fbwpx
CHAMPIONS TROPHY 2025 | ഓസീസിനെ പാക്ക് ചെയ്തു; ഫൈനലില്‍ എതിരാളികളെ കാത്ത് ഇന്ത്യ
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Mar, 2025 10:06 PM

അര്‍ധ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കെ.എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഓസീസില്‍നിന്ന് വിജയം തട്ടിയെടുത്തത്

Champions Trophy 2025

വിരാട് കോഹ്‌ലി


ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍. ആദ്യ സെമി ഫൈനലില്‍ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. മുഹമ്മദ് ഷമിയും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ട ഓസീസിനെ അര്‍ധ സെഞ്ചുറി നേടിയ വിരാട് കോഹ്‍ലിയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കെ.എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് പാക്ക് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 49.3 ഓവറിൽ 264 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഇന്ത്യ 48.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെടുത്തു. ഇന്ത്യന്‍ ബൗളര്‍മാര്‍ ആക്രമണം അഴിച്ചുവിട്ട മത്സരത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും അലക്സ് ക്യാരിയുടെയും അര്‍ധ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. നാളെ നടക്കുന്ന ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് രണ്ടാം സെമിയിലെ ജേതാക്കളെയാണ് ഫൈനലില്‍ ഇന്ത്യ നേരിടുക. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍.

വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്ക് അഞ്ചാം ഓവറില്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്റെ വിക്കറ്റ് വേഗം നഷ്ടപ്പെട്ടു. 11 പന്തില്‍ എട്ട് റണ്‍സുമായി നിന്ന ഗില്‍ ബെന്‍ ഡ്വാര്‍ഷസിന്റെ പന്തിലാണ് പുറത്തായത്. ഓഫ് സൈഡില്‍ വന്ന പന്ത് പിച്ച് ചെയ്ത് ബാറ്റില്‍ എഡ്ജ് ചെയ്ത് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. വമ്പനടികളുമായി കളം നിറയുന്നതിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വീണു. കൂപ്പര്‍ കൊണോളിയുടെ പന്തില്‍ രോഹിത് വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. 29 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 28 റണ്‍സായിരുന്നു രോഹിതിന്റെ സംഭാവന. പിന്നാലെ വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് സ്കോറിങ്ങിന് താളം കണ്ടെത്തി. 62 പന്തില്‍ 45 റണ്‍സുമായി നില്‍ക്കെ ആദം സാംപയുടെ പന്തില്‍ അയ്യരുടെ വിക്കറ്റ് വീണു.

അര്‍ധ സെഞ്ചുറി പന്നിട്ട കോഹ്‌ലിക്ക് കൂട്ടായി അക്സര്‍ പട്ടേല്‍ എത്തി. ഇരുവരും ചേര്‍ന്ന് സ്കോറിങ്ങിന് താളം കണ്ടെത്തുന്നതിനിടെ, അക്സര്‍ വീണു. 30 പന്തില്‍ 27 റണ്‍സെടുത്ത അക്സര്‍ നഥാന്‍ എല്ലിസിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. പിന്നീടെത്തിയ രാഹുലിനൊപ്പം ചേര്‍ന്ന് കോഹ്‌ലി ഇന്നിങ്സ് നയിച്ചു. ഐസിസി ഏകദിന ടൂര്‍ണമെന്റുകളിലെ അര്‍ധ സെഞ്ചുറിയുടെ എണ്ണത്തില്‍ സച്ചിനെ (23) മറികടന്ന കോഹ്‌ലി (24), ചാംപ്യന്‍സ് ട്രോഫി റണ്‍സിന്റെ കാര്യത്തില്‍ ശിഖര്‍ ധവാനെയും (701) മറികടന്ന് ഒന്നാമതെത്തി (746). എന്നാല്‍ സെഞ്ചുറിയിലേക്കുള്ള കുതിപ്പിനിടെ കോഹ്‌ലിക്ക് പിഴച്ചു. 43-ാം ഓവറിലെ നാലാം പന്തില്‍ കോഹ്‌ലി വീണു. ആദം സാംപയുടെ ഓഫ് സൈഡ് ഗൂഗ്ലിയില്‍ ആദം സാംപ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 

മികച്ച ഷോട്ടുമായി കളിയുടെ നിയന്ത്രണം ഏറ്റെടുത്ത വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിനൊപ്പം ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്നതോടെ സ്കോറിങ്ങിന് വേഗം കൂടി. കൂറ്റനടികളുമായി മുന്നേറുന്നതിനിടെ, പാണ്ഡ്യയുടെ വിക്കറ്റ് വീണു. 24 പന്തില്‍ ഒരു ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 28 റണ്‍സെടുത്ത പാണ്ഡ്യയെ നഥാന്‍ എല്ലിസ് മാക്സ്‌വെല്ലിന്റെ കൈയിലെത്തിക്കുകയായിരുന്നു. പിന്നീടെത്തിയ രവീന്ദ്ര ജഡേജയും രാഹുലും ചേര്‍ന്ന് അധിക വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. രാഹുല്‍ 34 പന്തില്‍ രണ്ട് ഫോറും സിക്സും ഉള്‍പ്പെടെ 42 റണ്‍സ് നേടി. ജഡേജ ഒരു പന്തില്‍ രണ്ട് റണ്‍സും നേടി.


ALSO READ: CHAMPIONS TROPHY 2025 | സ്മിത്തിനും അലക്സ് കാരിക്കും ഫിഫ്റ്റി, ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം


ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ടീമിനെ ഞെട്ടിച്ചുകൊണ്ട് മുഹമ്മദ് ഷമിയാണ് ആദ്യം വിക്കറ്റെടുത്തത്. ഓപ്പണർ കൂപ്പർ കൊണോളിയെ ഷമി പൂജ്യത്തിന് പുറത്താക്കി. ഒന്‍പത് പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാകാതിരുന്ന കൊണോളിയെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിൻ്റെ കൈകളിലെത്തിച്ചാണ് ഷമി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്. മൂന്നാം ഓവറിലെ അവസാന പന്തിലായിരുന്നു ആദ്യ ബ്രേക്ക് ത്രൂ. എന്നാൽ മറുവശത്ത് ഓപ്പണർ ട്രാവിസ് ഹെഡ് ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. 8.2 ഓവറിൽ 54 റൺസെടുത്ത് നിൽക്കെയാണ് രണ്ടാം വിക്കറ്റ് വീണത്. 33 പന്തിൽ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറും സഹിതം 39 റൺസെടുത്ത ഹെഡ്ഡിനെ വരുൺ ചക്രവർത്തി ഗില്ലിൻ്റെ കൈകളിലെത്തിച്ചു.

ഹെഡ് വീണെങ്കിലും, നായകൻ സ്റ്റീവ് സ്മിത്ത് മികച്ച ഷോട്ടുകളുമായി സ്കോർ ബോർഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. മാർനസ് ലബൂഷാൻ സ്മിത്തിന് മികച്ച പിന്തുണയുമായെത്തി. എന്നാല്‍, 29 റണ്‍സില്‍ നില്‍ക്കെ രവീന്ദ്ര ജഡേജയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ലബൂഷാന്‍ മടങ്ങി. പകരമെത്തിയ ജോഷ് ഇംഗ്ലിസിനും നിലയുറപ്പിക്കാനായില്ല. 11 റണ്‍സുമായി നിന്ന ഇംഗ്ലിസിനെ കോഹ‌്ലിയുടെ കൈയിലെത്തിച്ച് ജഡേജ കളി വീണ്ടും ഇന്ത്യക്ക് അനുകൂലമാക്കി. ഓസീസ് സ്കോര്‍ 26.6 ഓവറില്‍ നാല് വിക്കറ്റിന് 144 എന്ന നിലയിലായി. അപ്പോഴും കീഴടങ്ങാന്‍ കൂട്ടാക്കാതെ സ്മിത്ത് സ്കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍, 37-മത്തെ ഓവറില്‍ മുഹമ്മദ് ഷമിക്ക് മുന്നില്‍ സ്മിത്ത് വീണു. ഷമിയുടെ സ്ലോ യോര്‍ക്കറാണ് സ്മിത്തിന്റെ വിക്കറ്റ് തെറിപ്പിച്ചത്. സ്മിത്ത് 96 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 73 റണ്‍സെടുത്തു. ഗ്ലെന്‍ മാക്സ്‌വെല്ലിനും നിലയുറപ്പിക്കാന്‍ സാധിച്ചില്ല. ഒരു സിക്സിനു പിന്നാലെ, അക്സര്‍ പട്ടേല്‍ മാക്സ്‌വെല്ലിന്റെ കുറ്റി തെറിപ്പിച്ചു.


ALSO READ: നഥാന്‍ എല്ലിസിന്റെ ക്യാച്ചെടുത്ത കോഹ്‍ലി മറികടന്നത് പോണ്ടിങ്ങിന്റെ റെക്കോഡ്


അര്‍ധ സെഞ്ചുറിയുമായി കളം നിറഞ്ഞ് കളിക്കുന്നതിനിടെയാണ് അലക്സ് ക്യാരി റണ്ണൗട്ടില്‍ പുറത്താകുന്നത്. നേരിട്ടുള്ള ഏറിലൂടെ ശ്രേയസ് അയ്യരാണ് ക്യാരിക്ക് പുറത്തേക്കുള്ള വഴി കാണിച്ചത്. 57 പന്തില്‍ എട്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 61 റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു മടക്കം. പിന്നീടാര്‍ക്കും കാര്യമായ കൂട്ടുകെട്ട് കണ്ടെത്താനായില്ല. ബെന്‍ ഡ്വാര്‍ഷസ് (19), ആദം സാംപ (ഏഴ്), നഥാന്‍ എല്ലിസ് (10) എന്നിവരും വേഗം പുറത്തായി. തന്‍വീര്‍ സംഘ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും, രവീന്ദ്ര ജഡേജയും വരുൺ ചക്രവർത്തിയും രണ്ട് വീതവും, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

KERALA
ഏഴാറ്റുമുഖം ഗണപതിയുടെ കാര്യത്തിൽ ആശങ്കയൊഴിയുന്നു; കൊമ്പൻ്റെ കാലിൽ കാര്യമായ പരിക്കുകളില്ല
Also Read
user
Share This

Popular

WORLD
KERALA
WORLD
സെര്‍ബിയന്‍ പാര്‍ലമെന്റില്‍ പുകബോംബിട്ട് പ്രതിപക്ഷം; മൂന്ന് എംപിമാര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം