേശങ്ങളിലും കൊലപാതക ആഹ്വാനം വരുമ്പോൾ 'അതു പാപമാണ്, ചെയ്യരുത്' എന്ന് ആരും ഉപദേശിക്കുന്നില്ല. അവനെയൊക്കെ തട്ടിക്കളയുകയാണ് നല്ലത് എന്ന തോന്നൽ ഒരു ലഹരിയായി ഒരാളിലല്ല, ഒരുപാട് ആളുകളിലേക്ക് പടരുകയാണ്. ഇവിടെയാണ് കേരളം ഭയക്കേണ്ടത്.
കേരളത്തിൽ ഒരു കൊലപാതകമെങ്കിലും നടക്കാത്ത ഒരു ദിവസം പോലുമില്ല എന്നു പറയാം. കഴിഞ്ഞ പത്തുവർഷത്തിനിടെ ഓരോ വർഷവും 350 മുതൽ 370 വരെ കൊലപാതകങ്ങൾ ഇവിടെ നടക്കുന്നുണ്ട്. അതിൽ പകുതിക്കും കാരണം ലഹരിയാണ്. ഒളിച്ചുകടത്തുന്ന നിരോധിത ലഹരികളാണ് കാരണം എന്ന് കയ്യൊഴിയാനൊന്നും നിൽക്കേണ്ട. ബവ്റിജസിൽ നിന്നു വരിനിന്നു വാങ്ങുന്ന മദ്യം സേവിച്ചും കൊല നടത്തുന്നവർ കുറവല്ല. ബവ്റിജസുകൾക്കു മുന്നിൽ തന്നെ എത്ര ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും നടക്കുന്നു. പല ജോലിസ്ഥലങ്ങളിലേയും ശുചിമുറികളിൽ നിന്ന് ഉപയോഗിച്ച ശേഷം തുപ്പിക്കളയുകയും വലിച്ചെറിയുകയും ചെയ്യുന്ന ലഹരി ബാക്കികൾ കണ്ടെടുത്തു.
ഇത് ഒരു ദിവസം മാത്രമല്ല, തുടർച്ചയായ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ കണ്ടെത്തുന്നു. ഒരാൾ മാത്രമല്ല നിരവധി പേർ ഉപയോഗിക്കുന്നതായും കണ്ടെത്തുന്നു. ടെക്കികൾ മുതൽ മെയ്ക്കാടുമാർ വരെ ഇത് ഉപയോഗിക്കുന്നു. ഇൻഫോ, ടെക്നോ പാർക്കുകളിൽ മാത്രമല്ല, കെട്ടിട നിർമാണ സ്ഥലങ്ങളിലും രാസലഹരിയുടെ പായ്ക്കറ്റുകൾ ധാരാളമുണ്ട്. അതിഥി തൊഴിലാളികൾ മാത്രമല്ല, മലയാളികളും വ്യാപകമായി ഇവ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ലഹരി കടത്തുകേസിൽ അറസ്റ്റിലാകുന്നവരിൽ അഞ്ചിലൊന്ന് സ്ത്രീകൾ ആണ് എന്ന നിലയിലേക്കും കേസുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. മിക്ക ലഹരി റാക്കറ്റിനൊപ്പവും പെൺകുട്ടികൾ കൂടി പിടിയിലാകുന്നുണ്ട്.
2024ൽ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തത് 2901 ബലാൽസംഗക്കേസുകളാണ്. ഇതിൽ നല്ലൊരു പങ്കും ലഹരി ഉപയോഗിച്ച് ചെയ്തതാണ്. തട്ടിക്കൊണ്ടുപോകൽ കേസുകളിലും തീവയ്പ്പ് കേസുകളിലും മാത്രമല്ല, സ്ത്രീധന പീഡന കേസുകളിൽ പോലും പ്രതികൾ ലഹരി ഉപയോഗിച്ചാണ് പലപ്പോഴും പീഡിപ്പിക്കുന്നത്. 695 ലൈംഗിക അതിക്രമ കേസുകളിലെ പ്രതികളിൽ നല്ലൊരു പങ്കും ലഹരി ഉപയോഗിച്ചവരാണ്. ഭർത്താവും ബന്ധുക്കളും അതിക്രമം കാണിച്ച 4905 കേസുകളുണ്ട്. അതിലും നല്ലൊരു പങ്ക് ലഹരിക്കുണ്ട്.
സ്ത്രീത്വത്തെ അപമാനിച്ച 4286 കേസുകളിലും ലഹരിക്കുള്ള പങ്ക് ചെറുതല്ല. ഈ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് അറിയുന്നവരാണ് നമ്മുടെ തലമുറ. വിദ്യാഭ്യാസം കൊണ്ടുണ്ടായ ആ അറിവിനെ തമസ്കരിക്കുന്ന നിലയിലേക്ക് ലഹരി വളർന്നു കഴിഞ്ഞു. ഹയർസെക്കൻഡറിയുള്ള സ്കൂളുകളിൽ ബഹുഭൂരിപക്ഷവുമായി ബന്ധപ്പെട്ടു ലഹരിമരുന്നു ശൃംഖല പ്രവർത്തിക്കുന്നുണ്ട്. ചില അധ്യാപകർ പോലും ഈ ശൃംഖലയുടെ ഭാഗമാകുന്നുണ്ട്.കേരളത്തിൽ എല്ലാവിഭാഗത്തിലുമായി 1.98 ലക്ഷം ക്രിമിനൽ കേസുകളാണ് കഴിഞ്ഞവർഷം റജിസ്റ്റർ ചെയ്തത്. അതിൽ ഇരുപതു ശതമാനത്തിലേറെ ലഹരി ഉപയോഗിച്ചു നടത്തിയവയാണ് എന്നറിയാൽ എഫ്ഐആറുകളും കുറ്റപത്രങ്ങളും മറിച്ചുനോക്കിയാൽ മതി.
Also Read; അറുതിയില്ലാത്ത ആനക്കലി; നാട്ടാനകൾ ഇടയുന്നത് ആവർത്തിക്കുന്നതെന്ത്?
വയലൻസ് ആഘോഷിക്കുന്ന സിനിമകൾ ഉണ്ട്. അവ വിദ്യാർത്ഥികളെ സ്വാധീനിക്കുന്നത് ആക്രമ രീതികൾ അനുകരിക്കുന്നതിലാണ്. എന്നാൽ അതിക്രമത്തിന് കാരണമാകുന്നത് സിനിമകളാണെന്ന് തീർത്തു പറയാൻ കഴിയില്ല. സമൂഹത്തിൽ പൊതുവേ ബാധിച്ചിരിക്കുന്ന അരാജകത്വമാണ് അതിക്രമങ്ങളുടെയെല്ലാം കാരണം. ലഹരി ആ അരാജകത്വത്തെ വർദ്ധിപ്പിക്കുന്നു. നിസാര കാര്യത്തിനുപോലും അതിക്രമത്തിലേക്കു നീങ്ങുന്നവർ സിനിമകൾ കാണിച്ചുകൊടുക്കുന്ന വഴികൾ ഉപയോഗിക്കുന്നുണ്ടാകാം. അടിസ്ഥാന പ്രശ്നം സിനിമയല്ല. സിനിമയിൽ കാണുന്നതു ഭാവനയാണെന്നും അതു ജീവിതമല്ലെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകാനാണ് എല്ലാവരേയും സ്കൂളിൽ അയയ്ക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിലൂടെ തന്നെ ലഭിക്കുന്ന ബോധമാണത്.
പക്ഷേ, സംവിധായകൻ ഭാവനയിൽ കാണുന്നതെല്ലാം തലമുറ ജീവിതത്തിൽ അനുകരിക്കുന്നുണ്ടെങ്കിൽ അത് സമൂഹത്തിന്‍റെ പ്രശ്നമാണ്. മാനസിക ദൌർബല്യമുള്ളവർ നടത്തുന്ന കൊലപാതകങ്ങൾ ഒഴിവാക്കാനുള്ള മാർഗം മനശാസ്ത്ര ചികിൽസ ഉറപ്പാക്കുക എന്നതാണ്. തലവേദനയും നെഞ്ചുവേദനയും വരുമ്പോൾ ചികിൽസിക്കുന്നതുപോലെ തന്നെ മാനസിക പ്രശ്നങ്ങൾക്കും ചികിൽസ അനുവാര്യമാണ്. പിന്നെയുള്ളത് ലഹരിയാണ്. അതിന് ഒരു ചികിൽസയും ഫലിക്കില്ല. സമ്പൂർണമായ ഉന്മൂലനം മാത്രമാണ് പ്രതിവിധി. നമ്മുടെ സ്കൂളുകളിലെ കുട്ടികൾക്കൊന്നും ശരിയായ വിദ്യാഭ്യാസ കിട്ടാത്തതുകൊണ്ടല്ല വഴിതെറ്റുന്നത്. ശരിയല്ലാത്ത ലഹരിയും ചിന്തകളും കിട്ടുന്നതുകൊണ്ടാണ്. അധ്യാപകരുടെ കയ്യിൽ ചൂരൽ കൊടുത്തതുകൊണ്ടൊന്നും ഇതിനു പരിഹാരമാകില്ല. ശിക്ഷകരുടെ തലമുറയൊക്കെ എന്നെ അപ്രസക്തമായി കഴിഞ്ഞു. വഴിതെറ്റിക്കുന്ന ലഹരി തടയുന്നതിലാണ് സർക്കാരിന്‍റെ ഉത്തരവാദിത്തം കാണേണ്ടത്. പാഠ്യപദ്ധതി പരിഷ്കരിച്ചതുകൊണ്ട് അതു സാധ്യമാകണം എന്നില്ല.