മാലിദ്വീപിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ മാലദ്വീവിയൻ ഡെമോക്രാറ്റിക് പാർട്ടിയുമായി ചേർന്ന് പ്രസിഡന്‍റിനെ ഇംപീച്ചു ചെയ്യാന്‍ പദ്ധതിയിട്ടെന്നായിരുന്നു റിപ്പോർട്ട്
മാലിദ്വീപ് പ്രസിഡന്‍റിനെതിരായ അട്ടിമറി ഗൂഢാലോചന തള്ളി ഇന്ത്യ. വാഷിങ്‌ടണ്‍ പോസ്റ്റ് റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്നും ഇന്ത്യയോട് ശത്രുതാ മനോഭാവത്തോടുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയസ്വാൾ വ്യക്തമാക്കി. പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ അട്ടിമറിക്കാന്‍ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’ ഏജൻ്റിൻ്റെ സഹായത്തിലാണ് തേടിയെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ഇതിനു പകരം 6 മില്യൺ ഡോളർ ഇന്ത്യയിൽനിന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
മുയിസുവിൻ്റെ പാർലമെൻ്റിലെ 40 അംഗങ്ങൾ ഉൾപ്പെടെ ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, റിപ്പോർട്ടിലുണ്ട്. വാഷിങ്ടൺ പോസ്റ്റിന്റെ 'ഡെമോക്രാറ്റിക് റിന്യൂവൽ ഇനിഷ്യേറ്റീവ്'റിപ്പോർട്ടിലാണ് നിർണായക വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ഡിസംബർ 30നാണ്, മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിനെ അട്ടിമറിക്കാൻ ഇന്ത്യ ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണമടങ്ങുന്ന ലേഖനം വാഷിങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. മാലിദ്വീപിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ മാലിദ്വീവിയൻ ഡെമോക്രാറ്റിക് പാർട്ടിയുമായി ചേർന്ന് പ്രസിഡന്‍റിനെ ഇംപീച്ചു ചെയ്യാന്‍ പദ്ധതിയിട്ടെന്നായിരുന്നു റിപ്പോർട്ട്.
അതേസമയം, മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി തലവനും മുന്‍ മാലിദ്വീപ് പ്രസിഡൻ്റുമായിരുന്ന മുഹമ്മദ് നഷീദ് റിപ്പോർട്ടിനെ നേരത്തെ തന്നെ തള്ളിയിരുന്നു. അട്ടിമറി സംബന്ധിച്ച ഗൂഢാലോചനയെക്കുറിച്ച് അറിവില്ലെന്നും അത്തരമൊരു നീക്കത്തെ ഇന്ത്യ ഒരിക്കലും പിന്തുണയ്ക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അതേസമയം, റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങള്‍ക്കിപ്പുറമാണ് ഇന്ത്യ ഔദ്യോഗിക പ്രതികരണം നടത്തിയത്. മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഖലീൽ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയിരിക്കെയാണ് ഔദ്യോഗികപ്രതികരണമുണ്ടായത്.