പുലികളി സംഘാടനവുമായി ബന്ധപ്പെട്ട് വിവിധ സംഘങ്ങളുടെ പ്രത്യേക യോഗം വിളിച്ച് ചേർക്കാനും കോർപ്പറേഷൻ യോഗത്തിൽ ധാരണയായി
തൃശൂരിൽ ഇത്തവണ പുലികളി നടത്താൻ തീരുമാനമായി. ഇന്ന് ചേർന്ന തൃശൂർ കോർപ്പറേഷൻ യോഗത്തിൽ തൃശൂരിൽ പുലികളി നടത്താൻ തീരുമാനിച്ചു. പുലികളിയുമായി ബന്ധപ്പെട്ട് വിവിധ സംഘങ്ങളുടെ പ്രത്യേക യോഗം വിളിച്ച് ചേർക്കാനും കോർപ്പറേഷൻ യോഗത്തിൽ ധാരണയായി.
പുലികളി സംഘങ്ങളുടെയും പ്രേമികളുടെയും പരാതികളെ തുടർന്നാണ് പുലികളി നടത്താൻ തടസ്സമില്ലന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചത്. ഇത്തവണ ആറ് സംഘങ്ങൾ മാത്രമാകും മത്സരത്തിനിറങ്ങുക. കോർപറേഷൻ തീരുമാനം വൈകിയതോടെ സ്പോൺസർഷിപ്പ് പ്രശ്നങ്ങൾ അടക്കം നേരിട്ട മൂന്ന് സംഘങ്ങൾ പിൻവാങ്ങിയിരുന്നു. ഇതിനെ തുടർന്നാണ് സംഘാടനവുമായി ബന്ധപ്പെട്ട് വിവിധ സംഘങ്ങളുടെ യോഗം വിളിക്കാൻ കോർപറേഷൻ തീരുമാനിച്ചത്.
ALSO READ: പുലികളി ഒഴിവാക്കിയാൽ വലിയ സാമ്പത്തിക ബാധ്യത; തീരുമാനം പുനഃപരിശോധിക്കാൻ നിവേദനവുമായി പുലിക്കളി സംഘങ്ങൾ
ആചാരപരമായി തടസ്സം ഇല്ലെങ്കിലും ആഘോഷത്തിന്റെ ഭാഗമായി വിവിധ സംഘങ്ങളും ക്ലബ്ബുകളും നടത്തുന്ന കുമ്മാട്ടിക്കളിക്കും കോർപ്പറേഷൻ അനുമതി നൽകിയിട്ടുണ്ട്. വിവിധ സംഘങ്ങൾക്കുള്ള ധനസഹായത്തിൽ ഇത്തവണയും തടസമുണ്ടാകില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ പുലിക്കളി ആഘോഷം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോർപറേഷൻ എന്നും മേയർ എം കെ വർഗീസ് അറിയിച്ചു.